ADVERTISEMENT

ലക്‌നൗ∙ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ നാല് കര്‍ഷകരും മൂന്ന് ബിജെപി പ്രവര്‍ത്തകരും ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ ബിജെപി ജയിച്ചു. സിറ്റിങ് എംഎൽഎയും ബിജെപി സ്ഥാനാര്‍ഥിയുമായ യോഗേഷ് വര്‍മ 62,906 വോട്ടുകൾ നേടി. എസ്പി സ്ഥാനാര്‍ഥി ഉത്കര്‍ഷ് വര്‍മ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രവിശങ്കര്‍ ത്രിവേദി, ബിഎസ്പി സ്ഥാനാര്‍ഥി മോഹന്‍ ബാജ്പേയ് എന്നിവര്‍ യഥാക്രമം 57,603, 1410, 11,420 വോട്ടുകൾനേടി. 2017ല്‍ യോഗേഷ് വര്‍മ 1,22,677 വോട്ട് നേടിയാണ് വിജയിച്ചത്. 

2017ല്‍ ജില്ലയിലെ എട്ട് സീറ്റുകളിലും (പാലിയ, നിഗസന്‍, ഗോലാ ഖോരനാഥ്, ശ്രീനഗര്‍, ധവുരാഹ്ര, ലഖിംപുര്‍, കസ്ത, മൊഹമ്മദി) ബിജെപിയാണ് ജയിച്ചത്. യുപിയില്‍ ബിജെപിയുടെ ഏറ്റവും ശക്തനായ നേതാവായിരുന്ന അജയ് മിശ്രയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണത്തിലാണ് അന്ന് ബിജെപി എട്ടു സീറ്റുകളും നേടിയത്. ലഖിംപുര്‍ സംഭവത്തെ തുടര്‍ന്ന് ഇത്തവണ അദ്ദേഹത്തെ പ്രചാരണങ്ങളില്‍നിന്ന് ബിജെപി മാറ്റിനിര്‍ത്തിയിരുന്നു. ജില്ലയിലെ പ്രമുഖ ബ്രാഹ്മണ മുഖമായിരുന്നു അജയ് മിശ്ര.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലഖിംപുരില്‍ കര്‍ഷകരുള്‍പ്പെടെ കൊല്ലപ്പെട്ടത്. കേന്ദ്ര മന്ത്രിയായ അജയ് മിശ്രയുടെയും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദര്‍ശനത്തിനെതിരെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ‌യായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുക്കാനായി ഇരുവരും ലഖിംപുരിയിലെ മഹാരാജ അഗ്രസന്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് ഹെലിപാഡില്‍ ഇറങ്ങുന്നുവെന്ന് അറിഞ്ഞ കര്‍ഷകര്‍, ഹെലിപാഡ് ഉപരോധിക്കാനായി കരിങ്കൊടിയേന്തി അവിടെയെത്തി. ഇരുവരും എത്തുന്നില്ലെന്നറിഞ്ഞ് കര്‍ഷകര്‍ തിരിച്ചു പോകവേ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ 3 വാഹനങ്ങള്‍ കര്‍ഷകരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. വാഹനം ഇടിച്ച് നാല് കര്‍ഷകര്‍ മരിച്ചു. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു മാധ്യമപ്രവര്‍ത്തകനും മരിച്ചു. 

English Summary: Uttar Pradesh Assembly Election Results 2022 - Lakhimpur Kheri 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com