ജനങ്ങളുടെ സർക്കാരിന് മുതലാളിത്തത്തെ പിന്തുണയ്ക്കാനാകില്ല: വരുൺ ഗാന്ധി

Mail This Article
ലക്നൗ ∙ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. ജനങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഭരണകൂടം ഒരിക്കലും മുതലാളിത്തത്തെ പിന്തുണയ്ക്കില്ലെന്നും സ്വകാര്യവൽക്കരണം തൊഴിൽരാഹിത്യം സൃഷ്ടിക്കുമെന്നും വരുൺ ഗാന്ധി പറഞ്ഞു.
‘ബാങ്കുകളുടെയും റെയിൽവേയുടെയും സ്വകാര്യവത്കരണം 5 ലക്ഷം പേരെ തൊഴിലില്ലാത്തവരാക്കും. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷയാണ് ഇത് മൂലം തകരുന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരിനും മുതലാളിത്തത്തെ പ്രോത്സാഹിപ്പിച്ച് സമൂഹത്തിൽ അസമത്വം സൃഷ്ടിക്കാൻ കഴിയില്ല’– വരുൺ ട്വിറ്ററിൽ കുറിച്ചു.
സാമ്പത്തിക നയങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും സ്വകാര്യവൽക്കരണവും ഓഹരി വിറ്റഴിക്കലും ബിജെപിയുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ തന്നെയാണ് എന്നുമായിരുന്നു ഈ വിഷയങ്ങളിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവരുടെ പ്രതികരണം. കർഷക പ്രശ്നമുൾപ്പെടെ നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് വരുൺ മുൻപും രംഗത്ത് വന്നിരുന്നു.
English Summary: ‘A government for people won't promote capitalism': BJP's Varun Gandhi's latest