ADVERTISEMENT

കോഴിക്കോട്∙ കർണാടകയിലെ ക്വാറി ബിസിനസിൽ ഷെയർ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ നിലമ്പൂർ എംഎൽഎ ആയ പി.വി.അൻവർ തട്ടിയെടുത്തെന്ന കേസിൽ തുടരന്വേഷണം നടത്താൻ കഴിഞ്ഞ ദിവസമാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജ്സിട്രേറ്റ് ഉത്തരവിട്ടത്. എംഎൽഎയ്ക്കു ചതിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും കേസ് സിവിൽ സ്വഭാവമുള്ളതാണെന്നും കാണിച്ചു ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളിയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവ്. സംസ്ഥാനാന്തര തലത്തിൽ നടത്തിയ വൻ സാമ്പത്തിക തട്ടിപ്പാണിതെന്നും സിപിഎം നേതാക്കൾ അൻവറിനു വേണ്ടി ഇടപെട്ട് അന്വേഷണം അട്ടിമറിക്കാനുള്ള നിരന്തര ശ്രമമാണു നടത്തുന്നതെന്നും പരാതിക്കാരനായ മലപ്പുറം പട്ടർകടവ് നടുത്തൊടി സലീം പറയുന്നു. തട്ടിപ്പിനിരയായ അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

തട്ടിപ്പിനു കാണിച്ചത് സർ‍ക്കാർ വനഭൂമിയും!

‘2012 ലാണ് പി.വി.അൻവർ ഇത്തരമൊരു സംരംഭം വാഗ്ദാനം ചെയ്യുന്നത്. ഞങ്ങൾ അകന്ന ബന്ധുക്കളാണ്. ആ സമയത്ത് പലരും ഈ ബിസിനസിൽ പണം ഇറക്കിയത് അറിയാം. എനിക്കറിയുന്ന ഒരാൾ ഒരു കോടി രൂപ, മറ്റു 3 പേർ ചേർന്ന് ഒരു കോടി രൂപ ഒക്കെ കൊടുത്തത് അറിയാം. അങ്ങനെയാണ് ഞാനും ബിസിനസിലേക്കായി 50 ലക്ഷം രൂപ നൽകിയത്. കർണാടകയിലെ ക്വാറി–ക്രഷർ ബിസിനസിൽ പങ്കാളിയാക്കി പ്രതിമാസം 10 ശതമാനം ലാഭ വിഹിതം തരാമെന്നായിരുന്നു വാഗ്ദാനം. കരാർ എഴുതിയാണു പണം നൽകിയത്. എന്നാൽ പണം നൽകി കുറച്ചു ദിവസങ്ങൾക്കു ശേഷം ക്വാറി ബിസിനസ് തട്ടിപ്പാണെന്നും മറ്റു പലരെയും ഇത്തരത്തിൽ തട്ടിച്ചതായും വിവരം കിട്ടി. 

അന്വേഷിച്ചപ്പോൾ 2012ൽ പി.വി.അൻവറിന് പ്രസ്തുത സ്ഥലത്ത് സ്വന്തമായി ഭൂമി പോലുമില്ല. ഇബ്രാഹിം ഹാജി എന്ന ഒരാളുടെ പാട്ട ഭൂമിയുണ്ട്. ഈ സ്ഥലത്തിനോടു ചേർന്ന് 26 ഏക്കർ കർണാടക സർക്കാരിന്റെ വനഭൂമിയുമുണ്ട്. ഇതും കൂടി കാണിച്ചു ക്രയവിക്രയത്തിന് അവകാശമുണ്ടെന്നു വിശ്വസിപ്പിച്ചാണ് പി.വി.അൻവർ വൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇതോടെ ഞാൻ എന്റെ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. പണം  ചോദിക്കുമ്പോഴൊക്കെ സമയം നീട്ടി നീട്ടിക്കൊണ്ടു പോവുകയാണ്. 2016ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോവുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തരാമെന്നു പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ശേഷവും പണം നൽകാനുള്ള ഒരു മുന്നൊരുക്കവും കണ്ടില്ല 

പരാതിയുമായി സിപിഎമ്മിനു മുൻപിലേക്ക് 

ഞാൻ വിദേശത്ത് എൻജിനീയറാണ്. കഷ്ടപ്പെട്ടു സമ്പാദിച്ച പണമാണ്. ഒരു അധികവരുമാനം കിട്ടുമല്ലോ എന്നു കരുതി നിക്ഷേപിച്ചത്. ബിസിനസുകാരനോ കള്ളപ്പണക്കാരനോ അല്ലാത്തതു കൊണ്ട് ആ പണം പോട്ടെ എന്നു വിചാരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട അൻവറിനെതിരെ സിപിഎമ്മിനെ സമീപിച്ചത്.  ആദ്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. എന്റെ കഥ കേട്ട അദ്ദേഹത്തിനു സഹതാപം തോന്നി. മലപ്പുറം ജില്ലയുടെ ചുമതലയുള്ള എ.വിജയരാഘവനെ കാണാൻ പറഞ്ഞു. അദ്ദേഹത്തെ കണ്ടു കാര്യം വിശദീകരിച്ചു. ശരിയാക്കാം ശരിയാക്കാം എന്നു പറഞ്ഞ് അഞ്ചാറു മാസം കഴിഞ്ഞു. ഒരു വിവരവുമില്ല. ഇതേ തുടർന്നാണു മഞ്ചേരി സിജെഎം കോടതിയിൽ പരാതി നൽകിയത്. 

pv anvar
പി.വി.അൻവർ

കേസ് അട്ടിമറിക്കാൻ ഉന്നത സ്വാധീനം

മഞ്ചേരി സിജെഎം കോടതിയിൽ എല്ലാ വിവരങ്ങളും നൽകി ഹർജി നൽകി. എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. എന്നാൽ അന്വേഷണം തുടങ്ങിയെങ്കിലും തെറ്റായ ദിശയിലായിിരുന്നു കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. ഇതിനെതിരെ ഞാൻ സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളളവരെ കണ്ടിരുന്നു. ബാഹ്യ സ്വാധീനങ്ങൾ വഴി ഇതു വെറുമൊരു സിവിൽ കേസായി റഫർ ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. ഇതിനെതിരെ ഞാൻ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു. എന്റെ ഹർജി അനുവദിച്ച ഹൈക്കോടതി, അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ നിർദേശിച്ചു. ഡിജിപി അന്വേഷണം മലപ്പുറം ക്രൈംബ്രാഞ്ചിനു കൈമാറി. 

എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണവും പല തരത്തിൽ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണുണ്ടായത്. അൻവറിന് അനുകൂലമായിരുന്നു ഇവരുണ്ടാക്കിയ റിപ്പോർട്ടുകൾ. ഇബ്രാഹിം ഹാജിയുടെ ഭൂമി സ്വന്തമാണെന്നും ഇത് അൻവറിനു വിറ്റതാണെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങളായിരുന്നു കൂടുതൽ. അതോടെ ഞാൻ വീണ്ടും 2021ൽ മഞ്ചേരി കോടതിയെ സമീപിച്ചു അന്വേഷണത്തിനു മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ടു. ഇതേ തുടർന്ന് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടുകൾ പലതും വസ്തുതാ വിരുദ്ധമായിരുന്നു. പി.വി.അൻവർ നിയമസഭ തിരഞ്ഞെടുപ്പിലേക്കു മത്സരിക്കുമ്പോൾ  തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒരിടത്തും ഇത്തരത്തിൽ സ്വന്തമായി ഭൂമിയുള്ള കാര്യം പറഞ്ഞിട്ടുമില്ല. ഒടുവിൽ മഞ്ചേരി കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടു. 

