ADVERTISEMENT

രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ഇന്ന് മണിപ്പൂർ. മദ്യനയം, അഫ്സ്പ എന്നിവ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമെങ്കിലും എല്ലാ പാർട്ടികളുടെ പ്രകടനപത്രികയിൽ നിറഞ്ഞുനിൽക്കുന്നത് ലോക്തക് തടാകമാണ്. ലോകത്തെ ഒരേയൊരു ഫ്ലോട്ടിങ് തടാകം, ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം, വടക്കുകിഴക്കന്‍ ഇന്ത്യയുടെ രത്‌നം. ഇത്തരത്തിൽ ഏറെ വിശേഷണങ്ങളുള്ള ലോക്തക് തടാക വികസനമാണ് മണിപ്പുരിന്റെ വികസനമെന്ന് പാർട്ടികൾ കരുതുന്നു. ഉള്‍നാടന്‍ ജലപാത പദ്ധതിക്കായി കേന്ദ്രസര്‍ക്കാരും ഉറ്റുനോക്കുന്നത് ഇവിടേക്കു തന്നെ.

∙ മൈതേയ് ജനതയുടെ ‘അമ്മ’; വികസനത്തിൽ ആശങ്ക

ഇംഫാലില്‍ നിന്ന് 53 കിലോമീറ്റര്‍ അകലെയായാണ് ലോക്തക് തടാകം. ഏകദേശം 240 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തടാകത്തെ മുകളില്‍ നിന്നും വീക്ഷിച്ചാൽ ദ്വീപുകളാല്‍ നിറഞ്ഞതാണെന്നേ തോന്നൂ. എന്നാലത് ദ്വീപുകളല്ല. ദ്വീപുകള്‍ പോലെ തോന്നിപ്പിക്കുന്ന ഫുംഡിസ് എന്നറിയപ്പെടുന്ന സസ്യജാലങ്ങളുടെയും ജൈവവസ്തുക്കളുടെയും മണ്ണിന്റെയും ശേഖരമാണ്. വര്‍ഷങ്ങള്‍ കൊണ്ട് സ്വയം രൂപപ്പെട്ട ഇവയിൽ 233 ഇനം ജല മാക്രോഫൈറ്റുകളും ഉള്‍പ്പെടുന്നു.അപൂര്‍വമായ സംഗായ് മാനുകളുടെ ആവാസ കേന്ദ്രമായ ലോക്തക് തടാകം ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിങ് വന്യജീവി സങ്കേതം കൂടിയാണ്.

ഇക്കോടൂറിസം, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധന സംരക്ഷണം എന്നിങ്ങനെ ലോക്തക് വികസനപദ്ധതികളാണ് എല്ലാ പാർട്ടികളും മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇത്തരം പദ്ധതികള്‍ ബാധിക്കുമെന്ന ആശങ്കയിലാണ് മത്സ്യബന്ധന ഗ്രാമങ്ങള്‍. ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ ഇക്കോടൂറിസത്തിന്റെ പേരിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ ഇടയാക്കുമെന്ന ആശങ്കയാണ് തിനുന്‍ഗൈ മത്സ്യത്തൊഴിലാളി യൂണിയന്‍ കണ്‍വീനര്‍ വൈ. രൂപചന്ദ്ര പങ്കുവയ്ക്കുന്നത്.

‘‘തടാകത്തിലെ ഫുംഡിസ് നീക്കം ചെയ്ത് റിസോര്‍ട്ടുകളും കോഴ്‌സുകളും അവതരിപ്പിക്കാനാണ് ലോക്തക് ഡെവലപ്‌മെന്റ് അതോറിറ്റി (തടാകം സംരക്ഷിക്കുന്നതിനായി രൂപീകരിച്ച സ്വയംഭരണ സ്ഥാപനം–എല്‍ഡിഎ)യുടെ ശ്രമം. ജലത്തിൽ ഉയർന്നുക്കിടക്കുന്ന ജൈവതലങ്ങളിൽ മത്സ്യത്തൊഴിലാളികൾ നിർമ്മിച്ച താൽക്കാലിക കുടിലുകൾ തടാകസംരക്ഷണത്തിന്റെ പേരിൽ എൽഡിഎ പൊളിക്കുകയാണ്. വികസനം ഉണ്ടായാൽ കുറച്ചുപേർക്ക് ജോലി ലഭിക്കും. ബാക്കിയുള്ളവരുടെ കാര്യമോ?’’ – രൂപചന്ദ്ര ചോദിക്കുന്നു.

∙ പ്രചാരണപട്ടികകളിലെ വാഗ്ദാനങ്ങള്‍

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും സസ്യജന്തുജാലങ്ങളെയും സംരക്ഷിക്കാന്‍ സമഗ്രമായ കര്‍മപദ്ധതി ആവിഷ്‌കരിക്കുമെന്നാണ് ഭരണകക്ഷിയായ ബിജെപിയുടെ വാഗ്ദാനം. സംരക്ഷണം, വികസനം, പരിപാലനം മുൻനിർത്തി ലോക്തക് തടാകത്തെ തെക്കു-കിഴക്കന്‍ ഏഷ്യയിലെ ഒരു മികച്ച തണ്ണീര്‍ത്തടപ്രതീകമായി മാറ്റിയെടുക്കുമെന്നും ബിജെപി പറയുന്നു. തടാകത്തിന്റെയും അനുബന്ധ തണ്ണീര്‍ത്തടങ്ങളുടെയും പരിപാലനത്തിനായി ലോക്തക് ഡെവലപ്‌മെന്റ് അതോറിറ്റി (എല്‍ഡിഎ) പുനഃസംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചിട്ടുണ്ട്. ചമ്പു ഖാങ്‌പോക്ക് ഫ്‌ലോട്ടിങ് ഗ്രാമത്തിന്റെ പൈതൃകസംരക്ഷണവും ബിജെപിയുടെ പ്രകടനപത്രികയിലുണ്ട്.

അധികാരത്തിലിരുന്ന കാലത്ത് ലോക്തക് വികസന നിയമം കൊണ്ടുവന്ന കോൺഗ്രസ്, സംസ്ഥാന വന വികസന കോര്‍പ്പറേഷനും ലോക്തക് തടാക ഗവേഷണ പരിശീലന കേന്ദ്രവുമാണ് വാഗാദാനം ചെയ്തിരിക്കുന്നത്. 2006ലെ ലോക്തക് സംരക്ഷണ നിയമം വിശകലനം ചെയ്ത് ശാസ്ത്രീയ, ജനകേന്ദ്രീകൃതമായ നിയമനിര്‍മാണ ഭേദഗതി കൊണ്ടുവരുമെന്നുമാണ് നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ പറയുന്നത്. ലോക്തക് ഡെവലപ്‌മെന്റ് അതോറിറ്റി പുനഃക്രമീകരണവും ഇവർ വാഗ്ദാനം ചെയ്യുന്നു.

∙ രാഷ്ട്രീയ വാഗ്ദാനങ്ങള്‍

ഇക്കോടൂറിസം പദ്ധതികളില്‍ ഒട്ടേറെയുള്ള മണ്ഡലമാണ് ലോക്തക് തടാകം ഉൾപ്പെടുന്ന താംങ്ക. പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിക്കുമെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ടി.റോബിന്ദ്രോ സിങ് പറഞ്ഞു. ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റി പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം.

1248--loktak-lake-manipur
ലോക്തക് തടാകത്തിൽ കയാക്കിങ്ങിൽ ഏർപ്പെടുന്നവർ (Photo by DESHAKALYAN CHOWDHURY / AFP)

അതേസമയം, സമീപ മണ്ഡലമായ മൊയ്‌റാങില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും അടുത്തിടെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് കൂറുമാറുകയും ചെയ്ത പി.ശരത്ചന്ദ്ര ഇതിനെതിരാണ്. സുസ്ഥിര വികസനമാണ് വെല്ലുവിളിയെന്നും തദ്ദേശവാസികള്‍ തലമുറകളായി പരമ്പരാഗത മത്സ്യബന്ധനത്തെയാണ് ആശ്രയിക്കുന്നതെന്നും ശരത്ചന്ദ്ര പറഞ്ഞു. ലോക്തക് വികസനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പദ്ധതി നടപ്പാക്കാന്‍ ആഗ്രഹിക്കുകയാണെങ്കിൽ അത് ജനങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്ന് ശരത്ചന്ദ്ര പറഞ്ഞു.

∙ നിയമക്കുരുക്കിൽ വികസനം

ലോക്തക് തടാകത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട തുടങ്ങി ലോക്തക് വികസന അതോറിറ്റിയുടെ പ്രവർത്തനം നിർജീവമാണെന്ന് പ്രവർത്തകർ തന്നെ ആരോപിക്കുന്നു. ഒരു വര്‍ഷത്തിലേറെയായി ഒരു മീറ്റിങ് പോലും എല്‍ഡിഎ നടത്തിയിട്ടില്ല.സംരക്ഷിത പ്രദേശമായ റാംസര്‍ കണ്‍വെന്‍ഷന്റെ കീഴിലുള്ള തടാകം 2017 മുതല്‍ മണിപ്പൂര്‍ ഹൈക്കോടതി നിരീക്ഷിച്ചു വരികയാണ്. 2018 ല്‍ ലോക്തക് ഉള്‍നാടന്‍ ജലപാത വികസന പദ്ധതിക്കും ഇക്കോടൂറിസം പദ്ധതിക്കും കോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ ജലപാതാ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചതോടെ 2020 ഒക്ടോബറില്‍ നിലനിന്നിരുന്ന സ്‌റ്റേ ഭാഗികമായി കോടതി നീക്കുകയായിരുന്നു.

1248-loktak-lake
ലോക്തക് തടാകം (Photo by Biju BORO / AFP)

പദ്ധതിക്കായി ഉള്‍നാടന്‍ ജലപാത മന്ത്രാലയവും ഏഷ്യന്‍ വികസന ബാങ്കും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ ഫണ്ട് മുടങ്ങുമെന്നുമായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. ലോക്തക് തടാകത്തിന് ഭീഷണിയല്ലാത്ത വികസന പ്രവർത്തനങ്ങൾ ക്ലിയറൻസ് എടുത്തശേഷം ആകാമെന്ന് കോടതി അറിയിക്കുകയായിരുന്നു. 

എന്നാല്‍ ഈ ഉത്തരവിനെതിരെ ലോക്തക് തടാക മേഖലയിലെ മത്സ്യത്തൊഴിലാളി യൂണിയന്‍ ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകി. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കപ്പെട്ടെന്നും പ്രദേശവാസികളുമായി അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഒരു പദ്ധതിയും സർക്കാർ ആവിഷ്‌കരിച്ചിട്ടില്ലെന്നും യൂണിയന്‍ ഹര്‍ജിയില്‍ പറഞ്ഞു. 

ഒരു കരട് വിജ്ഞാപനം തയാറായാൽ തണ്ണീര്‍ത്തടങ്ങളുടെ കൃത്യമായ അതിരുകള്‍, നിലവിലുള്ള അവകാശങ്ങള്‍, ജനങ്ങളുടെ പ്രത്യേകാവകാശങ്ങള്‍ എന്നിവ രേഖപ്പെടുത്തണം. ഈ വിഷയത്തിൽ പൊതുജനാഭിപ്രായവും തേടേണ്ടതാണ്. എന്നാല്‍ ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടില്ല. ഫണ്ട് ലഭിച്ചെന്ന് പറഞ്ഞ് കോടതിയെ കബളിപ്പിക്കുകയായിരുന്നുവെന്ന് യൂണിയൻ പക്ഷത്തെ അഭിഭാഷക മാളവിക കൗശിക് പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തി. പദ്ധതിയുടെ അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നതെന്ന് അമിക്കസ് ക്യൂറി അംഗം അഡ്വക്കറ്റ് ജൂലിയസ് റെയ്മി കോടതിയെ അറിയിച്ചു.

1248-loktak
ലോക്തക് തടാകത്തിൽ കയാക്കിങ്ങിൽ ഏർപ്പെടുന്നവർ, പാത്രങ്ങൾ വൃത്തിയാക്കുന്ന കുട്ടികളെയും ചിത്രത്തിൽ കാണാം (Photo by DESHAKALYAN CHOWDHURY / AFP)

∙ രാഷ്ട്രീയ അജൻഡയ്ക്കു കടിഞ്ഞാൺ

ലോക്തക് തടാക വികസനത്തിലൂന്നിയ പാർട്ടിക്കാരുടെ പ്രചരണങ്ങൾക്ക് ഒന്നാംഘട്ട വോട്ടെടുപ്പിന്റെ തലേന്ന് (ഫെബ്രുവരി 27) മണിപ്പുർ ഹൈക്കോടതിയുടെ കടിഞ്ഞാൺ വീണത്. കോടതിയുടെ അനുമതിയില്ലാതെ വികസന/നിർമ്മാണ പ്രവർത്തനങ്ങളൊന്നും ലോക്തക് തടാകത്തിലും പരിസരത്തും നടപ്പാക്കരുതെന്നാണ് മണിപ്പുർ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് എ. ബിമോള്‍ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് നിർദേശം. ലോക്തക് വിഷയത്തിൽ കോടതിയുടെ നിലപാട് വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്ക പാർട്ടികൾക്കുണ്ട്. ഇന്നത്തെ രണ്ടാംഘട്ട വോട്ടെടുപ്പിലും അത് നിർണായകമായേക്കാം.

English Summary: The Loktak lake, is at the centre of a political and environmental battle in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com