ADVERTISEMENT

കൽപറ്റ∙ വയനാട് വെള്ളമുണ്ട ഇരട്ടക്കൊലപാതക കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മോഷണ ശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ യുവദമ്പതികളെ നാലു വർഷം മുൻപാണ് വിശ്വനാഥൻ കൊലപ്പെടുത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കൽപറ്റ സെഷൻസ് കോടതിയാണു വിധി പറഞ്ഞത്.

തൊട്ടിൽപാലം സ്വദേശിയാണു പ്രതി വിശ്വനാഥൻ. വിശ്വനാഥനാണു കൊലപാതകത്തിനു പിന്നിലെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചെന്നു കോടതി ചൂണ്ടിക്കാട്ടി. 2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മർ (28), ഭാര്യ ഫാത്തിമ (20) എന്നിവർ കൊല്ലപ്പെട്ടത്. രാവിലെ എട്ടരയോടെയാണു ഇവരെ തലയ്ക്കും കഴുത്തിനും വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 3 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. സംഭവസ്ഥലത്തു പ്രത്യക്ഷ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടന്ന ഇരട്ടക്കൊല പൊലീസിനു മുന്‍പില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ ഏറെ. ആരും ശത്രുക്കളില്ലാത്ത, ആരോടും ശത്രുതയില്ലാത്ത രണ്ടുപേരാണു മരിച്ചത്. ആയുധങ്ങളൊന്നും സംഭവസ്ഥലത്തുനിന്നു കണ്ടെത്താനുമായില്ല. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ നാലു ടീമായി തിരഞ്ഞ് അന്വേഷണം ആരംഭിച്ചു.

ഫാത്തിമയുടെ ഫോണ്‍ പ്രതി കോഴിക്കോട് തൊട്ടില്‍പാലം മരുതോറയില്‍ വിശ്വനാഥന്‍ കൈക്കലാക്കിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ ഫോണ്‍ കാണാതായ വിവരം ഏറെ നാള്‍ കഴി‍ഞ്ഞാണു പൊലീസിനു മനസ്സിലായത്. സൈബര്‍ വിഭാഗം പലതവണ അന്വേഷിച്ചെങ്കിലും ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ രണ്ടു മാസത്തിനുശേഷം വിശ്വനാഥന്‍ ഫാത്തിമയുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോൾ പൊലീസിനു സൂചന ലഭിക്കുകയായിരുന്നു. സെപ്റ്റംബര്‍ 18നായിരുന്നു വിശ്വനാഥന്റെ അറസ്റ്റ്. ഫാത്തിമയുടെ സ്വര്‍ണം കുറ്റ്യാടിയിലെ കടയില്‍ വിറ്റ പ്രതി ബാധ്യതകളെല്ലാം തീര്‍ത്തിരുന്നു.

മോഷണം ചെറുക്കാൻ ശ്രമിച്ച ദമ്പതികളെ കൊലപ്പെടുത്തിയ വിശ്വനാഥൻ വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിച്ച്, വീട്ടിലും പരിസരത്തും മുളകുപൊടി വിതറിയാണ് കടന്നത്. രണ്ടു മാസത്തെ അന്വേഷണത്തിനൊടുവിലാണു പ്രതിയെ പൊലീസ് പിടികൂടിയത്. 2020 നവംബറിൽ തുടങ്ങിയ വിചാരണയിൽ 45 സാക്ഷികളെ വിസ്തരിച്ചു.

English Summary: Vellamunda twin murder case, court verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com