കഴിഞ്ഞ സെപ്റ്റംബറിൽ, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹാജരായി. തട്ടിപ്പിനു പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നു കോടതിയെ അറിയിച്ചു. എന്നാൽ അന്തിമ റിപ്പോർട്ട് വന്നപ്പോൾ വീണ്ടും കാര്യങ്ങൾ തല തിരിഞ്ഞു. തട്ടിപ്പ് നടത്തണമെന്ന് പി.വി.അൻവറിന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ഇതു ക്രിമിനൽ കേസ് അല്ല, സിവിൽ കേസാണെന്നുമായിരുന്നു ഫൈനൽ റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ട് തെറ്റാണെന്നു കോടതിക്കു ബോധ്യപ്പെട്ടു. ഇതേത്തുടർന്നാണു കോടതി ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. 

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിന്

പി.വി.അൻവറിന്റെ വിഷയത്തിൽ തെളിവുകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നെ സമീപിച്ചിരുന്നു. എന്റെ കൈവശമുള്ള തെളിവുകളൊക്കെ കൈമാറാൻ തയാറാണെന്നു പറഞ്ഞിട്ടുണ്ട്. സംസ്ഥാനാന്തര സാമ്പത്തിക തട്ടിപ്പാണെന്ന് അവർക്കു വ്യക്തമായിട്ടുണ്ട്. എത്ര പേരിൽ നിന്നു പണം തട്ടി എന്നത് ഇനി  അന്വേഷണത്തിലൂടെ പുറത്തു വരണം. പൊലീസിന്റെ തന്നെ ഫൈനൽ റിപ്പോർട്ടിൽ പലരുടെയും പേരു പറയുന്നുണ്ട്. അവരൊന്നും പരാതിയുമായി മുന്നോട്ടു വരാത്തത് എന്തു കൊണ്ടാണെന്ന് അറിയില്ല. ഞാൻ എഗ്രിമെന്റ് പ്രകാരം നൽകിയ തുകയാണ്. അതു തിരിച്ചു കിട്ടാൻ ഏതറ്റം വരെയും പോകാനാണു തീരുമാനം. 

സിപിഎം അൻവറിനെ വഴി വിട്ടു സഹായിക്കുന്നു 

സിപിഎം നേതാക്കൾ പല തരത്തിൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് കേസ് അന്വേഷണം വഴി തെറ്റുന്നതെന്നു പൊലീസിലെ ചില ഉദ്യോഗസ്ഥർ തന്നെ എന്നോടു സൂചിപ്പിച്ചിട്ടുണ്ട്. 2.60 കോടി രൂപയ്ക്ക് ഈ സ്ഥലം ഇബ്രാഹിം ഹാജിയിൽ നിന്ന് പി.വി.അൻവർ വാങ്ങിയെന്നു സ്ഥാപിക്കാനായിരുന്നു ശ്രമം. ഇതു ശരിയാണോ എന്നറിയാൻ ഇബ്രാഹിം ഹാജിയെ മൊഴിയെടുക്കാൻ വിളിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പാർട്ടി ഇടപെട്ട് അതൊഴിവാക്കി. പിന്നീട് അദ്ദേഹത്തിന്റെ മൊഴി എടുത്തതോടെ ആണ് ഈ ഭൂമി ക്രയവിക്രയം നടത്താൻ പാടില്ലാത്തതാണെന്നും പി.വി.അൻവറിനു വിറ്റിട്ടില്ലെന്നും വ്യക്തമായത്. 

ഇതൊക്കെ വ്യക്തമായിട്ടും അന്തിമ റിപ്പോർട്ട് വന്നപ്പോൾ വീണ്ടും എല്ലാം കീഴ്‌മേൽ മറിഞ്ഞു. ഭൂമി അൻവറിന്റേതാണെന്നു തെളിയിക്കുന്ന ഒരു രേഖയും ഇല്ലാതിരുന്നിട്ടും അൻവറിന് അവിടെ ഭൂമി ഉണ്ടാകാം എന്നുള്ള തരത്തിലുള്ള ഊഹാപോഹമായിരുന്നു ആ റിപ്പോർട്ട്. ഇതു പാർട്ടിയിലെ ചില നേതാക്കളുടെ ഇടപെടൽ കൊണ്ടാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു– സലീം പറഞ്ഞു. 

