ADVERTISEMENT

പാലക്കാട് ∙ ഡൽഹിയിലെ മാളവ്യനഗർ വർഷങ്ങളായി നേരിടുന്ന അതിരൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിൽ ആർക്കും വലിയ താൽപര്യമില്ലായിരുന്നു. എംഎൽഎമാരുടെ വികസനഫണ്ട്  വർഷാവസാനത്തോടെ പൂർണമായി ചെലവഴിക്കുമെങ്കിലും മാളവ്യനഗറിലെ വരൾച്ചമാത്രം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല,അതിനു പണവും ഇല്ല. എന്നാൽ രാഷ്ട്രീയ കാര്യപരിപാടി പ്രഖ്യാപിക്കുമ്പോൾ വിഷയം ഉണ്ടാവുകയും ചെയ്യും. എവിടെയും വരൾച്ചയുടെ എല്ലാ ദുരിതങ്ങളും അതിന്റെ തീവ്രതയിൽ അനുഭവിക്കുന്നതു സ്ത്രീകളും കുട്ടികളുമാണ്. മാളവ്യയിൽ അതുകൂടിയ നിലയിലായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നപരിഹാരത്തിനു തടസ്സമെന്ന സ്ഥിരം പ്രസ്താവനകൾക്ക് പഞ്ഞമുണ്ടായില്ല. എംഎൽഎമാരുടെ ഫണ്ട് ഉപയോഗിക്കാൻ ഇവിടുത്തെ സ്ത്രീകളുടെ കൂട്ടായ്മകൾ ആവശ്യപ്പെട്ടു. പണം ചെലവഴിക്കുന്നതിൽ അനീതിയുണ്ടെന്നു യുവാക്കളും ആരോപിച്ചു. ഫണ്ട് തീർന്നുവെന്നായിരുന്നു ജനപ്രതിനിധികളുടെ സ്ഥിരം മറുപടി. അപ്പോൾ വികസനഫണ്ട് എവിടെയാണ് കൊടുക്കുന്നത്? പറയുന്നതിലെ യാഥാർഥ്യം എന്താണ്?  സ്ത്രീകളുടെ കൂട്ടായ്മകളിൽ വിവരാവകാശനിയമത്തിനെക്കുറിച്ചും ചർച്ച ഉയർന്നു. നിയമമനുസരിച്ച് വികസനഫണ്ട് ചെലവഴിക്കുന്നതിക്കുറിച്ചുള്ള വിവരങ്ങൾക്ക് പലരും അപേക്ഷ നൽകി.

രാഷ്ട്രീയ, ഉദ്യോഗസ്ഥലോബിയും വെറുതെയിരുന്നില്ല.  വിവരാവകാശം തേടിയുള്ള അപേക്ഷകൾ, പലപ്പോഴും പലകാരണങ്ങൾ പറഞ്ഞുമടക്കി. ക്ഷമയുടെ നെല്ലിപ്പടിയിലെത്തിയിട്ടും വനിതകൾ മുട്ടുമുടക്കിയില്ല. അപ്പീലുകൾ നൽകി. മറുപടിയായി പണം ചെലവഴിച്ചതിന്റെ കണക്ക് ലഭിച്ചപ്പോൾ പാർക്ക് വികസനത്തിനും ഫൗണ്ടയ്നുകളുടെ നിർമാണത്തിനും ഭൂമിവികസനത്തിനുമാണ് 70 % വും നൽകിയിരിക്കുന്നതെന്നത് വ്യക്തമായി. വസ്തുതകൾ ഒരോന്നായി ആർടിഐ മുഖേന പുറത്തുവന്നതോടെ സ്ത്രീകളും കുട്ടികളും നിരന്തരസമരത്തിനിറങ്ങി, വഴിതടഞ്ഞു, നിരാഹാരം കിടന്നു. അതോടെ ബാക്കിഫണ്ട് മുഴുവൻ മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ ഉപയോഗിക്കാൻ തീരുമാനിക്കാൻ ജനപ്രതിനിധികളും നിർബന്ധിതരായി. തുടർ നടപടികളുമുണ്ടായി.

വിവരാവകാശനിയമം ഉപയോഗിക്കുന്നതിൽ സ്ത്രീപങ്കാളിത്തത്തിന്റ രാജ്യത്തെ മികച്ച ദൃഷ്ടാന്തമാണ് ശുദ്ധജലത്തിനു വേണ്ടിയുളള മാളവ്യനഗറിലെ  ഈ പോരാട്ടം. നിയമം ദുർബലപ്പെടുത്താനും വിവരാവകാശകമ്മിഷനുകളുടെ ചിറകരിയാനും കേന്ദ്രസർക്കാർ തലത്തിൽ നീക്കം നടക്കുന്നുവന്ന ആരോപണം ഉയർന്നിരിക്കേയാണ് നിത്യജീവിതത്തിലെ പ്രശ്നങ്ങളിൽ വിവരാവകാശനിയമത്തിലൂടെ വനിതകളുടെ ഇടപെടലുകൾ ചർച്ചയാകുന്നതും വർധിച്ചുവരുന്നതും.

∙ അടിസ്ഥാന ആവശ്യങ്ങൾക്കും ആർടിഐ

റേഷൻ, ശുദ്ധജലം, ശുചിത്വം, വീട് എന്നീ അടിസ്ഥാന പ്രശ്നങ്ങളിൽ സ്ത്രീകൾ വിവരാവകാശമനുസരിച്ച് വസ്തുതകൾ പുറത്തെടുത്തു തുടങ്ങി. സർക്കാർ അനുവദിക്കുന്ന ഫണ്ടും അതു ചെലവഴിക്കുന്ന രീതിയും മുൻഗണനാക്രമങ്ങളും സ്വാധീനങ്ങളുമൊക്കെ അവർ മനസിലാക്കുന്നു. കിലോമീറ്ററുകൾതാണ്ടി ജലംഎത്തിക്കേണ്ട സ്ഥിതിയുണ്ടാക്കുന്നത് പൊതുഫണ്ടിന്റെ വഴിവിട്ട ചെലവഴിക്കലുകളാണെന്ന് തിരിച്ചറിയുന്നു.

കുടുംബങ്ങളും വനിതകളും അനുഭവിക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ ആർടിഐ വലിയ സഹായവും ആയുധവുമാണെന്ന് രാജ്യത്തെ സ്ത്രീകൾ തിരിച്ചറിഞ്ഞുതുടങ്ങിയെന്നത് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ പലയിടത്തും സ്ത്രീകൾക്കുവേണ്ടി ആർടിഐ അപേക്ഷ ഫയൽ ചെയ്യുന്നത് പുരുഷന്മാരെന്ന സ്ഥിതി മാറേണ്ടതുണ്ടെന്നാണ് വിമർശനം ഉയരുന്നത്. ദേശീയ വിവരാവകാശകൂട്ടായ്മ(എൻസിപിആർഐ) നേതൃത്വത്തിൽ നടത്തിയ വനിതാദിനചർച്ചയിൽ പങ്കെടുത്ത പലരും ആർടിഐയുടെ സ്ത്രീപക്ഷ നീക്കങ്ങളും തുടരുന്ന മേൽക്കോയ്മ രീതികളും വിശദമായി ചർച്ചചെയ്തു. സ്ത്രീകളുടെ അവകാശങ്ങളിലും പ്രശ്നങ്ങളിലും വിവരാവകാശത്തിന്റെ സാധ്യതകളാണ് എൻസിപിആർഐ ദേശീയ കോ–കൺവീനർ അഞ്ജലി ഭരദ്വാജ്, പ്രമുഖസാമൂഹികപ്രവർത്തക പി.ഇ.ഉഷ എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുത്ത ചർച്ചയിൽ വിശദമായി ചർച്ചചെയ്തത്. പല പരിഹാരനിർദ്ദേശങ്ങളും പ്രവർത്തകർ അവതരിപ്പിച്ചു. 

തിരുവനന്തപുരം ലയോള കോളജിലെ ദുരന്തനിവാരണവകുപ്പ് മേധാവി ഡോ.ജ്യോതികൃഷ്ണൻ മോഡറേറ്ററായി. നിയമങ്ങൾ പാർലമെന്ററി വ്യവസ്ഥകളിലൂടെയാണ് പാസാക്കിയെടുക്കുന്നതെങ്കിലും വിവരാവകാശനിയമത്തിന്റെ പിറവിക്കുപിന്നിൽ നീണ്ട സമരത്തിന്റെ ചരിത്രമുണ്ട്. മുൻപ് മറ്റൊന്നിലും കാണാത്ത വിധത്തിൽ അതിലുണ്ടായ  സ്ത്രീ പങ്കാളിത്തത്തിന്റെ തുടർ‌ച്ച നിയമം ഉപയോഗിക്കുന്നതിലും കണ്ടുതുടങ്ങിയെന്നത് ആശാവഹമെന്നു അഞ്ജലി ഭരദ്വാജ് പറഞ്ഞു. എന്നാൽ വലിയതോതിൽ സ്ത്രീകൾ ആർടിഐയിൽ രംഗത്തുവരണം. എണ്ണവും നിയമത്തിന്റെ കരുത്തും അത് ഉപയോഗിക്കേണ്ട രീതിയും ആവശ്യവും അവർക്കിടയിൽ  വ്യാപകമായി പ്രചരിപ്പിക്കാൻ അനൗപചാരികതലം മുതലുളള പരിശ്രമത്തിനാണ് എൻസിപിആർഐ തീരുമാനം. 

∙ 60 ലക്ഷം വിവരാവകാശ അപേക്ഷ; സ്ത്രീകൾ 10%

രാജ്യത്ത് പ്രതിവർഷം 60 ലക്ഷം വിവരാവകാശ അപേക്ഷ ഫയൽ ചെയ്യപ്പെടുന്നതിൽ 10 ശതമാനമാണ് വനിതകളുടെ എണ്ണം. ലിംഗനീതി, സമത്വം, ഒപ്പത്തിനൊപ്പം തുടങ്ങിയ എന്ന മുദ്രാവാക്യങ്ങളും ചർച്ചകളും തുടരെ നടക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഈ കണക്ക്  ഒരു കുറവായി കാണാമെങ്കിലും അത് തീരെ കുറവല്ലെന്നു വാദിക്കുന്നവരും ഏറെയാണ്. 10 % പേർ വിവരാവകാശരംഗത്ത് സജീവമാണെന്നത് വരും ദിവസങ്ങളിൽ അത് വനിതാമേഖലയിൽ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളുടെ സൂചനകളാണ് വ്യക്തമാക്കുന്നത്.

എന്നാൽ ആവശ്യം ആരുടെതായാലും അതിന് അപേക്ഷ നൽകേണ്ടത് പുരുഷന്മാർ എന്ന സാഹചര്യം ഗൗരവമായി കാണണമെന്ന നിർദ്ദേശവും ചർച്ചയിൽ ഉയർന്നു. അപ്പോൾ വിവരാവകാശപ്രവർത്തനം പൂർണമാകുന്നില്ല. ആർടിഐ നിലവിൽ വന്നശേഷം അതു പ്രയോഗിച്ചതിന്റെ പേരിൽ ഇതുവരെ രാജ്യത്ത് 90 പേർ കൊല്ലപ്പെട്ടു. അക്രമത്തിന് വിധേയരായ 200 പേർ ഗുരുതരാവസ്ഥയിലാണ് ജീവിക്കുന്നത്. ഭരണകൂടത്തിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരാൻ  ശ്രമിച്ചുവന്നതാണ് ഇവർ ചെയ്ത തെറ്റ്.

