ADVERTISEMENT

തൃശൂർ∙ തമിഴ്നാട് കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ താലൂക്ക് ഓഫിസില്‍ മന്ത്രി കെ.രാജന്‍ എത്തി നിയമന ഉത്തരവ് നേരിട്ട് കൈമാറി. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരാണ് മരിച്ചത്. തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണു പ്രദീപ്. പ്രദീപിന്റെ മരണത്തോടെ ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി.

1248-sreelakshmi

കിടപ്പിലായ അച്ഛനെയും കുടുംബത്തേയും പരിപാലിച്ചിരുന്ന പ്രദീപിന്റെ വിയോഗം കുടുംബത്തിന് താങ്ങാവുന്നതിലപ്പുറം ആയിരുന്നു. ഈ പ്രതിസന്ധി തിരിച്ചറിഞ്ഞ സ്ഥലം എംഎല്‍എയും റവന്യൂ മന്ത്രിയുമായ കെ.രാജന്‍, പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്ക്കു സര്‍ക്കാര്‍ ജോലി നല്‍കാന്‍ മുൻകൈ എടുത്തു.

മന്ത്രിസഭയുടെ അംഗീകാരം കിട്ടിയതോടെ ജോലിക്കാര്യം തീരുമാനമായി. എത്രയും വേഗം ജോലി നല്‍കാനായിരുന്നു മന്ത്രി കെ.രാജന്റെ ശ്രമം. സ്വന്തം വകുപ്പില്‍തന്നെ ജോലി നല്‍കി. തൃശൂര്‍ താലൂക്ക് ഓഫിസില്‍ ഉദ്യോഗസ്ഥയായി നിയമനം നല്‍കിയ ഉത്തരവ് നേരിട്ടാണ് മന്ത്രി കൈമാറിയത്. സര്‍ക്കാര്‍ ജോലി കിട്ടിയത് കുടുംബത്തിന് ഏറെ ആശ്വാസമാണെന്ന് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി പറഞ്ഞു. ഡിസംബര്‍ ഏഴിനായിരുന്നു ഹെലികോപ്റ്റര്‍ അപകടം. പ്രദീപിന്റെ വേര്‍പാട് സംഭവിച്ചിട്ട് രണ്ടു മാസം കൊണ്ടാണ് സര്‍ക്കാര്‍ ജോലിയുടെ കടമ്പകള്‍ പൂര്‍ത്തിയായത്.

English Summary: Wife of Junior Warrant Officer A Pradeep gets government job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com