ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ് പുനഃസംഘടനയ്ക്കു സമയം തേടി കെപിസിസി നേതൃത്വം. കെ.സുധാകരനും വി.ഡി.സതീശനും സംഘടനാ തിരഞ്ഞെടുപ്പിനുള്ള വരണാധികാരി ജി.പരമേശ്വരയുമായി നടത്തിയ കൂട്ടിക്കാഴ്ചയിലാണ് ആവശ്യം മുന്നോട്ടുവച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ചു നടക്കുമെന്ന് ജി.പരമേശ്വര പറഞ്ഞപ്പോൾ, തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീവ്രശ്രമം.

ഈ മാസം 28നകം കെപിസിസി, ഡിസിസി പുനഃസംഘടന പൂർത്തിയാക്കുമെന്നാണു വരണാധികാരിയും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വരയ്ക്ക് സംസ്ഥാന നേതൃത്വത്തിന്റെ ഉറപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത സന്ദർശനത്തിലേ പരമേശ്വര വരണാധികാരിയായി ചുമതലയേൽക്കാനിടയുള്ളൂ.

പുനഃസംഘടനയിലൂടെ നാമനിർദേശം ചെയ്തു വരുന്ന ഭാരവാഹികളെ തുടരാൻ അനുവദിക്കുന്നതിനു ഗ്രൂപ്പുകളുമായി സമവായത്തിലെത്തി സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു നേതൃത്വം ശ്രമിക്കുന്നത്. അതേസമയം, ഗ്രൂപ്പുകൾ എതിർപ്പ് ഉന്നയിക്കും. എല്ലാവരുമായും ചർച്ച നടത്തുമെന്ന് വരണാധികാരി വ്യക്തമാക്കിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്.

സംഘടനാ തിരഞ്ഞെടുപ്പിനു വേണ്ടി ശക്തമായി വാദിച്ച ഗ്രൂപ്പുകളുടെയും മനസ്സു മാറിയിട്ടുണ്ട്. പുതിയ സമവാക്യങ്ങളില്‍ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും സുധാകരന് ഒപ്പമാണ്. സതീശനോടുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ടാണ് സുധാകരന് ചെന്നിത്തലയുടെ പിന്തുണ. അതേസമയം, സമവായങ്ങൾക്കു തയാറാണെങ്കിലും തിരഞ്ഞെടുപ്പു നടക്കണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. തിരഞ്ഞെടുപ്പ് നടക്കുകയെന്നതിന് അപ്പുറം നവംബറിൽ ഇതിന്റെ ഭാഗമായി തുടങ്ങേണ്ടിയിരുന്ന അംഗത്വ വിതരണം ഉൾപ്പെടെ തുടങ്ങാത്തതിലുള്ള അമർഷവും എ ഗ്രൂപ്പിനുണ്ട്.

English Summary: Congress revamp, KPCC asked for more time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com