കേസിന്റെ നാൾവഴി ഇങ്ങനെ

∙ 2011 നവംബർ 30, 2012 ഫെബ്രുവരി 17 തീയതികളിലായി 50 ലക്ഷം രൂപ അൻവർ കൈപ്പറ്റി.  2016 വരെ പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരിച്ചുതന്നു പ്രശ്നം പരിഹരിക്കാൻ തയാറായില്ല. 

∙ 2017 ഫെബ്രുവരി 17നു സിപിഎം സംസ്ഥാന സെക്രട്ടറിയെ നേരിൽ കണ്ടു സഹായം തേടിയിട്ടും ഫലമുണ്ടായില്ല. 

∙ മഞ്ചേരി സിജെഎം കോടതിയിൽ പരാതി നൽകിയ പ്രകാരം 20-12-17നു കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്താൻ ഉത്തരവുണ്ടായി. 

pv-anvar
പി.വി.അൻവർ എം.എൽ.എ. ഫയൽ ചിത്രം: മനോരമ

∙ 21-12-2017നു മഞ്ചേരി പോലീസ് 588/17 നമ്പറിൽ 420 വകുപ്പ് പ്രകാരം എഫ്ഐആർ ഇട്ടു അന്വേഷണം ആരംഭിച്ചു. കേസ് സിവിൽ സ്വഭാവത്തിൽ ഉള്ളതെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു. ഹൈക്കോടതിയിൽ അന്വേഷണത്തിലെ ക്രമക്കേടുകൾ കാണിച്ചുകൊണ്ട് ഹർജി ഫയൽ ചെയ്തു. അത് അനുവദിച്ചു കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി 13-11-2018ന് ഉത്തരവുണ്ടായി. സംസ്ഥാന പോലീസ് മേധാവി 14-11-2018നു മലപ്പുറം ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നൽകി. അൻവർ നൽകിയ റിവ്യൂ പെറ്റീഷൻ 05-12-2018നു ഹൈക്കോടതി തള്ളി .

∙ 11-12-2018നു മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിയോഗിക്കപ്പെട്ടു. 

∙ കേസിനാസ്പദമായ സ്ഥാപനത്തിന്റെ ഉടമയിൽനിന്നു മൊഴിയെടുത്ത ശേഷം 30-09-2021നു അന്വേഷണ സംഘം കോടതിയിൽ അൻവർ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയിട്ടുള്ളതായി റിപ്പോർട്ട് ചെയ്തു. 

∙ കേസ് ഡയറി ഹാജരാക്കാൻ കോടതി ആവശ്യപ്പെടുകയും നവംബർ 30നു അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. കോടതിയിൽ അന്വേഷണ സംഘം ഡിസംബർ 31നു ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചു. ആ റിപ്പോർട്ടിൽ കേസ് സിവിൽ സ്വഭാവമുള്ളതാണെന്നു അന്വേഷണ സംഘം റിപ്പോർട്ട് നൽകി. ഒരു തെളിവും രേഖയുമില്ലാതെ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നൽകിയ റിപ്പോർട്ടിന്  2022 ജനുവരി 20ന് ഒബ്ജക്‌ഷൻ ഫയൽ ചെയ്തു. 

∙ 2022 ഫെബ്രുവരി 21ന് കേസിൽ പ്രതിക്ക് വഞ്ചന നടത്താൻ ഉദ്ദേശമില്ലായിരുന്നു എന്ന അന്വേഷണ സംഘത്തിന്റെ പരാമർശം കോടതി തള്ളുകയും റിപ്പോർട്ട് തിരിച്ചു നൽകി പുനരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തു.

English Summary: Compalinant Naduthodi Salim Opens up About PV Anvar Quarry Business Case 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com