ADVERTISEMENT

തിരുവനന്തപുരം∙ സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്ഥിരം കമ്മിഷൻ രൂപീകരിക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതിനുള്ള നിയമനിർമാണത്തിനു നടപടികൾ ആരംഭിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമമാക്കാനാണു ആലോചന.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പരാതികൾ പരിഹരിക്കുന്നതിനു കമ്മിഷൻ രൂപീകരിക്കുന്നതിനെ സംബന്ധിച്ചു കഴിഞ്ഞ മാസം സാംസ്കാരിക വകുപ്പ് നിയമ വകുപ്പിനോട് അഭിപ്രായം ചോദിച്ചിരുന്നു. ഹേമ കമ്മിഷന്റെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെയും പഠന റിപ്പോർട്ടുകൾ ചർച്ചയ്ക്കു വിധേയമാക്കിയശേഷമാണു നിയമവകുപ്പിനോട് അഭിപ്രായം തേടിയത്. കമ്മിഷൻ രൂപീകരണത്തിനു തടസമില്ലെന്നും സർക്കാർ നയത്തിന് അനുസരിച്ച് തീരുമാനമെടുക്കാമെന്നും നിയമവകുപ്പു മറുപടി നൽകി.

ഇതേ സ്വഭാവത്തിലുള്ള കമ്മിഷനുകൾ നിലവിലുള്ളതിനാൽ അക്കാര്യം പരിഗണിക്കണമെന്നും നിർദേശിച്ചു. ഇതിനുശേഷമാണ് നിയമനിർമാണത്തിനുള്ള ചർച്ചകൾ സജീവമായത്. നിയമത്തിന്റെ കരടു തയാറാക്കി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചിരിക്കുകയാണെന്ന് സാംസ്കാരിക മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. 

പരാതികൾ വന്നാല്‍ ഹിയറിങ് നടത്തി കമ്മിഷനു നടപടികളെടുക്കാൻ സ്പെഷൽ ആക്ട് കൊണ്ടുവരാനാണു നീക്കം. മറ്റു നിയമങ്ങളിൽ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ ഇതിനു ബാധകമാകില്ലെന്ന ക്ലോസ് കൊണ്ടുവരാനാകും. കമ്മിഷനു സിവിൽ കോടതിയുടെ അധികാരങ്ങളുള്ളതിനാൽ സിവിൽ പ്രൊസീജ്യർ കോഡ് (32) അനുസരിച്ച് വാറണ്ട് അയയ്ക്കാനും വസ്തുവകകൾ ജപ്തി ചെയ്യാനും ജയിലേക്ക് അയയ്ക്കാനുമുള്ള അധികാരമുണ്ടാകും. ഉദ്യോഗസ്ഥരോട് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിട്ടും ഫലമുണ്ടായില്ലെങ്കിൽ കമ്മിഷൻ സെക്രട്ടറിക്ക് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകാം. ശുപാർശകൾ സർക്കാരിനു നൽകിയാല്‍ ഓരോ കേസിലും സർക്കാർ നടപടി റിപ്പോർട്ട് കമ്മിഷനു നൽകണം.

English Summary : Kerala government to form a permanent commission to address issues of women in film industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com