ADVERTISEMENT

കീവ്∙ ഉപരോധങ്ങൾ വകവയ്ക്കാതെ ആക്രമണം തുടരുന്ന റഷ്യയെ തടയാൻ കൂടുതല്‍ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ച് യുക്രെയ്ൻ. ആക്രമണം നിർത്താൻ ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അഭ്യർഥിച്ചു. വെടിനിർത്തൽ പ്രഖ്യാപനങ്ങള്‍ റഷ്യ ലംഘിക്കുകയാണെന്നും വിദേശ വിദ്യാര്‍ഥികളടക്കമുള്ളവരെ ഒഴിപ്പിക്കാന്‍ അനുവദിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

30 വർഷമായി ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെ യുക്രെയ്നിലേക്കു സ്വീകരിക്കുന്നു. വിദേശ വിദ്യാർഥികള്‍ക്കായി ഇപ്പോൾ ട്രെയിനുകൾ തയാറാക്കി, ഹോട്‍ലൈനുകൾ ഒരുക്കി, വിവിധ രാജ്യങ്ങളുടെ എംബസികളുമായി ചേർന്നു പ്രവർത്തിച്ചു. യുക്രെയ്ൻ സർക്കാർ മികച്ച രീതിയിൽ തന്നെ കാര്യങ്ങൾ ചെയ്യുന്നുണ്ട്–ദിമിത്രോ കുലേബ വ്യക്തമാക്കി.

‘ഞാൻ ഇന്ത്യ, ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി സംസാരിച്ചു. വെടിനിർത്തലിനും തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും റഷ്യയ്ക്കു മേൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു’. റഷ്യയുമായി അടുത്ത ബന്ധമുള്ള ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു കാര്യങ്ങൾ ബോധ്യപ്പെടുത്തി നൽകാൻ സാധിക്കുമെന്നും യുക്രെയ്ൻ മന്ത്രി പറഞ്ഞു. റഷ്യ ആക്രമിച്ചതുകൊണ്ടു മാത്രമാണ് യുക്രെയ്ൻ പോരാടുന്നത്. ഞങ്ങള്‍ക്ക് നാടിനായി പ്രതിരോധിക്കണം. നിലനിൽപിനായുള്ള ഞങ്ങളുടെ അവകാശത്തെ പുട്ടിൻ അംഗീകരിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

English Summary: Ukraine's Plea Amid Russia Invasion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com