ADVERTISEMENT

ന്യൂഡല്‍ഹി∙ 'ഒരിക്കല്‍ ഞാന്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ പോയി. അത് ഒരു ചെറ്റക്കുടില്‍ ആയിരുന്നു. അവിടെയാണ് അയാളും ഭാര്യയും കുഞ്ഞും താമസിച്ചിരുന്നത്. ഒരു പ്ലേറ്റില്‍ അവര്‍ എനിക്ക് ബജ്‌റ റൊട്ടിയും ചെറിയ ഗ്ലാസിൽ പാലും തന്നു. അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് പാല്‍ പാത്രത്തിലേക്കുതന്നെ നോക്കുന്നത് എനിക്കു കാണാമായിരുന്നു. അവനുള്ള പാലാണ് അവര്‍ എനിക്കു തന്നതെന്ന് എനിക്കു മനസ്സിലായി.

ഞാന്‍ പച്ചവെള്ളവും റൊട്ടിയും മാത്രം കഴിച്ച് പാല്‍ ബാക്കി വച്ചു. പിന്നീട് ആ അമ്മ പാല്‍ എടുത്തു കുഞ്ഞിന് നല്‍കിയപ്പോള്‍ അവന്‍ ഒറ്റവലിക്ക് അതു കുടിച്ചു തീര്‍ത്തു. എന്റെ കണ്ണ് നിറഞ്ഞുപോയി. രാജ്യത്തെ ഏറ്റവും ദരിദ്രരായവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് അന്നാണ് ഞാന്‍ തീരുമാനമെടുത്തത്.' - ഈ വാക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. ഗുജറാത്തില്‍നിന്നുള്ള ഡോ. അനില്‍ റാവത്താണ് എണ്‍പതുകളില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ മോദി തന്നോടു പറഞ്ഞ ഹൃദയസ്പര്‍ശിയായ അനുഭവസാക്ഷ്യം പങ്കുവച്ചത്. 

പുതുതായി ആരംഭിച്ച 'മോദി സ്‌റ്റോറി.ഇന്‍' (modistory.in) എന്ന വെബ്‌സൈറ്റിലാണ് നരേന്ദ്ര മോദിയുടെ അധികമാരുമറിയാത്ത പ്രചോദനാത്മക അനുഭവങ്ങള്‍ വായിക്കാന്‍ കഴിയുക. മോദിയുമായി ഏറെ അടുപ്പമുള്ള, അദ്ദേഹത്തിന്റെ ജീവതഘട്ടങ്ങളില്‍ ഒപ്പമുണ്ടായിരുന്നവരുടെ ഓര്‍മകളാണ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇത്തരത്തിലുള്ള ലേഖനങ്ങള്‍, അനുഭവങ്ങള്‍, മോദിക്കൊപ്പമുള്ള അപൂര്‍വ ചിത്രങ്ങള്‍, മോദിയുമായി നടത്തിയ കത്തിടപാടുകള്‍ എന്നിവ കൈവശമുള്ളവര്‍ക്ക് അത് പങ്കുവയ്ക്കാമെന്നും വെബ്‌സൈറ്റില്‍ അറിയിപ്പുണ്ട്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വെബ്‌സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു. ''നിശ്ചയദാര്‍ഢ്യമുള്ള സൗമ്യനായ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഇതുവരെ പറയാത്ത, കേള്‍ക്കാത്ത സുന്ദരമായ അനുഭവങ്ങള്‍'' എന്നാണ് സ്മൃതി ട്വിറ്ററില്‍ കുറിച്ചത്. 

അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട മോദി അനുഭവമാണ് ഗുജറാത്തില്‍നിന്നുള്ള രോഹിത്ത് അഗര്‍വാള്‍ കുറിച്ചിരിക്കുന്നത്. സര്‍ദാര്‍ജിയുടെ വേഷത്തില്‍ പൊലീസിനു പിടി നല്‍കാതെ മോദി രക്ഷപ്പെട്ട കഥ രോഹിത്ത് വിവരിക്കുന്നു. 'ഒരിക്കല്‍ സര്‍ദാര്‍ജിയുടെ വേഷത്തില്‍ വീട്ടില്‍നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ഒരു പൊലീസുകാരന്‍ അദ്ദേഹത്തിന്റെ അടുത്തെത്തിയത്. നരേന്ദ്ര മോദി എവിടെയാണ് താമസിക്കുന്നത് എന്നായിരുന്നു പൊലീസുകാരന്റെ ചോദ്യം. അറിയില്ല, താങ്കള്‍ക്ക് അകത്തു കയറി പരിശോധിക്കാം എന്ന് മോദി മറുപടി നല്‍കി.

ഉടന്‍ തന്നെ മോദി സഹോദരനൊപ്പം സ്‌കൂട്ടറില്‍ അവിടെനിന്നു കടന്നു. പൊലീസുകാരനോ ഞങ്ങള്‍ക്കോ പോലും മോദിയെ ആ വേഷത്തില്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല.' -രോഹിത്ത് അഗര്‍വാള്‍ ഓര്‍മിക്കുന്നു. ഇത്തരത്തില്‍ രസകരമായ നിരവധി അനുഭവങ്ങളാണ് പുതിയ വെബ്‌സൈറ്റില്‍ ഉള്ളത്. ഒരു കൂട്ടം ആളുകള്‍ ലാഭേച്ഛയില്ലാതെയാണ് സൈറ്റ് ആരംഭിച്ചിരിക്കുന്നത്.

English Summary: Website On "Untold" Stories Of PM Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com