ലോക്സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടാനുള്ള തന്ത്രം ആവിഷ്കരിക്കും: കോടിയേരി

no-aversion-towards-private-universities-says-kodiyeri-balakrishnan
കോടിയേരി ബാലകൃഷ്ണൻ (ഫയൽ ചിത്രം)
SHARE

കൊച്ചി∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകള്‍ നേടാനുള്ള പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ സിപിഎം തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാൻ സാധിക്കണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ അംഗബലം വർധിക്കണമെന്നും കേരളത്തിന് ഇക്കാര്യത്തിൽ നിർണായക സംഭാവന ചെയ്യാൻ കഴിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004ൽ വാജ്പേയ് സർക്കാർ ഭരിക്കുമ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 18 സീറ്റ് ലഭിച്ചു. അത്രയും സീറ്റ് ലഭിച്ചതിനാൽ വാജ്പേയ് സർക്കാരിനെ പുറത്താക്കാൻ സാധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു 19 സീറ്റു കിട്ടിയിട്ടും മുഖ്യപ്രതിപക്ഷമാകാൻ സാധിച്ചില്ല. ബിജെപിയെ പരാജയപ്പെടുത്താൻ കേരളത്തിലെ ജനം സിപിഎമ്മിനു പിന്നിൽ അണിനിരക്കണം. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനു ചില സംഘടനകള്‍ ശ്രമം നടത്തുകയാണ്. ആർഎസ്എസ് നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയ ധ്രുവീകരണം നടത്തുമ്പോൾ എസ്ഡിപിഐ ആർഎസ്എസിനെപോലെ ആയുധപരിശീലനം നടത്തുന്നു. ജമാഅത്തെ ഇസ്‌ലാമിയും വർഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇതെല്ലാം ജാഗ്രതയോടെ കാണണം. കേരളത്തിൽ കലാപം സൃഷ്ടിക്കാനാണ് ഇത്തരം ശക്തികൾ ശ്രമിക്കുന്നത്. 

പിന്നാക്ക വിഭാഗങ്ങൾ പാർട്ടിയിൽനിന്ന് അകലുന്നതായി വിലയിരുത്തലില്ലെന്നു ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങൾ കൂടുതലായി പാർട്ടിയിലേക്കു വന്നു എന്നാണ് അംഗത്വം തെളിയിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയോട് അടുക്കുന്നു. ഇനിയും അത് ശക്തിപ്പെടും. ഒരു കാലത്ത് പാർട്ടിയിൽ ശക്തമായ വിഭാഗീയത ഉണ്ടായിരുന്നു. സംസ്ഥാന നേതൃത്വം അതിൽ ഇടപെടുന്ന സ്ഥിതിയുണ്ടായി. ഇപ്പോൾ വിഭാഗീയതയ്ക്ക് പൂർണമായി അന്ത്യം കുറിച്ചു. എന്നാൽ, ചില നേതാക്കൾ തനിക്കു ചുറ്റും പാർട്ടി അണികളെ കൂട്ടുന്നുണ്ട്. അത്തരം കാര്യങ്ങള്‍ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കും. 

‌സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി.സുധാകരൻ കത്തു നൽകിയോ എന്ന ചോദ്യത്തിന്, കത്ത് ആർക്കും തരാമെന്നും പരിഗണിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു. മറ്റു പാർട്ടികളിൽനിന്ന് വരുന്നവരെ കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെ വിവിധ ഘടകങ്ങളിൽ ഉൾപ്പെടുത്തും. മുന്നണി വിപുലീകരണം നിലവിലെ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യമുള്ളതല്ല. ഐഎൻഎഎല്ലിലെ ആഭ്യന്തര സംഘർഷം അവരാണ് പരിഹരിക്കേണ്ടത്. എൽഡിഎഫിന്റെ യശസ്സിനു കോട്ടം തട്ടുന്ന സാഹചര്യം ഉണ്ടായാൽ നടപടിയെടുക്കേണ്ടിവരും. മുസ്‌ലിം ലീഗുമായി കൂട്ടുകെട്ട് ഉണ്ടാക്കാൻ ആലോചിക്കുന്നില്ല. സമസ്തയുടെയും കാന്തപുരത്തിന്റെയും നിലപാട് സ്വാഗതാർഹമാണ്, അവരോട് സഹകരിക്കുമെന്നും കോടിയേരി പറഞ്ഞു.

63,950 അംഗങ്ങൾ വർധിച്ചതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. എല്ലാ അംഗങ്ങൾക്കും രാഷ്ട്രീയ വിദ്യാഭ്യാസം നൽകും. 25 വയസ്സിൽ താഴെയുള്ളവരെ കൂടുതലായി പാർട്ടിയിൽ അംഗങ്ങളാക്കും. 19.74 ശതമാനം വനിതകൾ പാർട്ടിയിലുണ്ട്. 50 ശതമാനം ജനപിന്തുണ എൽഡിഎഫിനു ലഭിച്ചിട്ടില്ലെന്നും ഭൂരിപക്ഷത്തിന്റെ പാർട്ടിയായി സിപിഎമ്മിനെ മാറ്റാനുള്ള നിര്‍ദേശങ്ങൾ ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു. യുക്രെയ്‌നിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രമേയം പാസാക്കി.

English Summary: CPM State Conference: Kodiyeri Balakrishnan on Lok Sabha election strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA