Premium

‘എന്റെ ചുറ്റിലും മൃതദേഹങ്ങൾ’: ഭീകരതയുടെ 10 ദിവസം, ആ കുട്ടികൾക്ക് എന്തു സംഭവിക്കും?

HIGHLIGHTS
  • ഐഎസ് ഭീകരരെ പാർപ്പിച്ചിരിക്കുന്ന തടങ്കൽ കേന്ദ്രങ്ങളിൽ കുട്ടികളും
  • ജനുവരി 20ലെ ആക്രമണത്തിൽ ഗ്വൈറാൻ ജയിലിൽ സംഭവിച്ചതെന്ത്?
SYRIA-CONFLICT-KURDS-IS
ഗ്വൈറാൻ ജയിലിലെ ആക്രമണത്തെപ്പറ്റി എസ്‍ഡിഎഫ് വാർത്താസമ്മേളനം നടത്തുമ്പോൾ പുറത്തു കാവൽ നിൽക്കുന്ന വനിതാ സൈനികർ. ചിത്രം: AFP
SHARE

‘എന്റെ തലയിൽനിന്ന് ചോരയൊലിക്കുകയാണ്. സുഹൃത്തുക്കളെല്ലാം കൊല്ലപ്പെട്ടു. ചുറ്റിലും മൃതദേഹങ്ങളാണ്. അതിൽ കുട്ടികളുമുണ്ട്. സഹായിക്കണം. ഇവിടെനിന്ന് രക്ഷപ്പെടുത്തണം...’ ജനുവരി 20ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടന വാർത്താ ഏജൻസിക്കു കൈമാറിയ ശബ്ദസന്ദേശങ്ങളായിരുന്നു ഇവ. പേടികൊണ്ട് വിറച്ച ഒരു ചെറുപ്പക്കാരന്റെ ചിതറിയ ശബ്ദം. അതിന്റെ ഉറവിടം മനുഷ്യാവകാശ സംഘടനകൾക്കെല്ലാം അറിയാം. സിറിയയിലെ ഗ്വൈറാൻ ജയിൽ.

എന്നാല്‍ കഴിഞ്ഞ ദിവസം വരെ ഒരാൾ പോലും അവിടേക്കു കടന്നുചെന്നിരുന്നില്ല, അല്ലെങ്കിൽ അവർക്കു പോകാൻ സാധിച്ചിരുന്നില്ല. അവിടെ എന്താണു നടക്കുന്നതെന്നു പോലും ലോകം അറിഞ്ഞില്ല. പക്ഷേ ജനുവരി 20ന് അവിടെ നടന്ന സംഭവം ലോകത്തിനു മുഴുവൻ ഒരു മുന്നറിയിപ്പായിരുന്നു. മൂന്നു വർഷം മുൻപ് ഇറാഖിൽനിന്നും സിറിയയിൽനിന്നും തുടച്ചുമാറ്റിയെന്ന് വിശ്വസിക്കപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തിരിച്ചുവരവിനെപ്പറ്റിയായിരുന്നു ആ മുന്നറിയിപ്പ്. ജയിലിലേക്ക് ഇരച്ചെത്തിയ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ തങ്ങളുടെ കൂട്ടാളികളെ മോചിപ്പിക്കുന്നതിന് കനത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. അതു തുടർന്നത് പത്തു ദിവസത്തോളം.

ജനുവരി 30ഓടെ മാത്രമേ, യുഎസിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സിറിയൻ ഡമോക്രാറ്റിക് ഫോഴ്സസിനും (എസ്ഡിഎഫ്) യുഎസ് സൈന്യത്തിനും ജയിലിന്റെ നിയന്ത്രണം തിരിച്ചു പിടിക്കാനായുള്ളൂ. ആക്രമണത്തിനിടെ, എവിടെനിന്നോ ലഭിച്ച മൊബൈലിൽ ഒരു യുവാവ് അയച്ച ശബ്ദ സന്ദേശമായിരുന്നു ലോകത്തെ ഞെട്ടിച്ചത്. ആ ആക്രമണം നടന്ന് ഏതാനും ദിവസങ്ങൾക്കിപ്പുറം ഐഎസിന്റെ പുതിയ തലവൻ അബു ഇബ്രാഹിം അൽ–ഹാഷിമി അൽ–ഖുറൈഷിയെ സിറിയയിൽ വച്ചുതന്നെ യുഎസ് കൊലപ്പെടുത്തി. ഗ്വൈറാൻ ജയിലാക്രമണത്തിനു പിന്നിലും അബുവാണെന്ന് യുഎസ് വ്യക്തമാക്കുന്നു.

ജയിലാക്രമണത്തിലൂടെ ഐഎസിന്റെ തിരിച്ചുവരവ് ലോകം ഭയന്നെങ്കിലും അതിനു തലവനെ കൊലപ്പെടുത്തിത്തന്നെ യുഎസ് മറുപടി നൽകി. എന്നാൽ ഗ്വൈറാൻ ഉൾപ്പെടെയുള്ള തടങ്കൽ കേന്ദ്രങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിനു കുട്ടികളുടെ ഭാവി എന്താകും? ലോകത്ത് ഒരു കുട്ടിയും കഴിയാൻ പാടില്ലാത്തത്ര മോശം സാഹചര്യം എന്നാണ് ഗ്വൈറാൻ ജയിലിലെ സാഹചര്യങ്ങളെപ്പറ്റിയുള്ള വിലയിരുത്തൽ തന്നെ. ലോകത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന, ആശങ്കയോടെ ജീവിക്കുന്ന കുട്ടികൾ ഉള്ളയിടം എന്നും ഗ്വൈറാനെ പാശ്ചാത്യലോകം വിശേഷിപ്പിക്കുന്നു.

അത്തരമൊരിടത്ത് 10 ദിവസം നീണ്ട രക്തച്ചൊരിച്ചിലിനു സാക്ഷികളാകേണ്ടി വന്ന കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? പലർക്കും 9–12 വയസ്സാണു പ്രായം. ഈ ചോദ്യം ചോദിക്കുന്നത് ഐക്യരാഷ്ട്രസംഘടനയുടെ കീഴിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സംഘടനയായ യുനിസെഫ് (യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്) ആണ്. ആക്രമണത്തിനു ശേഷം ജയിൽ സന്ദർശിച്ച യുനിസെഫ് സംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. സന്ദർശനത്തിനു പിന്നാലെ അവർ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു– ‘എത്രയും പെട്ടെന്ന് ആ കുട്ടികളെ രക്ഷിക്കണം. അത്രയും മോശമാണ് അവരുടെ ജീവിത സാഹചര്യം...’

ആരാണ് ഗ്വൈറാൻ ജയിലിൽ താമസിക്കുന്ന കുട്ടികള്‍?

എസ്ഡിഎഫിനു കീഴിലുള്ള സിറിയയിലെ ഏറ്റവും വലിയ കരുതൽ തടവുകേന്ദ്രങ്ങളിലൊന്നാണ് ഗ്വൈറാന്‍. ഐഎസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവരും അവരുടെ കുട്ടികളും ഉൾപ്പെടെ മൂവായിരത്തോളം പേരെ അവിടെയാണു പാർ‌പ്പിച്ചിരിക്കുന്നത്. കുട്ടികളുടെ എണ്ണം മാത്രം അറുനൂറോളം വരും. ഐഎസ് വീണ്ടും ശക്തിയാർജിച്ചാൽ അവർ ഏറ്റവുമാദ്യം ലക്ഷ്യം വയ്ക്കുക അവരുടെ കൂട്ടാളികളെ പാർപ്പിച്ചിരിക്കുന്ന തടവുകേന്ദ്രങ്ങളാണെന്ന് യുഎസിനും സിറിയയ്ക്കും അറിയാം. അതിനാൽത്തന്നെ അതീവ സുരക്ഷയാണ് ഓരോ തടങ്കല്‍ കേന്ദ്രത്തിലും. അതു ഭേദിച്ചാണ് ജനുവരി 20ന് ഐഎസ് ഭീകരർ ഗ്വൈറാൻ ജയിലിലേക്ക് ഇരച്ചെത്തിയത്.

INDIA-IRAN-ISIS-PROTEST
ഐഎസ് മുൻ തലവൻ അബൂബക്ക്ർ അൽ ബഗ്ദാദിയുടെ ചിത്രമുള്ള പോസ്റ്റർ കത്തിക്കുന്ന പ്രതിഷേധക്കാർ. ചിത്രം: AFP

ബഗ്‌ദാദി കൊല്ലപ്പെട്ടതിനു ശേഷം ഐഎസ് നടത്തിയ ഏറ്റവും വലിയ ആക്രമണം എന്നുതന്നെ പറയാം. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു എല്ലാം. അങ്ങനെ പറയാനും കാരണമുണ്ട്– ജയിലിനകത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത് നിയന്ത്രിക്കാൻ സിറിയൻ സേന ശ്രമിക്കുന്നതിനിടെയായിരുന്നു പുറത്തുനിന്നുള്ള ഐഎസ് ആക്രമണം. അതിനിടെയായിരുന്നു ഓസ്ട്രേലിയക്കാരനായ പതിനേഴുകാരൻ എങ്ങനെയോ ഒളിച്ചു സൂക്ഷിച്ചിരുന്ന മൊബൈലിൽനിന്ന് സന്ദേശം പുറത്തേക്കയച്ചത്. ഒട്ടേറെ കുട്ടികൾ മരിച്ചെന്ന് അതിൽനിന്നുതന്നെ വ്യക്തം. ഇക്കാര്യം യുഎൻ ചിൽഡ്രൻസ് ഏജൻസി വക്താവ് ജൂലിയറ്റ് ടൂമയും സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടേറെ ആൺകുട്ടികളെ ആക്രമണത്തിനൊടുവിൽ കാണാതായെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചും പറയുന്നു.

ഭീകരതയുടെ പാഠശാലകൾ

ഇറാഖിലും സിറിയയിലും സ്വന്തം ‘സാമ്രാജ്യം’ സ്ഥാപിക്കാനാകും വിധം ഐഎസ് ശക്തിയാർജിച്ചപ്പോൾ സ്വന്തം രാജ്യം വിട്ട് ആ ഭീകരതയ്ക്കൊപ്പം ചേർന്ന ഒട്ടേറെ പേരുണ്ട്. 2014ൽ ഭൂഖണ്ഡഭേദമന്യേ ആയിരുന്നു അന്ന് ഐഎസിൽ ചേരാൻ പലരും എത്തിയത്. പലരും സ്വന്തം കുഞ്ഞുങ്ങളെയും ഒപ്പം കൂട്ടി. ചിലരാകട്ടെ ഇറാഖിലും സിറിയയിലും എത്തിയതിനു ശേഷം പ്രസവിച്ചു. ഈ കുട്ടികൾക്കെല്ലാം വേണ്ടി ഐഎസ് സ്വന്തം പാഠശാലകളും ഒരുക്കി. അവിടെ പഠിപ്പിച്ചതു പക്ഷേ ഭീകരതയുടെ പാഠങ്ങളായിരുന്നു. പുസ്തകത്തിനും പേനയ്ക്കും പകരം ബോംബും തോക്കുകളുമായിരുന്നു.

ഐഎസിന്റെ തേർവാഴ്ചയ്ക്കിടെ സ്ത്രീകളെയും പെൺകുട്ടികളെയും ഉൾപ്പെടെ ലൈംഗിക അടിമകളാക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തപ്പോൾ കുട്ടികളെയും യുവാക്കളെയും അവർ പരിശീലിപ്പിക്കുകയായിരുന്നു. അവർ പിന്നീട് ഐഎസിനു വേണ്ടി ചാകാൻ വരെ തയാറായ ചാവേറുകളായി. പലരുടെയും മനസ്സിൽനിന്ന് കാരുണ്യം എന്ന വികാരംതന്നെ ഐഎസ് തുടച്ചു കളഞ്ഞു. ഐഎസിന്റെ തടവിലായവരെ മുട്ടുകുത്തിനിർത്തിച്ച് കുട്ടികൾ തലയറുക്കുകയും വെടിവയ്ക്കുകയും ചെയ്യുന്ന വിഡിയോകളായിരുന്നു ഇതിന്റെയെല്ലാം ഏറ്റവും ഭീതിദമായ തെളിവ്.

AFGHANISTAN-CONFLICT
ചിത്രം: AFP

ഭീകരരുടെ ഒരു പുതിയ തലമുറയെ വാർത്തെടുക്കാനായിരുന്നു ശ്രമം. ‘ഐഎസിന്റെ സിംഹക്കുട്ടി’കളെന്നായിരുന്നു അന്ന് ഇവർക്കു ഭീകരർ നൽകിയിരുന്ന ഓമനപ്പേര്. എന്നാല്‍ ഈ കുട്ടികളിൽ ഭൂരിപക്ഷവും വൈകാതെതന്നെ യുഎസ്–എസ്ഡി‌എഫ് സഖ്യത്തിന്റെ പിടിയിൽപ്പെട്ടു. ഇവരെ വടക്കുകിഴക്കൻ സിറിയയിലെ ജയിലുകളിലേക്കും അയച്ചു. ഇവർക്കൊപ്പമായിരുന്നു ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങളെയും പാർപ്പിച്ചത്. അവിടെ അവരെ കാത്തിരുന്നതാകട്ടെ അക്രമവും ലൈംഗിക ചൂഷണവും ഉൾപ്പെടെയും!

പ്രായപൂർത്തിയാകുന്നതുവരെ ഈ കുട്ടികൾ രക്ഷിതാക്കൾക്കൊപ്പമായിരിക്കും. മുതിർന്നാൽ അവരെ രക്ഷിതാക്കളിൽനിന്നു മാറ്റുന്നതാണ് തടങ്കൽ കേന്ദ്രത്തിലെ രീതി. പിന്നീട് ഐഎസ് ഭീകരർക്കൊപ്പം കരുതൽ തടവു കേന്ദ്രങ്ങളിലാണ് അവർ. എന്നാൽ ‘പ്രായപൂർത്തി’ എന്നത് എത്ര വയസ്സാണെന്ന് ആരും പറയുന്നില്ല. ഗ്വൈറാനിൽ 12 വയസ്സു പ്രായമുള്ളവരെ വരെ ഐഎസ് ഭീകരർക്കൊപ്പം താമസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് പ്രകാരം ഗ്വൈറാനിൽ മാത്രം, പ്രായപൂർത്തിയാകാത്ത 600 കുട്ടികളുണ്ട്. അതിൽ പകുതി പേരും ഇറാഖികളും വിദേശികളുമാണ്. ഭൂരിപക്ഷം പേരുടെയും പ്രായം 14നും 17നും ഇടയ്ക്ക്.

islamic-state-file

ഇവരില്‍ എത്ര പേർക്ക് ഐഎസ് പരിശീലനം ലഭിച്ചിട്ടുണ്ടെന്നതോ ഇവർ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നത് ഇന്നും അവ്യക്തം. ഇത്തരക്കാരെ തിരിച്ച് പുറംലോകത്തേക്ക് അയച്ചാൽ സംഭവിക്കാവുന്ന പ്രശ്നങ്ങളും വിവിധ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽത്തന്നെ വിദേശത്തുനിന്ന് ഐഎസിൽ ചേരാനെത്തിയവരെ ഒരു രാജ്യവും തിരികെ വിളിക്കാൻ താൽപര്യം കാട്ടുന്നുമില്ല. പല രാജ്യങ്ങളോടും സിറിയ കുട്ടികളുടെ പ്രശ്നം ചൂണ്ടിക്കാട്ടിയതാണ്. ആയിരക്കണക്കിനു പേരെ ഇത്തരത്തിൽ തടവിൽ സൂക്ഷിച്ചാൽ ഭീകരരുടെ പുതിയൊരു തലമുറയായിരിക്കും സൃഷ്ടിക്കപ്പെടുകയെന്ന മുന്നറിയിപ്പും നൽകി. എന്നാല്‍ അറബ്–ഏഷ്യൻ–യൂറോപ്യൻ രാജ്യങ്ങളിലേറെയും ഇതിനു ചെവികൊടുത്തിട്ടില്ല.

എങ്ങനെ പുനരധിവസിപ്പിക്കും?

നിലവിൽ ഇരുപത്തിയഞ്ചോളം കരുതൽ തടവു കേന്ദ്രങ്ങളാണ് വടക്കുകിഴക്കൻ സിറിയയിലുള്ളത്. അതിൽ പതിനായിരത്തോളം ഐഎസ് ഭീകരർ ഉണ്ട്. ഇതിൽ രണ്ടായിരത്തോളം പേർ വിദേശികളാണ്, അതിൽത്തന്നെ യൂറോപ്പിൽനിന്ന് എണ്ണൂറോളം പേരുണ്ട്. കുപ്രസിദ്ധമായ അൽ–ഹോൾ ക്യാംപില്‍ മാത്രം 27,500 കുട്ടികളാണുള്ളത്. അതും 60 രാജ്യങ്ങളിൽനിന്നുള്ളവർ. ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങളെയാണ് ക്യാംപില്‍ പാർപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നവരെ മോചിപ്പിക്കാനാണ് ഐഎസിന്റെ നിലവിലെ ശ്രമം. അതിനുള്ള ആദ്യ വെടി അവർ പൊട്ടിച്ചതാകട്ടെ ഗ്വൈറാൻ ജയിലിലും.

