പക്ഷികൾക്ക് ദാഹജലം നൽകാൻ 1 ലക്ഷം പാത്രങ്ങൾ; നാരായണനെ പ്രശംസിച്ച് മോദി

mupathadam-narayanan-1248
മുപ്പത്തടം നാരായണൻ മൺപാത്രങ്ങളുമായി
SHARE

കൊച്ചി∙ പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കാനായി മണ്‍പാത്രങ്ങള്‍ വിതരണം ചെയ്ത മുപ്പത്തടം നാരായണനെ പ്രശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണു നാരായണന്റെ സേവനങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചത്. മുപ്പത്തടം നാരായണന്‍ ജീവജലത്തിന് ഒരു മണ്‍പാത്രം എന്ന പേരില്‍ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. പക്ഷിമൃഗാദികള്‍ക്കു വേനല്‍ക്കാലത്ത് ദാഹജലം ലഭ്യമാക്കാന്‍ മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുക എന്ന ദൗത്യം നിര്‍വഹിക്കുന്നു. പക്ഷികളെ പരിപാലിക്കുന്നതില്‍ കേരളത്തിലെ മുപ്പത്തടം നാരായണന്റെ പരിശ്രമം രാജ്യത്തെ പ്രചോദിപ്പിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

കൊടുംചൂടില്‍ പക്ഷിമൃഗാദികൾ അവശരാകുന്നതു കണ്ട് അദ്ദേഹം അസ്വസ്ഥനായി. തനിക്ക് എന്തുകൊണ്ടു മണ്‍പാത്രങ്ങള്‍ വിതരണം ചെയ്തുകൂടാ, അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ ആ പാത്രങ്ങളില്‍ വെള്ളം നിറച്ചുവെച്ചാല്‍ മാത്രം മതിയല്ലോ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. നാരായണന്‍ ഇതുവരെ വിതരണം ചെയ്ത മണ്‍പാത്രങ്ങളുടെ എണ്ണം ഒരുലക്ഷം കടക്കാന്‍ പോകുന്നുവെന്ന കാര്യം നിങ്ങളെ അദ്ഭുതപ്പെടുത്തും. തന്റെ ദൗത്യത്തിലെ ഒരുലക്ഷം തികയ്ക്കുന്ന ആ പാത്രം അദ്ദേഹം ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തിനു നല്‍കും. വേനല്‍ തീക്ഷ്ണമാകുന്ന ഈ സമയത്ത് നാരായണന്റെ പ്രവൃത്തി നമുക്കു തീര്‍ച്ചയായും പ്രചോദനമാകും. നമ്മളും ഈ ചൂടില്‍ പക്ഷിമൃഗാദികള്‍ക്ക് വെള്ളം ലഭ്യമാക്കാനുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടണം– പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.

സൗജന്യമായി വിതരണം ചെയ്യുന്ന മൺചട്ടികളുടെ എണ്ണം ഒരു ലക്ഷം തികയുന്നതിന്റെ ഭാഗമായി ഗാന്ധിജി സ്ഥാപിച്ച അഹമ്മദാബാദ് സബർമതി ആശ്രമത്തിലേക്കു 2000 ചട്ടികളാണു നാരായണൻ നൽകുന്നത്. രാഷ്ട്രപിതാവിന്റെ ആദ്യ വസതിയായ മഹാരാഷ്ട്രയിലെ വാർധ സേവാഗ്രാം ആശ്രമത്തിലേക്കു കഴിഞ്ഞ വർഷം 3000 ചട്ടികൾ നൽ‌കിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആശ്രമത്തിൽ എത്തുന്നവർക്കു സന്ദർശനത്തിന്റെ ഓർമയ്ക്കായി സൂക്ഷിക്കാനാണു നാരായണൻ ചട്ടികൾ നൽകുന്നത്.

വേനലിൽ ദാഹജലം തേടി അലയുന്ന പക്ഷികൾക്കു ശുദ്ധജലം ലഭ്യമാക്കാൻ 9 വർഷം മുൻപാണു ഗാന്ധിയനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീമൻ നാരായണൻ ജീവജലത്തിന് ഒരു മൺപാത്രം പദ്ധതി ആവിഷ്കരിച്ചത്. 2019ൽ സ്കൗട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ മുഖേന കേരളം മുഴുവൻ മൺചട്ടികൾ എത്തിച്ചു. ഇപ്പോൾ ഇതര സ്ഥാനങ്ങളിലേക്കും നൽകുന്നുണ്ട്. 3 വർഷം മുൻപു പദ്ധതിക്കു തയ്‌വാനിലെ ദ് സുപ്രീം മാസ്റ്റർ ചിങ്ഹായ് ഇന്റർനാഷനൽ അസോസിയേഷന്റെ ഏഴര ലക്ഷം രൂപ മൂല്യമുള്ള ദ് വേൾഡ് കംപാഷൻ അവാർഡ് നാരായണനു ലഭിച്ചു. സന്നദ്ധ സംഘടനകൾ മുഖേനയാണു കേരളത്തിൽ മൺപാത്രങ്ങൾ സൗജന്യമായി എത്തിക്കുന്നത്. ഇമെയിൽ: sreemannarayanan2014@gmail.com

English Summary: PM Narendra Modi praise Mupathadam Narayanan in Mann Ki Baat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA