തിരഞ്ഞെടുപ്പിന് മുൻപ് അനഭിമതൻ; ഇരുട്ടി വെളുത്തപ്പോൾ പടനായകൻ: താരമായി ബിരേൻ സിങ്

1248-n-biren-singh
SHARE

ഇംഫാൽ∙ മണിപ്പുരിലെ ബിജെപിയെ പുതിയ ഉണർവിലേക്ക് നയിക്കാൻ പുതിയ നേതൃത്വം ഉയർന്നു വരേണ്ടത് അനിവാര്യതയാണെന്ന അടക്കം പറച്ചിലുകൾക്ക് ഇനി സ്ഥാനമുണ്ടെന്നു തോന്നുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ അനഭിമതനായ നേതാവ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ  ബിജെപിയുടെ പടനായകനായി ഉയരുന്ന കാഴ്ച. കോൺഗ്രസിനെ അപ്രസക്തരാക്കി കൊണ്ട് മണിപ്പുരിൽ പാർട്ടി തുടർഭരണമെന്ന സ്വപ്നം യഥാർഥ്യമാക്കുമ്പോൾ എൻ. ബിരേൻ സിങ്ങെന്ന മണിപ്പുർ മുഖ്യമന്ത്രിക്ക് പത്തരമാറ്റ് തിളക്കം. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതിനും ബിജെപിക്കു നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു. 

മുഖ്യമന്ത്രിയായിരുന്ന സർബാനന്ദ സോനോവാളിനെ  മറികടന്ന് സംസ്‌ഥാനത്തെ ഏറ്റവും കരുത്തനായ മന്ത്രി എന്ന് പേരെടുത്ത ഹിമന്ത ബിശ്വ ശർമയെ വാഴിച്ച അസം മാതൃക മണിപ്പുരിലും പരീക്ഷിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ നേരത്തെയുള്ള തീരുമാനം. 2017ൽ കപ്പിനും ചുണ്ടിനും ഇടയിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട യുവനേതാവ് തോങ്ഗം ബിശ്വജിത് സിങ്ങിന്റെ പേരാണ് മണിപ്പുരിൽ ഇത്തവണ ഉയർന്നു കേട്ടതും. എന്നാൽ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ബിരേൻ സിങ്ങിനെ തന്നെ വീണ്ടും പരീക്ഷിക്കുമെന്ന ആദ്യസൂചന പാർട്ടി നൽകിയതും. മണിപ്പുരിൽ നടന്ന പൊതുറാലിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ഇത് സംബന്ധിച്ച് ആദ്യമായി സൂചന നൽകിയത്. 

രാഷ്ട്രീയത്തിലിറങ്ങും മുൻപു ഫുട്ബോൾ താരവും മാധ്യമപ്രവർത്തകനുമായിരുന്നു മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. മോഹൻബഗാനെ തോൽപ്പിച്ച് 1981 ൽ ഡ്യൂറന്റ് കപ്പ് ഉയർത്തിയ ബിഎസ്എഫ് ടീമിന്റെ ഈ പഴയ കളിക്കാരനാണ് മണിപ്പുരിൽ ബിജെപിയെ ഇത്തവണ തിലകക്കുറി തൊടുവിച്ചതും. കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മുൻ മന്ത്രിയെന്ന നിലയിലുള്ള ഭരണപരിചയമാണ് 2017ൽ മുഖ്യമന്ത്രി പദത്തിലേറാൻ ബിരേൻ സിങ്ങിനെ സഹായിച്ചത്. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ നിരവധി പ്രതിസന്ധികളാണ് അദ്ദേഹം നേരിട്ടത്. സഖ്യസർക്കാർ നേരിട്ട പ്രതിസന്ധികൾ കണക്കിലെടുത്ത് ബിരേൻ സിങ്ങിനെ മാറ്റണമെന്ന് പലതവണ തോങ്ഗം ബിശ്വജിത് സിങ് ക്യാംപ് ആവശ്യപ്പെട്ടുവെങ്കിലും നേതൃത്വം വഴങ്ങിയില്ല. 

ആറു തവണ തുടർച്ചയായി ബിഷ്ണുപുർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും നിയമസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പും പിസിസി പ്രസിഡന്റുമായിരുന്ന ഗോവിന്ദാസ് കൊന്തൗജത്തെ അനുയായികളെയും കൂട്ടത്തോടെ ബിജെപിയിലെത്തിക്കാൻ ചരടു വലിച്ചത് ബിരേൻ സിങ്ങായിരുന്നു. വികസനവും ക്രമസമാധാനവും ഉയർത്തി വോട്ടുപിടിക്കാൻ ബിജെപിക്കു ആത്മവിശ്വാസം ഉണ്ടാക്കിയത് ബിരേൻ സിങ്ങിന്റെ ഭരണമാണെന്നു ബിരേൻ സിങ് അനുയായികൾ ചൂണ്ടിക്കാണിക്കുന്നു. 

തോങ്ഗം ബിശ്വജിത് സിങ്, കോൺഗ്രസിൽ നിന്ന് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപെത്തിയ ഗോവിന്ദാസ് കൊന്തൗജം എന്നിവരുടെ പേരുകൾ ഭാവിയിലെ മുഖ്യമന്ത്രിയുടെ പേരിനോട് ചേർത്ത് നേതാക്കൾ ഉയർത്തി കാട്ടുകയും ചെയ്തിരുന്നു. മണിപ്പുരിൽ സ്ഥിരതയുള്ള ഒരു സർക്കാർ ബിജെപി രൂപീകരിക്കുമെന്ന് ഉറപ്പായ സ്ഥിതിക്ക് ഒരു തവണ കൂടി ബിരേൻ സിങ്ങിന് അവസരം നൽകാൻ തന്നെയാണ് സാധ്യത. മണിപ്പുരിൽ ബിജെപിക്കായി ഒരു പുതിയ മുഖ്യമന്ത്രി വന്നിട്ടു പ്രത്യേകിച്ച് യാതൊരു കാര്യവുമില്ലെന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു മണിക്കൂറുകൾക്കു മുൻപ്  ബിജെപി സംസ്ഥാന അധ്യക്ഷ എ ശാരദ ദേവി നടത്തിയ പ്രസ്താവനയും ഈ സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നതും. 

Enlgish Summary: BJP set to become single largest party in Manipur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS