ADVERTISEMENT

തിരുവനന്തപുരം ∙ ഉപഭോക്താക്കളുടെ അവകാശങ്ങളും വ്യാപാരികളുടെ ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്താൻ സംസ്ഥാനത്തെ ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ സമഗ്ര പരിശോധന വരുന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്നു പുനർനാമകരണം ചെയ്ത വകുപ്പിന്റെ സാന്നിധ്യം ജനങ്ങളെയും വ്യാപാരികളെയും ഒരു പോലെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു നടപടി. ഓരോ ജില്ലയിൽ ആയിരം കടകൾ വീതം സംസ്ഥാനത്തെ പതിനാലായിരം ചെറുകിട വ്യാപാരസ്ഥാപനങ്ങളാകും പരിശോധിക്കുക. 

നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി ‘സുതാര്യം’ എന്നു പേരിട്ടുള്ള ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായുള്ള പരിശോധന മാർച്ചിൽ ആരംഭിക്കാനാണ് ഉദ്ദേശ്യം. പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരാകും പ്രധാനമായും സംഘത്തിൽ ഉണ്ടാകുക. വിലവിവരപട്ടിക, തൂക്കത്തിലെ കൃത്യത, ബിൽ നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും പരിശോധിക്കുക. കുറവുകൾ കണ്ടെത്തിയാൽ ചൂണ്ടിക്കാട്ടി നോട്ടിസ് നൽകും. തൽക്കാലം നടപടികളൊന്നും സ്വീകരിക്കില്ല. പരിഹരിച്ചില്ലെങ്കിൽ തുടർന്നുള്ള പരിശോധനകളിൽ നടപടികൾക്കു സാധ്യത ഉണ്ടെന്ന് ഓർമിപ്പിക്കും. 

ഇതിനു പിന്നാലെ സംസ്ഥാനത്തെ 1000 ഇന്ധന ബങ്കുകളിൽ ‘ക്ഷമത’ എന്ന പദ്ധതിയുടെ ഭാഗമായി ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും സമാനമായ ബോധവൽക്കരണ പരിശോധന നടത്തും. പെട്രോളിന്റെയും ഡീസലിന്റെയും അളവു സംബന്ധിച്ച പരാതികളാകും പരിശോധിക്കുക. ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ബിൽ നൽകാത്തതിനാൽ സാധനങ്ങളുടെ വിലനിലവാരം സംബന്ധിച്ച് ഉപയോക്താക്കൾ കബളിപ്പിക്കപ്പെടുന്നതായും ഉപഭോക്തൃകാര്യ മേഖലയിലെ വിവിധ സമിതികളും സംഘടനകളും വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതും കൂടി പരിഗണിച്ചാണു പരിശോധന നടത്താൻ തീരുമാനിച്ചത്. 

ഉപഭോക്തൃ വകുപ്പിന്റെ പദ്ധതികൾ തയാറാക്കാൻ ശിൽപശാല 28ന്

ഉപഭോക്തൃകാര്യ വകുപ്പുമായി ബന്ധപ്പെട്ടു നടപ്പാക്കേണ്ട പദ്ധതികൾ എന്തൊക്കെയാകണം എന്നതു നിശ്ചയിക്കാൻ ഫെബ്രുവരി 28നു തിരുവനന്തപുരത്തു ശിൽപശാല നടത്തും. ഇതിന്റെ ഭാഗമായി മേഖലയിലെ 15 വിദഗ്ധരുമായി മന്ത്രി ജി.ആർ.അനിൽ ചർച്ചയും നടത്തും. നിലവിൽ മന്ത്രി, വകുപ്പു സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, അതിനു താഴെ ഉപഭോക്തൃകാര്യ സെൽ എന്നും ലീഗൽ മെട്രോളജി വകുപ്പ് എന്ന രണ്ടു വിഭാഗങ്ങളും എന്നിങ്ങനെയാണു ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രവർത്തനം. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കമ്മിഷനുകളും പ്രവർത്തിക്കുന്നു. 

ജില്ലാതലത്തിൽ ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളായിരുന്നു മുൻപ്. 2019ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ തുടർന്നാണ് ഈ മാറ്റം ഉണ്ടായത്. സംസ്ഥാനത്തു പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്നു പേരു മാറ്റുന്നതോടെ സിവിൽ സപ്ലൈസ് ഡയറക്ടർ, സിവിൽ സപ്ലൈസ് കമ്മിഷണർ എന്നീ തസ്തികകൾ സംയോജിപ്പിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ എന്ന പേരു നൽകും. ജില്ലാ സപ്ലൈ ഓഫിസർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ, റേഷനിങ് ഇൻസ്പെക്ടർ എന്നിവരുടെ ഉത്തരവാദിത്തങ്ങളിലും മാറ്റം വരുത്തി ഇവരുടെ സേവന ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

ഭേദഗതി തയാറായി വരുന്നു. 1986ലാണു ഉപഭോക്തൃ സംരക്ഷണത്തിനായുള്ള കേന്ദ്ര നിയമം പാർലമെന്റ് പാസാക്കുന്നത്. കേരളത്തിൽ ഇതിന്റെ ഭാഗമായുള്ള ചട്ടങ്ങൾ 1987ൽ തയാറായി. പിന്നീട് 1993ൽ കേന്ദ്രനിയമത്തിൽ വന്ന ഭേദഗതി പ്രകാരം 1998 ജൂലൈയിലും സംസ്ഥാനത്തും ചട്ടങ്ങൾ ഭേദഗതി ചെയ്തു. 2002ൽ കേന്ദ്രനിയമത്തിൽ സമഗ്ര ഭേദഗതി വന്നു.  2007 ജൂലൈ 17നാണ് സർക്കാർ ഉത്തരവിലൂടെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഭാഗമായി ഉപഭോക്തൃകാര്യം മാറുന്നത്. 2019ലെ നിയമഭേദഗതിയോടെ ഇ കൊമേഴ്സ് ഉൽപന്നങ്ങളുടെ വിതരണവും ടെലി മാർക്കറ്റിങ് വ്യാപാരമേഖലയും നിയമത്തിന്റെ കീഴിൽ വന്നു. 

English Summary: Awarness programme of rights of consumer, initiated by consumer affairs department of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com