ADVERTISEMENT

കൊച്ചി ∙ ബജറ്റ് നേട്ടങ്ങളെല്ലാം കൈവിട്ട് വൻ തകർച്ചയോടെ കഴിഞ്ഞ വാരം ആരംഭിച്ച ഇന്ത്യൻ വിപണി, ആർബിഐ അടിസ്ഥാന പലിശനിരക്കുകളിൽ കൈവയ്‌ക്കാതെ വിട്ടതിനെത്തുടർന്ന് മുന്നേറി. എങ്കിലും പണപ്പെരുപ്പം വീഴ്ത്തിയ ലോക വിപണിക്കൊപ്പം വീണ് ഇടപാട് അവസാനിപ്പിച്ചു. മെറ്റൽ സെക്ടറൊഴികെ സകല സെക്ടറുകളും കഴിഞ്ഞ ആഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി സെക്ടർ 2% വീണപ്പോൾ മികച്ച റിസൾട്ടുകളുടെയും അനുകൂലമായ ആർബിഐ നയങ്ങളുടെയും പിന്തുണയുണ്ടായിട്ടും ബാങ്കിങ് സെക്ടറും നഷ്ടത്തിലായിരുന്നു.

രാജ്യാന്തര വിപണി ചലനങ്ങളും അമേരിക്കൻ ഫെഡ് നടപടികളും യുക്രെയ്‌നിലെ യുദ്ധ കാഹളങ്ങളും തന്നെയാകും അടുത്ത ആഴ്ചയിലും ഇന്ത്യൻ വിപണിയുടെയും ഗതി നിർണയിക്കുക. ഇന്ത്യയുടെ മോശം വ്യാവസായിക വളർച്ചയും, ബാങ്കുകളുടെ വായ്പ വളർച്ചയിലെ വീഴ്ചയും, തിങ്കളാഴ്ചത്തെ മൊത്ത വിലക്കയറ്റ കണക്കുകളും‌, ചൊവ്വാഴ്ച പുറത്തുവരുന്ന റീട്ടെയ്‌ൽ പണപ്പെരുപ്പ കണക്കുകളും, കയറ്റുമതി കണക്കുകളും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. വിപണിയുടെ പുതിയ വാരത്തിന്റെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് ബഡ്ഡിങ്ങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൽട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

അമേരിക്കൻ പണപ്പെരുപ്പ വളർച്ചയും

ഡിസംബറിൽ 0.06% വളർച്ച നേടിയ അമേരിക്കൻ പണപ്പെരുപ്പം ജനുവരിയിലും 0.06% തന്നെ വളർന്ന് വാർഷിക പണപ്പെരുപ്പനിരക്ക് കഴിഞ്ഞ മാസത്തെ 7 ശതമാനത്തിൽനിന്നും 7.5% എന്ന 40 വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഫെഡിന് മേൽ പലിശ നിരക്ക് കുത്തനെ ഉയർത്താനുള്ള സമ്മർദമേറ്റുന്നത് ലോക വിപണിക്ക് പ്രതികൂലമാണ്. ജനുവരിയിൽ പണപ്പെരുപ്പം ഒരു ബേസിസ് പോയിന്റ് കുറയുമെന്ന വിപണിയുടെ വിശ്വാസം തകർന്നു. തിരികെ കയറാനൊരുങ്ങിയ അമേരിക്കൻ വിപണിയെ ജൂലൈ മാസത്തോടെ ഫെഡ് റിസർവ് 1% പലിശ ഉയർത്തണമെന്ന ഫെഡ് അംഗം ജെയിംസ് ബല്ലാർഡിന്റെ പ്രസ്താവനയാണ് വ്യാഴാഴ്ച തറപറ്റിച്ചത്. തിങ്കളാഴ്ചത്തെ ഫെഡ് റിസർവിന്റെ പ്രത്യേക യോഗം, ജെയിംസ് ബല്ലാർഡുമായുള്ള അഭിമുഖം, ബുധനാഴ്ച പുറത്തുവരുന്ന ഫെഡ് മിനിറ്റ്സും  വിപണിക്ക് പ്രധാനമാണ്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശ സന്നാഹം

ഫെഡിന്റെ പലിശ നിരക്കുയർത്തൽ ഭീഷണി നിലനിൽക്കെത്തന്നെ റഷ്യയുടെ യുക്രെയ്ൻ അധിനിവേശ സാധ്യതയും ലോക വിപണിയുടെ ഉറക്കം കെടുത്തുന്നു. യുക്രെയ്ൻ അതിർത്തിയിൽ യുദ്ധ സന്നാഹം പൂർത്തിയാക്കി കഴിഞ്ഞ റഷ്യ ഏതു നിമിഷവും ആക്രമണം ആരംഭിച്ചേക്കാമെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവന വെള്ളിയാഴ്ച അമേരിക്കൻ വിപണിക്ക് വൻ വീഴ്ചയാണ് നൽകിയത്.

വെള്ളിയാഴ്ച നാസ്ഡാക് 2.78% വീണപ്പോൾ എസ് ആൻഡ് പി 1.90%, ഡൗ ജോൺസ്‌ ഒന്നര ശതമാനവും വീണത് തിങ്കളാഴ്ച ഏഷ്യൻ വിപണിയുടെ തുടക്കവും മോശമാക്കിയേക്കാം. ബൈഡനും മക്രോയും പുടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണവും, നാറ്റോയുടെ ആക്രമണത്തിൽനിന്നും സ്വയരക്ഷയ്ക്കായിട്ടാണ് റഷ്യൻ സൈന്യം യുക്രെയ്ൻ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നതെന്നും ബാക്കിയെല്ലാം അമേരിക്ക ഊതിപ്പെരുപ്പിക്കുന്ന കഥകളാണെന്നുമുള്ള റഷ്യൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയും ലോക വിപണിക്ക് തൽക്കാലം ആശ്വാസമാണ്.

യുദ്ധ ഭീഷണിയും വിപണിയും

പകർച്ചവ്യാധി ഭീഷണിയിൽനിന്നും പൂർണമായും രക്ഷപ്പെട്ടിട്ടില്ലാത്ത ലോക സാമ്പത്തികക്രമം ഒരു യുദ്ധ ഭീഷണിയിലേക്കാണെടുത്തെറിയപ്പെട്ടത്. യുദ്ധ സാധ്യതകളും യുദ്ധങ്ങളും ഓഹരി വിപണിയിൽനിന്നും നിക്ഷേപകരെ ബോണ്ട് വിപണിയിലേക്കും സ്വർണത്തിലേക്കും ക്രൂഡ് ഓയിലിലേക്കും കൊണ്ടുപോയേക്കാം. സ്വർണം, ക്രൂഡ്, പ്രതിരോധ ഓഹരികൾ യുദ്ധ ഭീഷണിയിൽ മുന്നേറ്റം നേടും. സ്വർണം യുദ്ധസാധ്യതയിൽ വൻ മുന്നേറ്റം ഉറപ്പിക്കും.

ഇന്ത്യൻ വ്യവസായികോൽപാദന വീഴ്ച

2021 ഡിസംബറിൽ ഇന്ത്യയുടെ വ്യവസായികോൽപാദന സൂചികയായ ഐഐപി ഡേറ്റ 0.04% മാത്രമാണ് വളർച്ച നേടിയത്. 2021 നവംബറിൽ 1.4%, 2020 ഡിസംബറിൽ 2.20 ശതമാനവും വളർച്ച നേടിയ ഐഐപി ഡേറ്റ കഴിഞ്ഞ 10 മാസത്തെ ഏറ്റവും മോശം വളർച്ച നിരക്കിലേക്കാണ് ഒമിക്രോൺ വ്യാപന സമയത്ത് വീണത്.

കേന്ദ്ര ബാങ്ക് നയങ്ങൾ

ആർബിഐ റിപ്പോ നിരക്ക് 4 ശതമാനത്തിലും, റിവേഴ്‌സ് റിപോ നിരക്ക് 3.35 ശതമാനത്തിലും മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചത് ഇന്ത്യൻ വിപണിക്ക് ആശ്വാസമായി. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം അടുത്ത സാമ്പത്തിക വർഷത്തിൽ 7.5% വളർച്ച നേടുമെന്ന് പ്രതീക്ഷ വയ്ക്കുന്ന കേന്ദ്ര ബാങ്ക് ഇന്ത്യയുടെ പണപ്പെരുപ്പം 4.5 ശതമാനത്തിൽ ഒതുങ്ങുമെന്നും കരുതുന്നു.

ഓഹരികളും സെക്ടറുകളും

∙ മികച്ച മൂന്നാം പാദ ഫലപ്രഖ്യാപനം നടത്തിയ ഒഎൻജിസി ക്രൂഡ് ഓയിൽ റെക്കോർഡ് മുന്നേറ്റം നേടുന്ന സാഹചര്യത്തിൽ നിക്ഷേപ യോഗ്യമാണ്. കഴിഞ്ഞ പാദത്തിൽനിന്നും അറ്റാദായത്തിൽ കുറവ് വന്നിട്ടുണ്ടെകിലും റെക്കോർഡ് വരുമാനം ഓഹരിക്കനുകൂലമാണ്.

∙ ഓയിൽ ഇന്ത്യയും മികച്ച റിസൾട്ടിന്റെയും ക്രൂഡ് ഓയിൽ വിലയുടെയും പിൻബലത്തിൽ മുന്നേറ്റം നേടിയേക്കാം. അടുത്ത തിരുത്തൽ ഓഹരിയിൽ അവസരമാണ്

∙ മികച്ച റിസൾട്ടുകൾ പുറത്തുവിട്ട ശേഷവും രാജ്യാന്തര കാരണങ്ങളാൽ മുന്നേറ്റം നേടാനാവാതെ നിൽക്കുന്ന പൊതുമേഖല ബാങ്കുകൾ അടുത്ത തിരുത്തലിൽ ദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കാം. സ്റ്റേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക് മുതലായവ.

∙ ടാറ്റ സ്റ്റീലിനൊപ്പം മുന്നേറിവന്ന മെറ്റൽ ഓഹരികൾ മുന്നേറ്റം തുടർന്നേക്കാം. അടുത്ത തിരുത്തൽ മെറ്റൽ ഓഹരികളിൽ അവസരമാണ്. വേദാന്ത, നാൽകോ, ഹിന്ദ് കോപ്പർ മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

∙ ലോകത്തെ ഏറ്റവും വലിയ ബ്ലൂ ഹൈഡ്രജൻ ഉൽപാദകരായി മാറാൻ പദ്ധതി തയാറാക്കിക്കഴിഞ്ഞ റിലയൻസ് അടുത്ത കുതിപ്പിന് തയാറായി കഴിഞ്ഞെന്ന് കരുതുന്നു. വിദേശ ഫണ്ടുകളുടെ വിൽപനയിൽ വീണ റിലയൻസ് അടുത്ത തിരുത്തലിന് ശേഷം കുതിപ്പ് ആരംഭിച്ചേക്കാം.

∙ യുദ്ധ സന്നാഹങ്ങൾക്കൊപ്പം ഉയരുന്ന സ്വർണവില,  സ്വർണപ്പണയ ഓഹരികൾക്കും മുന്നേറ്റം നൽകും. ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം മുതലായ ഓഹരികളിലൊന്ന് നിർബന്ധമായും പോർട് ഫോളിയോകളിൽ ഉൾപ്പെടുത്തുക.

∙ ബോണ്ട് യീൽഡ് മുന്നേറ്റവും നാസ്ഡാകിന്റെ വീഴ്ചയും ഇന്ത്യൻ ഐടി സെക്ടറിനും ഭീഷണിയാണ്. അമേരിക്കൻ ഫണ്ടുകളുടെ വിൽപനയും ടെക് ഓഹരികൾക്ക് വീണ്ടും തിരുത്തൽ നൽകിയേക്കാം.

∙ ഐസിഐസിഐ ബാങ്കിന് മുന്നിലെത്തിയ ആക്സിസ് ബാങ്ക് അടുത്ത തിരുത്തലിന് ശേഷം വൻ കുതിപ്പ് നേടിയേക്കാം. അടുത്ത റിസൾട്ടിന് മുൻപ് ലക്ഷ്യ ബാങ്ക് 950 രൂപ താണ്ടിയേക്കാം.

∙എൽഐസിയുടെ ഐപിഒ ഇൻഷുറൻസ് ഓഹരികൾക്കും മുന്നേറ്റം നൽകിയേക്കാം. എച്ച്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ, എസ്ബിഐ ലൈഫ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

∙ എൽഐസിയുടെ ഐപിഒ പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടാക്കിയേക്കാവുന്ന വർധന സിഡിഎസ്എലിനും, ബിഎസ്ഇക്കും അനുകൂലമാണ്.

∙ സിംഗപ്പൂർ എയർ ഷോയിൽ തേജസ് യുദ്ധ വിമാനങ്ങൾക്ക് വിദേശ ഓർഡറുകൾ ലഭിക്കാവുന്നത് ഹിന്ദുസ്ഥാൻ എയ്‍റോനോട്ടിക്സിന് പ്രതീക്ഷയാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്. മികച്ച റിസൾട്ടും ആകർഷകമാക്കുന്നു.

∙ പവർ സെക്ടർ അടുത്ത കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. കരടികൾക്ക് സ്വാധീനമുള്ള വിപണിയിൽ പവർ ഓഹരികൾ മികച്ച നിക്ഷേപമാണ്. അദാനി പവർ, ടാറ്റ പവർ, ജെഎസ്ഡബ്ല്യു എനർജി, ടോറന്റ് പവർ മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

∙ എച്ച്ബിഎൽ പവർ അടുത്ത തിരുത്തലിൽ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. അമര രാജ ബാറ്ററിയും മികച്ച ബാറ്ററി ഓഹരിയാണ്.

∙ ടാറ്റ കെമിക്കൽ ദീർഘകാല നിക്ഷേപത്തിന് യോഗ്യമാണ്. വരുമാന വളർച്ചയും, മാർജിൻ വളർച്ചയും ഓഹരിക്കനുകൂലമാണ്.

∙ വരുമാന വർധന സ്വന്തമാക്കിയ മഹിന്ദ്ര ആൻഡ് മഹിന്ദ്ര 1000 രൂപ ലക്ഷ്യമാക്കി നിക്ഷേപത്തിന് പരിഗണിക്കാം.

∙ അറ്റാദായ വർധനയും വളർച്ചാ സാധ്യതകളും 20 മൈക്രോൺസിന് മുന്നേറ്റ സാധ്യത നൽകുന്നു. ഖനി മേഖലയുടെ വളർച്ച ഖനി ഓഹരികൾക്ക് ഇനിയും മുന്നേറ്റം നൽകിയേക്കാം.

റിസൾട്ടുകൾ

കോൾ ഇന്ത്യ, പിടിസി ഇന്ത്യ, ബിഡിഎൽ, ഐഷർ, ഗ്രാസിം, ഗ്രാഫൈറ്റ്, അദാനി വിൽമർ, ഗ്രീൻ പ്ലൈ, ജിടിഎൽ ഇൻഫ്രാ, ഐപിസിഎ ലാബ്സ്, ഇർകോൺ, എൻബിസിസി, രാമ സ്റ്റീൽ, റൂബി മിൽസ്, നാഗാർജുന ഫെർട്ടിലൈസർ മുതലായ കമ്പനികളും തിങ്കളാഴ്ച റിസൾട്ട് പ്രഖ്യാപിക്കും.

സ്വർണം

യുക്രെയ്ൻ അതിർത്തിയിലെ റഷ്യൻ യുദ്ധ സന്നാഹനങ്ങളെക്കുറിച്ചുള്ള അമേരിക്കൻ പ്രസ്താവനകൾ വെള്ളിയാഴ്ച സ്വർണത്തിന് വൻ മുന്നേറ്റമാണ് നൽകിയത്. ഒറ്റദിനം കൊണ്ട് 32 ഡോളർ മുന്നേറി 1858 ഡോളറിൽ അവസാനിച്ച രാജ്യാന്തര സ്വർണവില ഒന്ന് ക്രമപ്പെട്ടേക്കാം. 1832 ഡോളറിലാണ് സ്വർണത്തിന്റെ പിന്തുണ മേഖല. 1900 ഡോളറിലെ ശക്തമായ കടമ്പ കടന്നാൽ 2000 ഡോളറാണ് സ്വർണത്തിന്റെ ലക്ഷ്യം.

ക്രൂഡ് ഓയിൽ

റഷ്യയുടെ യുക്രെയ്ൻ അധിനിവേശ ഭയത്തിൽ റെക്കോർഡ് മുന്നേറ്റം നടത്തിയ ക്രൂഡ് ഓയിൽ ഒപെക് രാഷ്ട്രങ്ങളുടെ ഉൽപാദന ശോഷണത്തിന്റെയും ഉയരുന്ന രാജ്യാന്തര ആവശ്യകതയുടെയും പിൻബലത്തിൽ ഇനിയും മുന്നേറ്റം നേടിയേക്കാം. 

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്: 8606666722

English Summary: Share Market: Weekly Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com