ADVERTISEMENT

കോഴിക്കോട്∙ രാമായണം ബാലകാണ്ഡം മാത്രം വായിച്ചുവന്നവരോട് അയോധ്യാ കാണ്ഡത്തിന്റെ കഥ പറയാൻ ആവശ്യപ്പെട്ടാൽ എന്തായിരിക്കും സ്ഥിതി? അതാണ് ഇന്നലെ ബിരുദ പരീക്ഷാ ഹാളിൽ നടന്നത്. കാലിക്കറ്റ് സർവകലാശാലയിൽ ബിരുദം രണ്ടാം സെമസ്റ്റർ പരീക്ഷകൾ നടക്കുകയാണ്.

വെള്ളിയാഴ്ച ബിഎ മലയാളം രണ്ടാം സെമസ്റ്റർ പരീക്ഷയിലെ സംസ്കൃതം ചോദ്യപേപ്പറിലാണ് സിലബസ്സിനു പുറത്തുനിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെട്ടത്. അഞ്ചു ചോദ്യങ്ങൾ സിലബസ്സിനു പുറത്തുനിന്നാണെന്ന് അധ്യാപകർ പറഞ്ഞു. സംസ്കൃതം പാഠപുസ്തകങ്ങളിലൊന്ന് വാത്മീകിരാമായണം ബാല കാണ്ഡമായിരുന്നു. എന്നാൽ‍ ചോദ്യങ്ങൾ അയോധ്യാ കാണ്ഡത്തിൽനിന്നാണു വന്നത്.

ചോദ്യപേപ്പറിൽ പാർട്ട് ബിയിൽ എട്ടുചോദ്യങ്ങളിൽ അഞ്ചുചോദ്യത്തിന് ഉത്തരമെഴുതണം. ഇതിൽ മൂന്നു ചോദ്യങ്ങൾ സിലബസ്സിനു പുറത്തുനിന്നാണ്. പാർട്ട് സിയിൽ നാലു ചോദ്യങ്ങളിൽ രണ്ടു ചോദ്യത്ത് ഉത്തരമെഴുതണം. ഇതിലെ രണ്ടു ചോദ്യങ്ങളും സിലബസ്സിനു പുറത്തുനിന്നാണ്. ഇതോടെ വിദ്യാർഥികൾക്കു തങ്ങൾക്കറിയയാവുന്ന ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള അവസരം നഷ്ടമായി. ചോദ്യപേപ്പറിൽ ഏറ്റവുമധികം മാർക്കു ലഭിക്കുന്ന ചോദ്യങ്ങളാണ് ഈ രണ്ടു വിഭാഗത്തിലുമുള്ളത്.

ബിഎ മലയാളത്തിൽ ഐച്ഛിക വിഷയമായി സംസ്കൃതം പഠിക്കുന്ന വിദ്യാർഥികൾ ആദ്യമായാണ് ഭാഷ പഠിക്കുന്നതെന്നതിനാൽ ആദ്യാക്ഷരം മുതൽ പഠിക്കുന്നവരാണ്. ഇവർക്കായി ചോദ്യങ്ങളുടെ ഇംഗ്ലിഷ് പരിഭാഷയും സാധാരണയായി ചോദ്യപേപ്പറിൽ ഉൾപ്പെടുത്താറുണ്ട്. ഇത്തവണ അതും ഒഴിവാക്കിയതോടെ വിദ്യാർഥികൾ വെട്ടിലായി.

English Summary: Calicut University: BA Malayalam students complain of out of syllabus questions in exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com