ADVERTISEMENT

തിരുവനന്തപുരം ∙ അലങ്കാര ചെടികൾ വിൽക്കുന്ന കടയിലെ ജോലിക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശി വിനീത വിജയനെ (38) കൊലപ്പെടുത്തിയ കേസിലെ പ്രതി കന്യാകുമാരി ജില്ലയിൽ തോവാള വെള്ളമഠം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്രൻ (49) പിടിയിലായി.

തമിഴ്നാട് അരൽവായ്മൊഴി സ്റ്റേഷന്‍ പരിധിയില്‍ കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസും, കന്യാകുമാരി സ്റ്റേഷനില്‍ രണ്ടു കൊലക്കേസുകളും ഉള്‍പ്പെടെ നാലു കൊലപാതക കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. അമ്പത്തൂര്‍, തൂത്തുക്കുടി, തിരുപ്പൂര്‍ തുടങ്ങിയ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകളിലും പ്രതിയാണ്.

തമിഴ്നാട്ടില്‍ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണെന്നു പൊലീസ് പറഞ്ഞു. കൊലപാതക കേസിലെ വിചാരണ തുടങ്ങുന്നതിനു മുൻപ് ഇയാൾ കേരളത്തിലേക്കു കടന്ന് പേരൂർക്കടയിലെ ഹോട്ടലിൽ സപ്ലെയറായി ജോലി ചെയ്യുകയായിരുന്നു. കൊലപാതകത്തിനുശേഷം തമിഴ്നാട്ടിലേക്കു കടന്ന ഇയാൾ വീണ്ടും ഹോട്ടലില്‍ തിരിച്ചെത്തി. കൊലപാതകത്തിനിടെ കയ്യിൽ ഉണ്ടായ മുറിവ്, ജോലിക്കിടെ സംഭവിച്ചതാണെന്നാണ് ഹോട്ടൽ ഉടമയോട് പറഞ്ഞത്.

ഹോട്ടൽ ഉടമയെയും കൂട്ടി ഇയാള്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. പിന്നീട് വീണ്ടും നാട്ടിലേക്കു മടങ്ങി. ചോദ്യം ചെയ്യലിനിടെ പലതവണ പ്രതി കാര്യങ്ങൾ മാറ്റിപ്പറഞ്ഞത് പൊലീസിനു വെല്ലുവിളിയായി. സാക്ഷി ഇല്ലാതിരുന്നത് അന്വേഷണത്തെ ബാധിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആളെ കണ്ടെത്തിയത്.

കൊലപാതകത്തിനുശേഷം ഇയാൾ പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പേരൂർക്കട ഭാഗത്ത് ഹോട്ടലിൽ ജോലി ചെയ്യുന്നതായി മനസ്സിലാക്കി. തുടർന്ന് ഫോൺ ലൊക്കേഷൻ പിന്തുടർന്ന് തമിഴ്നാട്ടിൽനിന്നാണ് പിടികൂടിയത്. ഒരു മാസം മുൻപാണ് ഇയാൾ ഹോട്ടലിൽ ജോലിക്കു കയറിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം നടന്നത്.‌

ലോക്ഡൗണായതിനാൽ ഹോട്ടൽ തുറന്നിരുന്നില്ല. ക്രിമിനൽ പ്രവർത്തനം ചെയ്യാനായി സ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനിടയിലാണ് ചെടികൾ വിൽക്കുന്ന അമ്പലംമുക്ക്–കുറവൻകോണം റോഡിലെ കട ശ്രദ്ധയിൽപ്പെടുന്നത്. പണത്തിനുവേണ്ടി മോഷണം നടത്തുന്നതു വിനീത ചെറുത്തുനിന്നതോടെ കുത്തിക്കൊല്ലുകയായിരുന്നു. 4 പവനോളമുള്ള മാല കവരുന്നതിനായാണു പ്രതി ക്രൂരത കാട്ടിയത്. വിനീതയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റു.

കുത്തിക്കൊന്നശേഷം ടാർപോളിൻ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച ഒരാൾ മാത്രമേ കടയിൽ ഉണ്ടാകാറുള്ളൂ. 3 ജീവനക്കാരിൽ വിനീതയ്ക്കായിരുന്നു ഞായറാഴ്ചത്തെ ഡ്യൂട്ടി. ചെടി വാങ്ങാനെത്തിയവർ കടയിൽ ആരെയും കാണാത്തതിനെ തുടർന്ന് ഉടമയെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. ഫോൺ എടുക്കാത്തതിനെ തുടർന്ന് ഉടമ സമീപത്തെ കടയിലെ ജീവനക്കാരിയെ വിവരം തിരക്കാൻ പറഞ്ഞയച്ചു. അവരാണ് മൃതദേഹം ആദ്യം കണ്ടത്.

English Summary: Ambalamukku murder case: Culprit under custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com