47 സീറ്റ് നേടി അധികാരത്തിലെത്തിയിട്ടും ശക്തികേന്ദ്രത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി തോറ്റതിന്റെ ഞെട്ടലിൽ ബിജെപി. പ്രചാരണത്തിനു ചുക്കാൻ പിടിച്ച മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും പിസിസി പ്രസിഡന്റ് ഗണേഷ് ഗോദിയിലും അടക്കമുള്ള പ്രമുഖർ തോറ്റമ്പിയപ്പോൾ 19 സീറ്റിലൊതുങ്ങി കോൺഗ്രസ്. ഉത്തരാഖണ്ഡിൽ സൂപ്പര്‍ പോരാട്ടങ്ങൾ നടന്ന സീറ്റുകളും ഫലവും;
∙ ഖാത്തിമ– ഖാത്തിമ നിയോജകമണ്ഡലത്തിൽനിന്നുള്ള 3–ാം അങ്കത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് അടിതെറ്റി. ധാമി കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രിയോട് 6,932 വോട്ടിനു തോറ്റു. 2017ൽ ഭുവൻ ചന്ദ്ര കാപ്രിയെ 3000ൽ താഴെ വോട്ടുകൾക്കാണു ധാമി ഇവിടെ പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ മുന്നേറ്റത്തിനിടെയും മുഖ്യമന്ത്രിയുടെ തോൽവി ബിജെപിക്ക് കടുത്ത നിരാശയായി. ആർഎസ്എസിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയ ധാമി, 2002 മുതൽ 2008 വരെ യുവമോർച്ച സംസ്ഥാന ഘടകം അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
∙ ശ്രീനഗർ– സംസ്ഥാനം ഉറ്റുനോക്കിയ തീപ്പൊരി പോരാട്ടം നടന്ന ശ്രീനഗർ സീറ്റിൽ പിസിസി പ്രസിഡന്റ് ഗണേഷ് ഗോദിയാലിനെ, ബിജെപി സ്ഥാനാർഥി ഡോ. ധൻ സിങ് റാവത്ത് 587 വോട്ടുകൾക്കു പരാജയപ്പെടുത്തി. 2017 നിയമസഭാ തിരഞ്ഞെടുപ്പിന്റെ തനി ആവർത്തനമായിരുന്നു ഇവിടെ. അന്നും ഗണേഷ് ഗോദിയാലിനെത്തന്നെയാണ്(56) ധൻ സിങ് റാവത്ത് (52) പരാജയപ്പെടുത്തിയത്. എന്നാൽ ഇക്കുറി സംസ്ഥാന മന്ത്രിയായി ധൻ സിങ് റാവത്തും പിസിസി പ്രസിഡന്റായി ഗോദിയാലും ഇറങ്ങിയതോടെ ശ്രീനഗർ വീണ്ടും ചൂടുപിടിച്ചു.
ആർഎസ്എസിലൂടെ പൊതു പ്രവർത്തന രംഗത്തെത്തിയ റാവത്ത് എബിവിപി സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2012ൽ ശ്രീനഗർ സീറ്റിൽനിന്നുതന്നെ ആദ്യമായി നിയമസഭിയിലേക്കു മത്സരിച്ചെങ്കിലും അന്നു ഗോദിയാലിനെതിരെ തോൽവിയായിരുന്നു ഫലം. 2017ൽ ഗോദിയാലിനോടു മധുര പ്രതികാരം ചെയ്ത് ആദ്യമായി നിയമസഭിയിലെത്തി. പിന്നാലെ മന്ത്രിയുമായി.ഉത്തരാഖണ്ഡ് കോൺഗ്രസ് കമ്മിറ്റിയിൽ വർഷങ്ങളായി പ്രവർത്തിച്ചതിന്റെ തഴക്കവുമായാണു ഗോദിയാൽ പോരാട്ടത്തിനിറങ്ങിയത്. 2002ൽ 40 ശതമാനത്തോളം വോട്ടുനേടി താലിസെയ്ൻ മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ഗോദിയാൽ, പിന്നീട് 2007ൽ അതേ മണ്ഡലത്തിൽ ബിജെപിയുടെ പൊഖ്രിയാൽ നിഷാങ്കിനോട് തോൽവി രുചിച്ചിരുന്നു.
∙ ഹരിദ്വാർ റൂറൽ– ബിജെപി നേതാവും സിറ്റിങ് എംഎൽഎയുമായ യതീശ്വരാനന്ദിനെ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകളും മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ അനുപമ റാവത്ത് 4,472 വോട്ടുകൾക്കു പരാജയപ്പെടുത്തി. 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ അച്ഛൻ ഹരീഷ് റാവത്തിനെ 12,000ൽ അധികം വോട്ടുകൾക്കു ബിജെപി യതീശ്വരാനന്ദ് ഇവിടെ തോൽപിച്ചിരുന്നു.
∙ സീതാർഗഞ്ച്– ‘ബഹുഗുണ’ കുടുംബത്തിന്റെ പാരമ്പരാഗത അവകാശമായി കരുതപ്പെടുത്ത സീറ്റിൽ ബിജെപിയുടെ സൗരഭ് ബഹുഗുണ (43) കോൺഗ്രസ് സ്ഥാനാർഥി നവ്തേജ് പാൽ സിങ്ങിനെ 10,938 വോട്ടിനു പരാജയപ്പെടുത്തി. 2017ൽ ഇതേ സീറ്റിൽനിന്ന് 28,450 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സൗരഭ് ബഹുഗുണ തിരഞ്ഞെടുക്കപ്പെട്ടത്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ ഇളയ മകനും, ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും പ്രമുഖ സ്വാതന്ത്ര സമര സേനാനിയായ ഹേംവതി നന്ദൻ ബഹുഗുണയുടെ ചെറുമകനുമാണു സൗരഭ്.
∙ തെഹ്‌രി– കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ 5000ൽ അധികം വോട്ടുകൾക്കു വിജയിച്ച ധൻസിങ് നെഗി ഇക്കുറി കോൺഗ്രസ് സ്ഥാനാർഥി. കോൺഗ്രസ് സംസ്ഥാന ഘടകം മുൻ മേധാവി കിഷോർ ഉപാധ്യായ് ബിജെപി ടിക്കറ്റിൽ. കൂടുമാറിയ വിഐപികൾ ശ്രദ്ധാകേന്ദ്രമാക്കിയ തെഹ്‌രിയിൽ കിഷോർ ഉപാധ്യായ് 951 വോട്ടിനു ജയിച്ചു. ഉത്തരാഖണ്ഡ് ജനകീയ പാർട്ടി സ്ഥാനാർഥി ദിനേഷ് ധാനി 2–ാം സ്ഥാനത്ത്. ഈ വർഷം ജനുവരിയിലാണ് കിഷോർ ഉപാധ്യായും നെഗിയും മാതൃപാർട്ടികൾ വിട്ട് എതിർ പാളയത്തിലേക്കു ചേക്കേറിയത്. 2002ൽ തെഹ‌്‌രിയിൽനിന്നുതന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഉപാധ്യായെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണു കോൺഗ്രസ് പുറത്താക്കിയത്.

∙ ഹൽദ്വാനി– കോൺഗ്രസ് എംഎൽഎ ഇന്ദിര ഹൃദയേഷിന്റെ നിര്യാണം ശ്രദ്ധാകേന്ദ്രമാക്കിയ സീറ്റിൽ ഇന്ദിരയുടെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ സുമിത് ഹൃദയേഷ് 7,814 വോട്ടിനു ജയിച്ചു. 2021 ജൂണിൽ ഇന്ദിര ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചതോടെ സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇന്ദിരയുടെ മകൻ സുമിത് ഹൃദയേഷിനെ കന്നി അംഗത്തിനിറക്കി കോൺഗ്രസും ഹൽദ്വാനി മേയർ ജോഗേന്ദ്ര പാൽ സിങ് റോത്തേലയെ ഇറക്കി ബിജെയും മത്സരം കൊഴുപ്പിച്ചു. 2002, 2012, 2017 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഇന്ദിര ജയിച്ചുകയറിയ സീറ്റ്.
∙ ദിദിഹാത്ത്– 5 തവണ എംഎൽഎയായിരുന്ന മുതിർന്ന നേതാവ് ബിഷൻ സിങ് ഛുപാലിന്റെ മത്സരം ശ്രദ്ധാകേന്ദ്രമാക്കിയ സീറ്റ്. ഇക്കുറി ബിഷൻ സിങ്ങിന്റെ ജയം 3,226 വോട്ടിന്. 2009 മുതൽ 2013 വരെ ബിജെപി ഉത്തരാഖണ്ഡ് സംസ്ഥാന ഘടകം പ്രസിഡന്റ്ായിരുന്നു ഛുപാൽ. സംസ്ഥാനത്തു വർധിച്ചുവരുന്ന അഴിമതിയെക്കുറിച്ചുള്ള ആശങ്കകൾ അറിയിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി 2020 സെപ്റ്റംബറിൽ കൂടിക്കാഴ്ച നടത്തിയതോടെ വാർത്തകളിൽ ഇടം പിടിച്ചു. അന്നു മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്തിന്റെ സ്ഥാനം അധികം വൈകാതെ തെറിച്ചു എന്നതു ചരിത്രം.
∙ സോമേശ്വർ– ബിജെപി നേതാവും മന്ത്രിയുമായ രേഖ ആര്യയ്ക്ക് 5,293 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. കഴിഞ്ഞ തവണ ബിജെപി ടിക്കറ്റിൽ 710 വോട്ടുകൾക്കു രേഖ ജയിച്ച സീറ്റ്. കോൺഗ്രസിലും ബിജെപിയിലും ദീർഘകാലം പ്രവർത്തിച്ചും, അനുയോജ്യമായ സമയത്ത് മറുകണ്ടം ചാടിയുള്ള പരിചയവുമുള്ള ചുരംക്കം ചില നേതാക്കളിൽ ഒരാളാണു രേഖ.
സോമേശ്വറിൽനിന്നു കോൺഗ്രസ് ടിക്കറ്റ് കിട്ടാഞ്ഞതോടെ അൽമോറ ലോക്സഭാ സീറ്റ് ലക്ഷ്യമിട്ട് ബിജെപിയിലേക്കു കൂടുമാറി. ലോക്സഭാ സീറ്റ് കിട്ടാഞ്ഞതോടെ 2014ൽ വീണ്ടും കോൺഗ്രസിലെത്തിയ രേഖ പിന്നീട് ഉപതിരഞ്ഞെടുപ്പിൽ സോമേശ്വറിൽനിന്ന് വിജയിച്ചു. വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ എതിർത്ത് വോട്ടു ചെയ്തു എന്ന ആരോപണം ഉയർന്നതോടെ 2016ൽ വീണ്ടും ബിജെപിയിലെത്തി. പിന്നാലെ 2017ലെ ജയം.
∙ ചൗബാത്തഘൽ– മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ബിജെപി മന്ത്രിയുമായ സത്പാൽ മഹാരാജിന്റെ ജയം 11,430 വോട്ടിന്റെ ഭൂരിപക്ഷത്തിന്. 2017ൽ ഇതേ സീറ്റിൽ കോൺഗ്രസിന്റെ രാജ്പാൽ സിങ് ബിഷ്ടിനെയാണ് സത്പാൽ 7,354 വോട്ടുകൾക്കു കീഴടക്കിയത്. ഗര്‍വാൾ ലോക്സഭാ സീറ്റിൽനിന്ന് ഓൾ ഇന്ത്യ കോൺഗ്രസ് (തിവാരി), കോൺഗ്രസ് സ്ഥാനാർഥിയായി മുൻപു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സത്പാൽ.
2014ൽ ഉത്തരാഖണ്ഡ് പ്രകൃതിക്ഷോഭത്തിന്റെ ഇരകളെ കോൺഗ്രസ് അപമാനിച്ചെന്ന് ആരോപിച്ചാണ് കോൺഗ്രസ് വിട്ടത്. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ രൂപീകരണത്തിൽ നിർണായക പങ്കാളിത്തം വഹിച്ച നേതാവാണ് സത്പാൽ. ഇതേ ആവശ്യവുമായി അദ്ദേഹം മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവദൗഡ ഉൾപ്പെടെയുള്ളവരെ സമീപിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
∙ ലാൻസ്ഡോൺ– മുൻ മിസ് ഇന്ത്യ അനുക്രിതി ഗുസെയ്ന്റെ (27) ഗ്ലാമർ പരിവേഷം വോട്ടാകുമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടൽ പാടേ തെറ്റിച്ച് ബിജെപി സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ ദലീപ് സിങ്ങിന് 9,868 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. ബിജെപിയിൽനിന്നു കോൺഗ്രസിലെത്തിയ നേതാവ് ഹരേക് സിങ് റാവത്തിന്റെ മകൻ തുഷിത് റാവത്തുമായുള്ള വിവാഹശേഷം 2018ലാണ് അനുകൃതി സാമൂഹിക സേവന രംഗത്തേക്കു ചുവടുമാറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് ഹരേക് സിങ് റാവത്തിനെ ബിജെപി പുറത്താക്കിയത്. ദീർഘകാലം ഹരേക് സിങ് റാവത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾ നിയന്ത്രിച്ചിരുന്നത് അനുകൃതിയാണ്.
∙ കോട്ദ്വാർ– ബിജെപി പുറത്താക്കിയ നേതാവ് ഹരേക് സിങ് റാവത്തിന്റെ സിറ്റിങ് സിറ്റായ കോട്‌ദ്വാറിൽ മുൻ മുഖ്യമന്ത്രി ഭുവൻ ചന്ദ്ര ഖണ്ഡൂരിയുടെ മകളും ബിജെപി സ്ഥാനാർഥിയുമായ ഋതു ഖണ്ഡൂരി ഭൂഷണ് 3,687 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. സംസ്ഥാന മന്ത്രിയായിരുന്ന ഹരേക് സിങ് ബിജെപി പുറത്താക്കിയതോടെ കോൺഗ്രസിക്കു ചേക്കേറിയെങ്കിലും ഇക്കുറി സീറ്റു കിട്ടിയില്ല. ബിജെപി സംസ്ഥാന ഘടകം അധ്യക്ഷയും യംകേശ്വർ നിയോജകമണ്ഡലത്തിൽനിന്നുള്ള എംഎൽഎയുമായ ഋതുവിനെ സീറ്റ് നിലനിർത്താനുറച്ചാണ് ബിജെപി കോട്‌ദ്വാറിൽ ഇറക്കിയതും. സുരേന്ദ്ര സിങ് (കോൺഗ്രസ്), അരവിന്ദ് കുമാർ (എഎപി) എന്നിവരായിരുന്നു മറ്റു സ്ഥാനാർഥികൾ.
∙ ഭിംതാൾ– മുൻ ബിജെപി നേതാവ് ധൻ സിങ് ഭണ്ഡാരിയെ ഇറക്കി കോൺഗ്രസും റാം സിങ് കൈറയെ ഇറക്കി ബിജെപിയും പോരാട്ടം കൊഴുപ്പിച്ച സീറ്റ്. ഇക്കുറി റാം സിങ് കൈറയുടെ ജയം 9,844 വോട്ടിന്. 2012ൽ ബിജെപി ടിക്കറ്റിൽ ഭിംതാളിൽനിന്നു ജയിച്ചു കയറിയ നേതാവാണ് ധൻ സിങ് ഭണ്ഡാരി. 2016ൽ അദ്ദേഹം കോൺഗ്രസിലേക്കു കൂടുമാറി. 2017ലെ തിരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി ഭാഗ്യം പരീക്ഷിച്ചെങ്കിലും അന്നു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച റാം സിങ് കൈരയ്ക്കും, ബിജെപിയുടെ ഗോപാൽ സിങ് ബിഷ്ടിനും പിന്നിൽ 3–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇക്കുറി കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും ജനവിധിക്ക്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ശേഷം കഴിഞ്ഞ വർഷം പാർട്ടിയിൽ ചേർന്ന കൈറയ്ക്കാണ് ബിജെപി ഇക്കുറി സീറ്റ് നൽകിയത്.
∙ ലാൽകുവ– കോൺഗ്രസിനു ഭരണം ലഭിച്ചാൽ, മുഖ്യമന്ത്രിയാകാൻ ഏറ്റവും അധികം സാധ്യത കൽപിച്ചിരുന്ന നേതാവായ ഹരീഷ് റാവത്തിന്റെ തോൽവി 17,527 വോട്ടിന്. 2017ൽ 20,000ൽ അധികം വോട്ടിനു ജയിച്ച നവീൻ ചന്ദ്ര ദുംകയ്ക്കു പകരം മോഹൻ സിങ് ബിഷ്ടിനെ ഇറക്കി ബിജെപി തന്ത്രം വിജയിച്ചു. അവസാന നിമിഷമാണു ഹരീഷ് റാവത്തിനു കോൺഗ്രസും ഇവിടെ സീറ്റ് നൽകിയത്. 2014–2017 കാലയളവിനിടെ വ്യത്യസ്ത ഇടവേളകളിൽ ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായിട്ടുള്ള ഹരീഷ് റാവത്ത് 2012–14 കാലയളവിൽ മൻമോഹൻ സിങ് മന്ത്രിസഭയിലും അംഗമായിരുന്നു. 1980, 1984, 1989 വർഷങ്ങളിൽ അൽമോറ ലോക്സഭ മണ്ഡലത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2009ൽ ഹരിദ്വാർ ലോക്സഭ മണ്ഡലത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ വിജയ് ബഹുഗുണയുടെ നിര്യാണത്തെ തുടർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം പിന്നീട് ഉപതിരഞ്ഞെടുപ്പിൽ ധർചുല മണ്ഡലത്തിൽനിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. 2017ൽ ഹരിദ്വാർ റൂറൽ, കിച്‌ച എന്നീ സീറ്റുകളിൽ മത്സരിച്ചെങ്കിലും രണ്ടിടത്തും തോൽവിയായിരുന്നു ഫലം.
∙ നരേന്ദ്ര നഗർ– രാഷ്ട്രീയ കൂടുമാറ്റം ശ്രദ്ധാകേന്ദ്രമാക്കിയ മറ്റൊരു സീറ്റ്. ബിജെപി സ്ഥാനാർഥി സുബോധ് ഉനിയാലിന്റെ ജയം 1,798 വോട്ടിന്. മുൻ കോൺഗ്രസ് അംഗവും 2 തവണ എംഎൽഎയുമായിരുന്ന സുബോധ് ഉനിയാൽ ബിജെപി ടിക്കറ്റിൽ 2017ൽ മത്സരിച്ചു ജയിച്ച സീറ്റ്. പിന്നാലെ മന്ത്രിസഭയിൽ അംഗത്വവും നൽകി ബിജെപി സുബോധിനെ വരവേറ്റു. 2016ൽ ഉത്തരാഖണ്ഡ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ബിജെപിയിൽ ചേർന്ന 9 എംഎൽഎമാരിൽ ഉനിയാലും ഉൾപ്പെട്ടിരുന്നു. 9 എംഎൽഎമാർ പാർട്ടി വിട്ടതോടെ, മുഖ്യമന്ത്രി ഹരീഷ് റാവത്തിന് വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതായും വന്നിരുന്നു.
∙ ഗംഗോത്രി– ആം ആദ്മി പാർട്ടിയുടെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ മുഖമായി വിലയിരുത്തപ്പെടുന്ന കേണൽ അജയ് ഘോത്തിയാലിന്റെ സാന്നിധ്യം ശ്രദ്ധേയമാക്കിയ മണ്ഡലത്തിൽ ബിജെയിയുടെ സുരേഷ് ചൗഹാന്‍ 8,029 വോട്ടിനു ജയിച്ചു. അജയ് ഘോത്തിയാലിനു മൂന്നാം സ്ഥാനം മാത്രം. 2017ൽ ബിജെപിയുടെ ഗോപാൽ സിങ് റാവത്താണ് ഇവിടെനിന്നു ജയിച്ചത്. കോവിഡ് അനുബന്ധ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ ഗോപാൽ സിങ് റാവത്ത് അന്തരിച്ചതോടെ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. കേദാർനാഥ് മിന്നൽപ്രളയത്തിലെ വീരോചിത രക്ഷാപ്രവർത്തനത്തിന് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ആളാണു കേണൽ ഖോത്തിയാൽ. ഉത്തരാഖണ്ഡ് യുവാക്കൾക്കു പ്രചോതനമായതിനു ഉത്തരാഖണ്ഡ് രത്ന പുരസ്കാരം നൽകി സംസ്ഥാനം 2016ൽ ആദരിച്ചിരുന്നു.
∙ ബാജ്പുർ– 2017ൽ ബിജെപി ടിക്കറ്റിൽ 12,000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയ യശ്പാൽ ആര്യ കോൺഗ്രസിനൊപ്പം. ശക്തികേന്ദ്രത്തിൽ, രാജേഷ് കുമാറിനെ സ്ഥാനാർഥിയാക്കി ബിജെപി. കടുത്ത പോരാട്ടത്തിനൊടുവിൽ ആര്യ ജയിച്ചുകയറിയത് വെറും 1,611 വോട്ടിന്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ദലിത് നേതാക്കളിൽ ഒരാളും 6 തവണ എംഎൽഎയുമായ റാണ, ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകൃതമായതിനു ശേഷമുള്ള 4 നിയമസഭാ തിരഞ്ഞെടുപ്പുകളിലും തോൽവി അറിഞ്ഞിട്ടില്ല. 2002, 2007 വർഷങ്ങളിൽ മുക്തേശ്വറിൽനിന്നും 2012, 2017 വർഷങ്ങളിൽ ബാജ്പുരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു.
1989ലും 1993ലും ഉത്തർപ്രദേശിന്റെ ഭാഗമായിരുന്ന ഖാത്തിയിൽനിന്നും നിയമസഭിയിലെത്തി. 2007 മുതൽ 2014 വരെ ഉത്തരാഖണ്ഡ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന യശ്പാൽ ആര്യ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതിനെ തുടർന്ന് 2017ലാണ് മകൻ സഞ്ജീവ് ആര്യയ്ക്കൊപ്പം ബിജെപിയിലെത്തിയത്. 2021ൽ ഇരുവരും കോൺഗ്രസിലേക്കു മടങ്ങി. നൈനിറ്റാൾ സീറ്റിൽ ബിജെപി ടിക്കറ്റിൽ ജയിച്ച സഞ്ജീവ് ആര്യയും ഇക്കുറി കോൺഗ്രസ് പാനലിലാണു മത്സരിച്ചത്. എന്നാൽ, ഇക്കുറി നൈനിറ്റാളിൽ ബിജെപി സ്ഥാനാർഥി സരിത ആര്യ 7,881 വോട്ടിനു ജയിച്ചു.
∙ ഹരിദ്വാർ– 2002, 2007, 2012, 2017 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഹരിദ്വാറിൽനിന്നു ജയിച്ചു കയറിയ മദൻ കൗശിക് അഞ്ചാം അങ്കത്തിനിറങ്ങിയത് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രൗഠിയോടെ. ഇക്കുറി ജയം 15,237 വോട്ടിന്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ബിജെപി നേതാക്കളിൽ ഒരാൾ. 2021ൽ തീരഥ് സിങ് റാവത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ബാൻസിദർ ഭഗത്തിനു പകരം ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിതനായി.
English Summary: Voting Stats in Key constituencies in Uttarakhand