ADVERTISEMENT

കൊല്ലം∙ സില്‍വര്‍ലൈനിന് കേന്ദ്ര അനുമതി നേടിയെടുക്കുന്നതിനായി ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഒരാഴ്ചയായി ഈ ഇടനിലക്കാര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇതേ ഇടനിലക്കാരാണ് സ്വര്‍ണക്കടത്ത് േകസിലെ അന്വേഷണം പൊടുന്നനെ നിര്‍ത്തിച്ചതെന്നും സതീശൻ ആരോപിച്ചു.

പാര്‍ലമെന്റിന് മുന്നില്‍ എംപിമാര്‍ക്ക് എതിരെ നടന്ന ആക്രമണം ക്രൂരവും ദൗര്‍ഭാഗ്യകരവുമാണ്. ഈ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന ദിവസമാണ് എംപിമാര്‍ക്കെതിരെ ആക്രമണമുണ്ടായത്. 

ഡിപിആര്‍ അബദ്ധ പഞ്ചാംഗമാണ്. കെ റെയില്‍ തുടങ്ങാനോ സ്ഥലം ഏറ്റെടുക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടു പോകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിലാണ് പരിസ്ഥിതി ആഘാത പഠനത്തിന് കല്ലിടാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. 64,000 കോടി രൂപയാണ് പദ്ധതി ചെലവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ഈ കണക്ക് കിട്ടിയത്? സര്‍വേയോ ജിയോളജിക്കല്‍ പഠനമോ നടത്തിയിട്ടില്ല. എസ്റ്റിമേറ്റ് ഇല്ലാതെ എങ്ങനെയാണ് 64,000 കോടി ചെലവാകുമെന്ന് പറയുന്നത്. 

ജനങ്ങള്‍ നടത്തുന്ന സമരത്തിനാണ് യുഡിഎഫ് പിന്തുണ നല്‍കുന്നത്. കല്ല് പിഴുതെടുക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമെന്നാണ് ഭീഷണി. പാവങ്ങളെ ജയിലിലേക്ക് അയയ്ക്കില്ല. യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലിലേക്ക് പോകും. യുഡിഎഫ് സമരം ചെയ്യുന്നത് സാധാരണക്കാര്‍ക്കൊപ്പമാണ്. സമരത്തെ സര്‍ക്കാരിന് ഭയമാണ്. അതുകൊണ്ടാണ് വര്‍ഗീയത ആരോപിക്കുന്നത്. 

ഡിപിആറിനെ ഓരോ ദിവസവും മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറയുകയാണ്. ഡേറ്റാ കൃത്രിമം കാട്ടിയതിലൂടെ ഗുരുതര കുറ്റകൃത്യമാണ് നടത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കേണ്ടതാണ്. ജനങ്ങളെയും നാടിനെയും കബളിപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. മന്ത്രി സജി ചെറിയാന്‍ വീട് ഒഴിവാക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നത് ഗുരുതരമായ ആരോപണമാണ്. തെളിവ് സഹിതമാണ് തിരുവഞ്ചൂര്‍ ആരോപണം ഉന്നയിച്ചത്. ഇതിന് മന്ത്രി ഒരു മറുപടിയും പറഞ്ഞില്ല. തന്റെ സ്വത്തിനെ കുറിച്ചും പാലിയേറ്റീവ് കെയറിനെ കുറിച്ചുമാണ് മന്ത്രി പറഞ്ഞത്. ആദ്യ അലൈന്‍മെന്റ് എന്തുകൊണ്ട് മാറ്റിയെന്നു മാത്രം പറയുന്നില്ല. വേറെ പലര്‍ക്ക് വേണ്ടിയും അലൈന്‍മെന്റ് മാറ്റിയതും ഉടന്‍ പുറത്ത് വരുമെന്നും സതീശൻ പറഞ്ഞു. 

English Summary: Silver Line: VD Satheesan alleges conspiracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com