എന്നാൽ കൃത്യമായി ഇവരെ പുനരധിവസിപ്പിക്കാനായാൽ പ്രശ്നങ്ങൾക്ക് അറുതി വരുമെന്നാണ് യുനിസെഫ് പറയുന്നുത്. കഴിഞ്ഞ ദിവസം ഗ്വൈറാൻ സന്ദർശിച്ച യുനിസെഫ് സംഘം അവിടുത്തെ കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെയായിരിക്കും വടക്കു കിഴക്കൻ സിറിയയിലെ തന്നെ മറ്റൊരു കേന്ദ്രത്തിലേക്കു തുടക്കത്തിൽ മാറ്റുക. ഇവരിൽ പലർക്കും 9 മുതൽ 12 വയസ്സു വരെയാണു പ്രായം. ‘

അടിസ്ഥാനപരമായി ലഭിക്കേണ്ട വളരെ കുറച്ചു സേവനങ്ങൾ മാത്രമേ ഈ കുട്ടികൾക്കു നിലവിൽ ലഭിക്കുന്നുള്ളൂ. അതൊഴിച്ചാൽ വളരെ ആപത്കരമായ സാഹചര്യത്തിലാണ് അവർ കഴിയുന്നത്. ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു പറഞ്ഞ് ഒരു കുട്ടിയെയും ഒരു കാരണവശാലും തടവിൽ പാർപ്പിക്കരുത്. അവരെ ഭീകരതയുടെ ഇരകളായി വേണം കണക്കാക്കേണ്ടത്. ഈ സാഹചര്യത്തിൽ വടക്കു കിഴക്കൻ സിറിയയിലെ എല്ലാ കരുതൽ തടങ്കൽ കേന്ദ്രങ്ങളിലെയും കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും വിദേശ രാജ്യങ്ങളിലെ കുട്ടികളുണ്ടെങ്കിൽ അവരെ ആ രാജ്യത്തേക്ക് എത്തിക്കാൻ നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട രാജ്യത്തോട് ആവശ്യപ്പെടുകയും ചെയ്യും.’ യുനിസെഫിന്റെ സിറിയൻ പ്രതിനിധി ബോ വിക്ടർ നൈലുൻഡ് പറയുന്നു.

ഇതുവരെ പ്രത്യേകം മാറ്റി പാർപ്പിച്ചിരുന്ന കുട്ടികൾ വരെ ജനുവരി 20ലെ ആക്രമണത്തിനു ശേഷം ഐഎസ് ഭീകരർക്കൊപ്പം കൂടിക്കലർന്ന അവസ്ഥയാണ്. അതിനാൽത്തന്നെ കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് അടിയന്തരമായി മാറ്റണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടിട്ടുണ്ട്. യുവാക്കളിൽ ചിലരാകട്ടെ ജയിൽ ചാടി. ചില കുട്ടികളെ മനുഷ്യ കവചങ്ങളായിപ്പോലും ആക്രമണത്തിനിടെ ഭീകരർ ഉപയോഗിച്ചു. ജനുവരി 20ലെ ആക്രമണത്തിൽ 77 ജയിൽ ഉദ്യോഗസ്ഥരും 40 എസ്ഡിഎഫ് അംഗങ്ങളും നാല് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. 374 ഐഎസ് ഭീകരരും തടങ്കലിൽ പാർപ്പിച്ചിരുന്ന മറ്റു ചിലരും കൊല്ലപ്പെട്ടവരിൽപ്പെടുന്നു.

എന്നാല്‍ മരിച്ചവരിൽ എത്ര കുട്ടികളുണ്ടെന്ന കണക്ക് എസ്ഡിഎഫ് പുറത്തുവിട്ടിട്ടില്ല. തടവിൽ കഴിയുന്ന കാനഡ സ്വദേശിയായ ഒരാൾ ന്യൂയോർക്ക് ടൈംസിനു നൽകിയ വിവരമനുസരിച്ച് പത്തോളം കുട്ടികൾ മരിച്ചിട്ടുണ്ട്. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട് ഉപയോഗിച്ച് വിഷയത്തിലേക്ക് രാജ്യാന്തര ശ്രദ്ധ കൊണ്ടുവരാനും കുട്ടികളെ സുരക്ഷിതമാക്കാനുമാണ് സിറിയയുടെ ഇപ്പോഴത്തെ ശ്രമം. എന്നാൽ രാജ്യങ്ങൾ വിസമ്മതിക്കുന്നതിനാൽ, അതെത്രമാത്രം വിജയിക്കുമെന്ന സംശയം നിരീക്ഷകരും പങ്കുവയ്ക്കുന്നു.

English Summary: Children in North-East Syria Prisons Live in Dire Conditions; Why the World Abandoned Them?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS