കേരളം ലോക മാതൃക; നേട്ടങ്ങൾ യോഗിയെ ഭയപ്പെടുത്തുന്നുണ്ടാകണം: പിണറായി

pinarayi-vijayan-yogi-adityanath
SHARE

തിരുവനന്തപുരം∙ സാമൂഹിക ജീവിതത്തിന്റെ ഏതു സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തിനൊപ്പം എത്താൻ ഉത്തർപ്രദേശിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ബിജെപി നേതാവും ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയുമായ  യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകണം എന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളം പോലെ ആകാതിരിക്കാൻ ശ്രദ്ധിച്ചു വോട്ട് ചെയ്യണമെന്നു അദ്ദേഹം അവിടുത്തെ ജനങ്ങൾക്ക് നൽകിയ നിർദേശം ആശ്ചര്യകരം ആണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ബിജെപിയുടേത്  പുരോഗതിയെയും പുരോഗമന സമീപനങ്ങളെയും തിരസ്കരിക്കുന്നതും വിദ്വേഷത്തിൽ കെട്ടിപ്പൊക്കിയതുമായ രാഷ്ട്രീയമാണ്. 

രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ യുപി എല്ലാ സൂചികകളിലും കേരളത്തിന്റെ നിലവാരത്തിലേക്ക് എത്തിയാൽ നമ്മുടെ രാജ്യത്തിന്റെ തന്നെ  നിലവാരം വികസിത രാജ്യങ്ങൾക്കൊപ്പം ആകും. 

ഇതു മനസ്സിലാക്കാൻ കഴിയാത്ത സഹതാപ അർഹമായ പിന്തിരിപ്പൻ രാഷ്ട്രീയമാണിത്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘപരിവാർ ആഗ്രഹിക്കുന്നത് കേരളത്തെ യുപിയെ പോലെ ആക്കാൻ ആണ്.

വർഗീയ രാഷ്ട്രീയത്തിനു വളരാൻ സാധിക്കാത്ത വിധം മതനിരപേക്ഷകതയും ജനാധിപത്യവും ആധുനിക മൂല്യങ്ങളും കൊണ്ടു തീർത്ത ശക്തമായ സാമൂഹിക അടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്. അതുകൊണ്ടു തന്നെ കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജൻഡകളിൽ ഒന്നാണ്. അതിന്റെ തികട്ടലാണ് ഈ പരാമർശത്തിലൂടെ പുറത്തു വന്നത്.

എൽഡിഎഫ് സർക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടത് ഭരണ നേട്ടങ്ങൾ അക്കമിട്ടു പറഞ്ഞും പ്രകടന പത്രിക മുൻനിർത്തിയുമാണ്. അതാണ് ശരിയായ രാഷ്ട്രീയ സമീപനം. അങ്ങനെ പറയാൻ സാധിക്കാത്തതു കൊണ്ടോ ജനങ്ങളുടെ രോഷം ഭയന്നോ ആകാം  കേരളത്തിനു നേരെ ആക്ഷേപം ഉന്നയിക്കാൻ അദ്ദേഹം തയാറായത്.യുപിയിലെ ജനങ്ങൾക്ക് കേരളത്തിനോട് കിടപിടിക്കുന്ന പുരോഗതി ആർജിക്കാൻ തക്ക ശ്രദ്ധക്കുറവ് ഉണ്ടാകട്ടെ എന്ന് താൻ ആശിക്കുന്നു.

ഏതു മാനദണ്ഡം എടുത്തു നോക്കിയാലും കേരളം  ഇന്ത്യയിൽ മുൻനിരയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുർദൈർഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹിക സുരക്ഷ തുടങ്ങി ജീവിതനിലവാരത്തിന്റെ മിക്ക സൂചികകളിലും ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതു കേന്ദ്രവും വിവിധ ഏജൻസികളും ലോകവും അംഗീകരിച്ചതാണ്. എന്നിട്ടും  യുപി കേരളം പോലെയാകരുത് എന്നാണ് യോഗി  ആഗ്രഹിക്കുന്നത്.

നിതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം  രാജ്യത്ത് ഏറ്റവും കുറച്ചു ദരിദ്രർ ഉള്ള സംസ്ഥാനം കേരളമാണ്. നിതി ആയോഗിന്റെ തന്നെ 2020-21-ലെ സുസ്ഥിര വികസന സൂചികയിൽ മികച്ച സ്ഥാനം കരസ്ഥമാക്കിയത് കേരളമാണ്. കേരളത്തിൽ 98.1% വീടുകളിലും ശുചിത്വ സൗകര്യങ്ങളുണ്ട്. 97.9% സ്ത്രീകൾ സാക്ഷരർ ആണ്. 

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ളത് കേരളത്തിലാണ്. ശിശുമരണ നിരക്ക് 6 ആണ്. വികസിത രാജ്യമായ യുഎസിന് ഒപ്പം നിൽക്കുന്ന കണക്കാണിത്.2019-20-ലെ നിതി ആയോഗ് ആരോഗ്യ സൂചികയിൽ കേരളത്തിന്റെ ഹെൽത്ത് ഇൻഡക്സ് സ്കോർ 82.2 ആണ്. 2021-ലെ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ ഭരണനിർവഹണം നടത്തുന്ന സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതും കേരളമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

English Summary: Pinarayi Vijayan sharpens attack on Yogi Adityanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA