ക്വാറി ഉടമകളില്‍നിന്ന് പണം വാങ്ങിയെന്ന് പരാതി; മടവൂര്‍ അനിലിനെതിരെ അന്വേഷണം

madavoor
മടവൂര്‍ അനില്‍
SHARE

തിരുവനന്തപുരം∙ സിപിഎം ജില്ലാ കമ്മിറ്റിയംഗവും മൈനിങ് കോര്‍പറേഷന്‍ ചെയര്‍മാനുമായ മടവൂര്‍ അനിലിനെതിരെ പാര്‍ട്ടി അന്വേഷണം. വിഴിഞ്ഞം തുറമുഖത്തേക്ക് പാറ എത്തിക്കുന്ന കരാറുകാരനില്‍നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍റെ അടുത്ത ബന്ധുകൂടിയായാണ് പരാതി നല്‍കിയ കരാറുകാരന്‍. പരാതി പച്ചക്കള്ളമാണെന്നും യൂണിയന്‍ രൂപീകരിച്ചതിന്‍റെ വിരോധമാണ് കാരണമെന്നും മടവൂര്‍ അനില്‍ പ്രതികരിച്ചു.

സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍റെ ഭാര്യാ സഹോദരിയുടെ മകന്‍ രഞ്ജിത് ഭാസിയാണ് മടവൂര്‍ അനിലനെതിരെ കിളിമാനൂര്‍ ഏരിയ കമ്മറ്റിയില്‍ പരാതി നല്‍കിയത്. ജില്ലാ കമ്മിറ്റിയംഗവും മൈനിങ് കോര്‍പറേഷന്‍ ചെയര്‍മാനുമായ മടവൂര്‍ അനില്‍ കമ്മിഷന്‍ വാങ്ങുന്നെന്നായിരുന്നു വിഴിഞ്ഞം തുറമുഖപദ്ധതിക്കായി പാറയെത്തിക്കുന്ന കരാറുകാരനായ രഞ്ജിത് ഭാസിയുടെ പരാതി.

നഗരൂരിലെ ക്വാറിയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് പാറ കൊണ്ടുപോകുന്ന ചില ലോറിക്കാര്‍ കൂടുതല്‍ തുക ആവശ്യപ്പെടുന്നു. അധികം തുക നേതാവിനുള്ള കമ്മിഷനാണെന്നാണ് പരാതി. കിളിമാനൂര്‍ ഏരിയയില്‍ നിന്നുള്ള നേതാവാണ് മടവൂര്‍ അനില്‍. ഏരിയ കമ്മിറ്റി പരാതി ജില്ലാ നേതൃത്വത്തിന് കൈമാറി.

തുടര്‍ന്നാണ് പരാതി അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിഷനെ സിപിഎം ചുമതലപ്പെടുത്തി. വി.ജോയി എംഎല്‍എ, ആര്‍.രാമു എന്നിവരാണ് മറ്റ് കമ്മിഷനംഗങ്ങള്‍. ഒരു മാസത്തിനകം പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. ആരോപണം മടവൂര്‍ അനില്‍ നിഷേധിച്ചു. ലോറി തൊഴിലാളികള്‍ സിഐടിയു യൂണിയന്‍ രൂപീകരിച്ചതാണ് പരാതിക്ക് കാരണമെന്നാണ് അനിലിന്‍റെ വാദം.

പരാതിയും അന്വേഷണവും ജില്ലയിലെ സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയ സാഹചര്യത്തില്‍ പുതിയ ജില്ലാ സെക്രട്ടറിയാരെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് വിവാദം. 

English Summary: Complaint against madavoor Anil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA