ADVERTISEMENT

ചണ്ഡിഗഡ് ∙ അട്ടിമറി വിജയം നേടി പഞ്ചാബിൽ സർക്കാർ രൂപീകരിച്ച ആം ആദ്മി പാർട്ടി (എഎപി) മന്ത്രിസഭാ രൂപീകരണത്തിലും പുതുവഴി വെട്ടിയിരിക്കുകയാണ്. എല്ലാ മന്ത്രിമാർക്കും ‘ടാർഗറ്റ്’ നിശ്ചയിച്ചു നൽകി. ലക്ഷ്യം നേടാനായില്ലെങ്കിൽ മന്ത്രിമാരെ മാറ്റണമെന്നു ജനങ്ങൾക്ക് ആവശ്യപ്പെടാമെന്നും എഎപി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ പ്രഖ്യാപിച്ചു.

‘പ‍ഞ്ചാബിൽ മന്ത്രിസഭാ രൂപീകരണം കഴിഞ്ഞിരിക്കുന്നു. ഓരോ മന്ത്രിമാർക്കും മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ‘ടാർഗറ്റ്’ നിശ്ചയിച്ചിട്ടുണ്ട്. ലക്ഷ്യം നിറവേറ്റിയില്ലെങ്കിൽ മന്ത്രിമാരെ മാറ്റണമെന്നു ജനങ്ങൾക്ക് ആവശ്യപ്പെടാം. മൂന്നു ദിവസത്തിനകംതന്നെ സംസ്ഥാനവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ഭഗവന്ത് മനസ്സിലാക്കി. മുൻ മന്ത്രിമാരുടെ സുരക്ഷ ഒഴിവാക്കി, ജനങ്ങൾക്കു സുരക്ഷയൊരുക്കുകയാണ് മുഖ്യം’– കേജ്‍രിവാൾ വ്യക്തമാക്കി.

മൊഹാലിയിൽ എംഎൽഎമാരെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു കേജ്‍രിവാൾ. ‘വിളനാശം സംഭവിച്ച കർഷകർക്കു പുതിയ സർക്കാർ നഷ്ടപരിഹാരം നൽകി. സംസ്ഥാനത്തെ അഴിമതി മുക്തമാക്കുന്നതിനു നടപടികളെടുത്തു. തലസ്ഥാനമായ ചണ്ഡിഗഡിൽ മാത്രം എംഎൽഎമാർ കേന്ദ്രീകരിക്കരുത്. ഗ്രാമങ്ങളിലേക്കു പോകണം, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. ഭഗവന്തിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി 92 എംഎൽഎമാരും പ്രവർത്തിക്കണം. ഞാൻ ഭഗവന്തിന്റെ മൂത്ത സഹോദരനാണ്’–  കേജ്‍രിവാൾ പറഞ്ഞു.

25,000 സർക്കാർ തൊഴിലവസരങ്ങളാണു പഞ്ചാബിൽ എഎപി സർക്കാരിന്റെ ആദ്യ തീരുമാനം. ഭഗവന്ത് മാൻ മന്ത്രിസഭയിൽ 10 അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയ ശേഷം ചേ‍ർന്ന ആദ്യ യോഗത്തിലാണു തീരുമാനമെടുത്തത്. മന്ത്രിസഭയിൽ 2 പേരൊഴികെ എല്ലാവരും പുതുമുഖ എംഎൽഎമാരാണ്. ഒരു വനിതാ മന്ത്രിയുണ്ട്– നേത്രരോഗവിദഗ്ധയായ ഡോ. ബൽജീത് കോർ. 18 മന്ത്രിമാ‍ർ വരെയാകാമെങ്കിലും മുഖ്യമന്ത്രിയടക്കം 11 പേരേ ഉണ്ടാകൂ എന്നാണു സൂചന.

English Summary: "Bhagwant Mann Set Targets For Every Minister And If...": Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com