ADVERTISEMENT

കോഴിക്കോട്∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ യോഗിയുടെ വിമർശനം കേരളത്തിനെതിരാണെന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. 

കേരളം എല്ലാത്തിലും നമ്പർ വണ്ണാണെന്ന് പറയുന്ന പിണറായി വിജയൻ പിന്നെന്തിനാണ് ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിൽ പോയതെന്ന് പറയണം. സ്വർണ്ണക്കള്ളക്കടത്ത് നടത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോലും സ്വർണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.  ഭീകരവാദത്തോട് ഇവിടുത്തെ സർക്കാരിന് മൃദുസമീപനമാണുള്ളത്. ഐഎസിലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്മെൻ്റ് നടന്ന സ്ഥലം കേരളമാണ്. പിണറായി വിജയൻ സർക്കാരാണ് ഭീകരവാദികൾക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത്.

കോവിഡ് ടിപിആർ 50 ശതമാനം വരെ എത്തിയ നാണക്കേട് ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം. മരണ നിരക്കിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. മരണനിരക്ക് പൂഴ്ത്തിവെച്ച മനുഷ്യത്വവിരുദ്ധമായ സംസ്ഥാന സർക്കാരാണിത്. 

സ്ത്രീ പീഡന കേസിലും എസ്ടി -എസ്സി അതിക്രമങ്ങളിലും കേരളം നമ്പർ വണ്ണാണ്. ആറുമണി വാർത്താസമ്മേളനങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ വിമർശിക്കാറുള്ള പിണറായി വിജയൻ തിരിച്ച് വിമർശനം ഏറ്റുവാങ്ങുമ്പോൾ പ്രാദേശിക വികാരം കത്തിക്കുന്നത് ലജ്ജാകരമാണ്. സർക്കാർ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സുരേന്ദ്രന്റെ കുറിപ്പ്

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വർഗീയ ലഹള നടന്നിട്ടില്ല. ഒരാൾ പോലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവൻ ജയിലിലടച്ചു. പിന്നെ ടിപിആർ ഒരിക്കൽപോലും ഇരുപത് കടന്നിട്ടില്ല. ഒരു കോവിഡ് മരണവും മറച്ചുവച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലും അമേരിക്കയിൽ ചികിത്സക്കു പോയിട്ടില്ല. എല്ലാ ദിവസവും ആറുമണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ.

ബിജെപി വക്താവ് സന്ദീപ് വാരിയർ ഹിന്ദിയിലും ഇംഗ്ലീഷിലും മറുപടി നൽകി.  കേരളം ആരോഗ്യ രംഗത്ത് മുന്നിലാണെങ്കിലും മുഖ്യമന്ത്രിയുടെ ചികിൽസ അമേരിക്കയിലാണ്. കേരളം വിഭ്യാഭ്യാസത്തിൽ മുന്നിലാണെങ്കിലും മുഖ്യമന്ത്രിയുടെ മകൻ പഠിക്കുന്നത് ലണ്ടനിലാണ്. കേരളം വ്യവസായത്തിൽ മുന്നിലാണെങ്കിലും മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ്  ബെംഗളൂരുവിലാണെന്നുമാണ് സന്ദീപ് വാരിയറുടെ ഹിന്ദിയിലുള്ള മറുപടി. 

ആദിവാസിയായ മധുവിനെ കൊലചെയ്തതിൽ ഒരു അഭിഭാഷകനെ നിയമിക്കാൻ പോലും സംസ്ഥാന സർക്കാരിനായില്ലെന്നും എന്നാൽ സിപിഎം നടത്തുന്ന കൊലകൾക്ക് ലക്ഷങ്ങൾ ഖജനാവിൽ നിന്നെടുത്ത് ചെലവാക്കി അഭിഭാഷകനെ വയ്ക്കുന്നതാണ് കേരളത്തിലെ ക്രമസമാധാന മികവ് എന്നാണ് സന്ദീപിന്റെ കുറ്റപ്പെടുത്തൽ.   കേരളത്തിൽ ജീഹാദി തീവ്രവാദികൾ പിണറായിയുടെ തണലിൽ അഴിഞ്ഞാടുമ്പോൾ യോഗിയെ പേടിച്ച് അവർ ഭയന്ന് ജയിലിലേക്ക് കയറുകയാണെന്നും സന്ദീപ് ട്വീറ്റിൽ വ്യക്തമാക്കുന്നു. 

English Summary: K. Surendran FB post over Yogi Adityanath issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com