ADVERTISEMENT

ന്യൂഡല്‍ഹി∙ റഷ്യന്‍ പട്ടാളം പടകാഹളവുമായി യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് അടുക്കുമ്പോള്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കും 'തീ'പിടിക്കും. മാര്‍ച്ച് ഏഴിനു ശേഷം ഇന്ത്യയില്‍ വലിയ തോതില്‍ ഇന്ധനവിലക്കയറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്ന്‍ പ്രതിസന്ധിയെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിലേക്കാണ് അടുക്കുന്നത്.

യുപി,  പഞ്ചാബ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ കൈകെട്ടിയില്ലായിരുന്നെങ്കില്‍ ഇതിനകം തന്നെ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമായിരുന്നു എന്നാണ്  റിപ്പോർട്ടുകൾ. മാര്‍ച്ച് ഏഴിനാണ് അവസാനഘട്ട പോളിങ്. തൊട്ടുപിന്നാലെ പെട്രോള്‍, ഡീസല്‍ വില ലീറ്ററിന് 7-8 രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയുടെ എണ്ണ വാങ്ങല്‍ വില ബാരലിന് നൂറ് ഡോളറിലേക്ക് അടുക്കുമ്പോള്‍ ഇന്ധനവില വര്‍ധന ഏറെക്കുറേ ഉറപ്പാണ്. നവംബര്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ഡീസല്‍ ലീറ്ററിന് 10 രൂപയും പെട്രോളിന് അഞ്ചു രൂപയും കുറച്ചതിനു ശേഷം അസംസ്‌കൃത എണ്ണവിലയില്‍ 10 ഡോളറിന്റെ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അസംസ്കൃത  എണ്ണവില ഒരു ഡോളർ ഉയരുമ്പോൾ ശരാശരി  70–80 പൈസയുടെ വർധനയാണ് എണ്ണയുടെ ചില്ലറവിൽപ്പന വിലയിൽ ഉണ്ടാകാറുള്ളത്.

ഈ സാഹചര്യത്തില്‍ യഥാര്‍ഥ വിലയും ചില്ലറ വിലയും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നത് എണ്ണക്കമ്പനികള്‍ക്കു തിരിച്ചടിയാണ്. മാര്‍ച്ച് ഏഴിന് അവസാന വോട്ടും രേഖപ്പെടുത്തിക്കഴിയുന്നതോടെ ‘സ്വതന്ത്രരാകുന്ന’ എണ്ണക്കമ്പനികള്‍ ഇന്ധന വില ഉറപ്പായും ഉയര്‍ത്തിത്തുടങ്ങും. യുക്രെയ്ന്‍ പ്രതിസന്ധി വഷളായാല്‍ വരും മാസങ്ങളിലും ഇന്ധനവില വര്‍ധന ഉയര്‍ന്നുതന്നെ നില്‍ക്കും. യുഎസ്-ഇറാന്‍ ചര്‍ച്ചകളുടെ ഭാഗമായി ഇറാനില്‍നിന്നുള്ള എണ്ണ വിപണിയില്‍ എത്തിയെങ്കില്‍ മാത്രമേ പ്രതിസന്ധിക്കു പരിഹാരമാകുകയുള്ളുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

English Summary: Fuel prices are poised to go up by Rs 7-8 per litre after 5 State  Assembly Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com