കേരളത്തിൽ സ്ത്രീകളുടെ സംരക്ഷണത്തിന് നിയമങ്ങളും ഉത്തരവുകളും നിരവധി സംവിധാനങ്ങളുമുണ്ട്.എന്നാൽ നിയമങ്ങൾ കെ‍ാണ്ടുവരുന്നവർതന്നെ അവ നടപ്പാക്കുന്നതിൽ വെളളംചേർത്തും ലഘൂകരിച്ചും ലളിതവൽക്കരിച്ചും ഏതാണ്ട് അതിനെ ഇല്ലാതാക്കുന്ന രീതിയാണ് തുടരുന്നത്. നിയമങ്ങൾ, നടപടിക്രമങ്ങൾ കൊണ്ടുവരിക പിന്നീട് അത് ദുർബലമാക്കുക എന്നത്  ആസൂത്രീതമായ രാഷ്ട്രീയ നീക്കമെന്നാണ് പി.ഇ.ഉഷ അഭിപ്രായപ്പെട്ടത്. അങ്ങനെ സംഭവിച്ചുപോകുന്നതല്ല, കൊണ്ടെത്തിക്കുന്നതാണത്.

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും അതുകൈകാര്യം ചെയ്ത രീതിയും കേസിന്റെ നടത്തിപ്പും ഈ രീതി വ്യക്തമാക്കുന്നതാണ്. സുരക്ഷയ്ക്കായി സർക്കാർ കൊണ്ടുവന്ന നിയമങ്ങളുടെ നടത്തിപ്പിനെക്കുറിച്ചറിയാനും അതിന്റെ ഫലപ്രദമായ ഉപയോഗത്തിനും നിരന്തരം ഇടപെടേണ്ട സാഹചര്യമാണുളളത്. ഇവിടെയാണ് വിവരാവകാശത്തിൽ സ്ത്രീകളുടെ പങ്ക് കൂടുതൽ പ്രസക്തമാകുന്നതെന്നും ഉഷ വ്യക്തമാക്കി.

∙ അധികാരസ്ഥാനങ്ങളിലെ നല്ലകുട്ടികൾ

സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും ശബ്ദമുയർത്തുന്ന പലരും പിന്നീട്, മത, ജാതി, രാഷ്ട്രീയ ശക്തികളുടെ കീഴിൽ സംഘടനകളിലും സ്ഥാപനങ്ങളിലും ചേർന്ന് ‘നല്ല കുട്ടി;കളായും ന്യായീകരണതൊഴിലാളികളായും മാറുന്ന അപകടരമായ അവസ്ഥ കേരളത്തിൽ വ്യാപിക്കുകയാണ്. വനിതകൾക്കായി രൂപീകരിക്കുന്ന, നിലനിൽക്കുന്ന അർധനീതിന്യായ സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും ഇത്തരം ‘നല്ല കുട്ടി’കളാണ് അധികാരത്തിലെത്തുന്നത്. അവിടെ നിന്നു ഏതുതരത്തിലുളള, ആരുടെ നീതിയാണ് ഭൂരിഭാഗംവരുന്ന സ്ത്രീകൾക്കു കിട്ടുക എന്നതാണ് ചോദ്യം.

വർഷങ്ങളായി തുടരുന്ന പ്രസ്താവനകളാണ് പലപ്പോഴും ഈ സ്ഥാപനങ്ങളിൽ നിന്നുണ്ടാകുന്നത്. അത് തുല്യനീതിയുടെതും സമത്വത്തിന്റേതുമാകുന്നില്ല. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളിൽ ആർടിഐ പ്രകാരം വനിതകളുടെ തുടർച്ചയായ ഇടപെടലുകൾ ഫലം ചെയ്യും. പലപ്പോഴും ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണു രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും സ്ഥിതിവിശേഷം. നിലവിലുളള സാഹചര്യത്തിൽ വിവരാവകാശം പ്രയോഗിക്കുന്നതിൽ പുരുഷന്മാരാണ് മുൻപിൽ. വികസിതമായ സാമൂഹിക സാഹചര്യം കണക്കിലെടുക്കുമ്പോൾ  കേരളംപോലുളള സംസ്ഥാനത്ത് ആർടിഐയിൽ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതുപരിഹരിക്കാൻ എൻസിപിആർഐ മുൻകൈഎടുത്ത് പരിശീലനവും പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു.

English Summary: Women empowerment in Delhi Malviya Nagar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com