ADVERTISEMENT

മലപ്പുറം∙ അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുൻപിൽവച്ചു പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നേരെ വധഭീഷണി. നിലവില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളന്‍ ഷിഹാബ് എന്ന ടി.വി. ഷിഹാബ് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണെന്ന ആശങ്കയിലാണു കേസിലെ സാക്ഷികൾ.

ജീവിതത്തിൽ ഓർക്കാനാഗ്രഹിക്കാത്ത ആ രാത്രിയിൽ സംഭവിച്ചത് ഭീതിയോടെ പെൺകുട്ടി പറയുന്നു. ‘ രാത്രി 2 മണിക്ക് കതകു ചവിട്ടിത്തുറന്നാണു പ്രതി അകത്തു കടന്നത്. രൂപം കണ്ടപ്പോൾ പേടിയും വിറയലും തോന്നി. അമ്മേ എന്നു നിലവിളിച്ചു കൊണ്ട് എഴുന്നേറ്റു. അപ്പോൾ ഷിഹാബ് വായും മൂക്കും പൊത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ ജീവനായി ഞാൻ പിടഞ്ഞു. മരിച്ചു പോയെന്നു ഉറപ്പിച്ചതാണ്. ഒരു വിധം കുതറിയോടി.

പുറകെയെത്തിയ അയാൾ തന്നെ ഉപദ്രവിച്ചു. ശരീരം മുഴുവൻ മുറിവേറ്റു. കാലിൽ പിടിച്ചു അപേക്ഷിച്ചു, ജീവിതം തകർക്കരുതെന്ന്. എന്നിട്ടും അയാൾ കരുണ കാട്ടിയില്ല. പുറത്താരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ഇപ്പോഴും പേടി മാറിയിട്ടില്ല. വാതിലുകൾ താക്കോലുപയോഗിച്ച് പൂട്ടിയിട്ടാണു കിടക്കാറ്. ആ രൂപം മനസിൽ നിന്നും മായുന്നില്ല– വാക്കുകൾ ഇടറി പെൺകുട്ടി പറയുന്നു.

ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ചു തളര്‍ന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അര്‍ധരാത്രി എത്തിയാണു പ്രതി ക്രൂരപീഡനത്തിന് ഇരയാക്കിയത്. തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളര്‍ന്നു കിടക്കുന്ന അമ്മയ്ക്കു നിസഹായയായി കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ. നിരവധി കേസുകളിൽ പ്രതിയാണ് ഷിഹാബ്. പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ പരാതി അറിയിച്ച അയല്‍ക്കാരിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് സാക്ഷി പറഞ്ഞാല്‍ പണി കിട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 

English Summary: Malappuram Areekode girl brutally assaulted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com