ADVERTISEMENT

ലക്നൗ∙ ഉത്തര്‍പ്രദേശിലെ 403 നിയമസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കന്നിയങ്കം ജയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പുര്‍ അര്‍ബന്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച യോഗി 1,20,610 വോട്ടുകൾക്ക് ജയിച്ചു. സമാജ്‌വാദി പാര്‍ട്ടി (എസ്പി) സ്ഥാനാര്‍ഥി സുഭാവതി ശുക്ലയ്ക്ക് 47,232 വോട്ടുകൾ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചേത്ന പാണ്ഡെ 1942 വോട്ടുകളും നേടി. ആസാദ് സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് 6139 വോട്ടുകളും നേടി. 

യോഗിയുടെ നിയമസഭയിലേക്കുള്ള കന്നി മത്സരമായിരുന്നു ഇത്. മുന്‍പ് ഗോരഖ്പുര്‍ എംപി ആയിരുന്ന യോഗി, ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ വഴിയാണ് മുഖ്യമന്ത്രിയായത്. 1998 മുതല്‍ തുടര്‍ച്ചയായി 5 തവണയാണ് ഗോരഖ്പുര്‍ മണ്ഡലത്തില്‍നിന്ന് അദ്ദേഹം ലോക്സഭാംഗമായത്. 2014 സെപ്റ്റംബറില്‍ തന്റെ ആത്മീയ പിതാവ് മഹന്ത് അവൈദ്യനാഥിന്റെ മരണശേഷം ഗോരഖ്‌നാഥ് മഠത്തിന്റെ മഹന്ത് (പ്രധാന പുരോഹിതന്‍) എന്ന ചുമതല കൂടി വഹിക്കുന്ന യോഗിക്ക്, ഗോരഖ്പുരുമായി സവിശേഷ ബന്ധമുണ്ട്.

2017ല്‍ ബിജെപിയുടെ ഡോ. രാധാമോഹന്‍ ദാസ് അഗര്‍വാള്‍ 1,22,221 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റാണാ രാഹുല്‍ സിങ്ങിന് 61,491 വോട്ട് മാത്രമാണ് ലഭിച്ചത്. 2012ലും ഡോ. രാധാമോഹന്‍ ദാസ് അഗര്‍വാള്‍ തന്നെയാണ് ഇവിടെ വിജയിച്ചത്. 

അയോധ്യ ക്ഷേത്രനിര്‍മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ യോഗി അയോധ്യയില്‍ നിന്നാവും മത്സരിക്കുകയെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. മഥുരയില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബിജെപി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച യോഗിയെ ഗോരഖ്പുരില്‍നിന്നു തന്നെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.

ബിജെപി യുപി മുന്‍ വൈസ് പ്രസിഡന്റ് ഉപേന്ദ്ര ശുക്ലയുടെ ഭാര്യയാണ് സുഭാവതി ശുക്ല. 2018ല്‍ ഗോരഖ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഉപേന്ദ്ര ശുക്ല ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2020 മേയില്‍ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉപേന്ദ്ര ശുക്ലയുടെ മരണശേഷം ബിജെപി തങ്ങളെ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് ആരോപിച്ചാണ് സുഭാവതി 2022 ജനുവരി 20ന് എസ്പിയില്‍ ചേര്‍ന്നത്.

ഗോരഖ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റാണ് കവി കൂടിയായ ചേത്ന പാണ്ഡെ. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാജന്‍വ മണ്ഡലത്തില്‍നിന്ന് സ്വതന്ത്രയായി മത്സരിച്ച ചേത്ന 2200 വോട്ടുകള്‍ നേടി. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ (എബിവിപി) മുന്‍ പ്രവര്‍ത്തകയായിരുന്ന ചേത്ന, 2019ല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്‍പ് യോഗി ആദിത്യനാഥിനു വേണ്ടി പ്രചാരണം നടത്തിയിരുന്നു. 

ഭീം ആര്‍മി സ്ഥാപകരിലൊരാളുമായ ചന്ദ്രശേഖര്‍ ആസാദ്, 2020ലാണ് ആസാദ് സമാജ് പാര്‍ട്ടി സ്ഥാപിച്ചത്.  യോഗി ആദിത്യനാഥ് നിയമസഭയില്‍ എത്തരുത് എന്നത് തനിക്ക് പ്രധാനമാണെന്നും അതുകൊണ്ട് അദ്ദേഹം എവിടെ മത്സരിച്ചാലും താന്‍ മത്സരിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് തിരഞ്ഞെടുപ്പിനു മുന്‍പ് പറഞ്ഞിരുന്നു. സഖ്യമുണ്ടാക്കാന്‍ എസ്പിയുമായി ശ്രമിച്ചെങ്കിലും നടന്നില്ല.

English Summary: Uttar Pradesh Assembly Election Results, Yogi Adityanath, Gorakhpur Urban Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com