ഗോവയിൽ 3 ദമ്പതികൾക്ക് ജയം; തൃണമൂൽ സ്ഥാനാർഥികളായ അച്ഛനും മകളും തോറ്റു

Vishwajit-Rane-Divya-Rane-11
വിശ്വജിത് റാണെയും ഭാര്യ ദിവ്യയും
SHARE

പനജി ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ കൗതുകമായി ദമ്പതികളുടെ വിജയം. മത്സരിച്ച നാലു ദമ്പതികളിൽ മൂന്നു ദമ്പതികളും വിജയിച്ചു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളായി അച്ഛനും മകളും ഉണ്ടായിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.

മന്ത്രി വിശ്വജിത്ത് പ്രതാപ് റാണെ, ഭാര്യ ദിവ്യ എന്നിവർ മികച്ച വിജയമാണ് നേടിയത്. വാൽപോയ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി വിശ്വജിത്ത് പ്രതാപ് റാണെ 8,085 വോട്ടുകൾക്കാണ് ആർജിപിയുടെ തുകറാം ഭരത് പരബിനെ പരാജയപ്പെടുത്തിയത്. വിശ്വജിത്തിനെ മറികടക്കുന്ന പ്രകടനമാണ് ഭാര്യ ദിവ്യ കാഴ്ചവച്ചത്. പോരിം മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയും തന്റെ ഭർത്താവിന്റെ അതേ പേരുകാരനുമായ വിശ്വജിത്ത് റാണെയെ 13,943 വോട്ടുകൾക്കാണ് ദിവ്യ തോൽപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും ദിവ്യയ്ക്കാണ്.

തന്റെ ഭർതൃപിതാവും ആറു തവണ സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിങ് റാണെയുടെ തട്ടകമായ പോരിം മണ്ഡലത്തിലാണ് ദിവ്യയുടെ മിന്നുംവിജയം. പ്രതാപ് സിങ് റാണെയെ ഇത്തവണയും മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചെങ്കിലും മകന്റെ ഭാര്യയെ ബിജെപി സ്ഥാനാർഥിയാക്കിയതോടെ അദ്ദേഹം പിന്മാറുകയായിരുന്നു.

ബിജെപി സ്ഥാനാർഥികളായ അതനാസിയോ ബാബുഷ് മൊൺസെരാറ്റയും ഭാര്യ ജെന്നിഫറുമാണ് വിജയമുറപ്പിച്ച രണ്ടാമത്തെ ദമ്പതികൾ. പനജിയിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിനെ 716 വോട്ടുകൾക്കാണ് അതനാസിയോ പരാജയപ്പെടുത്തിയത്. ഭാര്യ ജെന്നിഫർ തലെയ്ഗാവ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ടോണി ആൽഫ്രഡോ റോഡ്രിഗസിനെ 2041 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.

michael-lobo-4
മൈക്കിൾ ലോബോ

കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച മൈക്കിൾ ലോബോയും ഭാര്യ ദലീല ലോബോയുമാണു നിയമസഭയിലേക്കെത്തുന്ന മൂന്നാമത്തെ ദമ്പതികൾ. കലൻഗുട്ടെ മണ്ഡലത്തിൽ മൈക്കിൾ ലോബോ 4979 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി ജോസഫ് റോബർട്ടിനെ പരാജയപ്പെടുത്തിയത്. സിയോലിം മണ്ഡലത്തിൽ ദലീല ലോബോ 1727 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി ദയാനന്ത് മൻട്രേക്കറിനെ പിന്നിലാക്കിയത്. നിലവിലെ ബിജെപി മന്ത്രിസഭയിൽ അംഗമായിരുന്ന മൈക്കിൾ ലോബോ, ഭാര്യയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പാർട്ടി നിരസിച്ചതിനെ തുടർ‌ന്നാണ് കോൺഗ്രസിൽ ചേർന്നത്. 

ഉപമുഖ്യമന്ത്രി ചന്ദ്രകാന്ദ് കാവ്‌ലേകർ, സാവിത്രി കാവ്‌ലേകർ ദമ്പതികൾക്ക് പരാജയമായിരുന്നു ഫലം. ക്യൂപെം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അൽടോൺ ഡികോസ്റ്റയോട് 3601 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി ചന്ദ്രകാന്ദ് കാവ്‌ലേകർ പരാജയപ്പെട്ടത്. സംഗം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സാവിത്രി കാവ്‌ലേകർ 1429 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥി സുഭാഷ് ഉത്തംഫാൽ ദേശായിയോടാണ് പരാജയപ്പെട്ടത്. 

ചർച്ചിൽ ബ്രദേഴ്സ് ഫുട്ബോൾ ക്ലബ് ഉടമയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ചർച്ചിൽ അലിമാവോയും മകൾ വലൻക നടാഷ അലിമാവോയും പരാജയപ്പെട്ടു. ബെനോളിം മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർഥി വെൻസി വീഗസിനോട് 1271 വോട്ടുകൾക്കാണ് ചർച്ചിൽ അലിമാവോ പരാജയപ്പെട്ടത്. നവേലിം മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർഥി വലൻക അലിമാവോ 430 വോട്ടിന് ബിജെപി സ്ഥാനാർഥി ഉൽഹാസ് തെൻകറിനോടാണ് പരാജയപ്പെട്ടത്. 

churchill-alemao
ചർച്ചിൽ അലിമാവോ

English Summary: Victory of couples in Goa Assembly elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS