ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു തോൽവിയെ തുടർന്ന് അഞ്ചു സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരെ പുറത്താക്കി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പഞ്ചാബ്, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലെ ദയനീയ പരാജയത്തിനു പിന്നാലെയാണ് നിർണായക തീരുമാനം. പുറത്താക്കപ്പെട്ടവരിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവും ഉൾപ്പെടും. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിന് ആം ആദ്മിയോട് പരാജയം സമ്മതിക്കേണ്ടി വന്നെങ്കിൽ തിരിച്ചുവരവു പ്രതീക്ഷിച്ച മറ്റു നാലു സംസ്ഥാനങ്ങളിലും ബിജെപിക്ക് ഒരു വെല്ലുവിളിയുമുയർത്താൻ കോൺഗ്രസിനായില്ല. കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരുമെന്നും സംഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അവർക്ക് അധികാരമുണ്ടെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി പറഞ്ഞു.
English Summary :Sonia Gandhi Sacks 5 State Congress Chiefs Over Poll Defeats