പഞ്ചാബിനെ കുലുക്കി അമിത് ഷായുടെ ചണ്ഡിഗഡ് പ്രഖ്യാപനം; എതിര്‍ത്ത്‌ എഎപി

Amit Shah
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (ഫയൽ ചിത്രം)
SHARE

ചണ്ഡിഗഡ്∙ കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അതേ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ പഞ്ചാബിലെ രാഷ്ട്രീയ നേതൃത്വം. അമിത് ഷായുടെ ഇടപെടൽ രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും ചണ്ഡിഗഡിനുമേൽ പഞ്ചാബിനുള്ള  നിയന്ത്രണാധികാരത്തെ ഇല്ലാതാക്കാനുള്ള നീക്കമാണു ബിജെപി നടത്തുന്നതെന്നും ഭരണകക്ഷിയായ ആംആദ്‌മി പാർട്ടി(എഎപി)ക്കു പിന്നാലെ പ്രതിപക്ഷപാർട്ടികളായ കോൺഗ്രസും ശിരോമണി അകാലിദളും ആരോപിച്ചു. പഞ്ചാബില്‍ ഭരണം പിടിക്കാമെന്നു വ്യാമോഹിച്ച ബിജെപി, ആംആ‌ദ്‌മി പാർട്ടി നേടിയ വമ്പൻ വിജയത്തിൽ പതറിപ്പോയെന്നും ബിജെപിയുടെ പരിഭ്രാന്തിയാണ് ഈ പ്രഖ്യാപനത്തിലുടെ വെളിവായതെന്നും എഎപി തുറന്നടിച്ചു. 

ചണ്ഡിഗഡ് യുടി അഡ്മിനിസ്ട്രേഷനിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ കേന്ദ്ര സിവിൽ സർവീസുകളുടേതിനു തുല്യമാക്കുമെന്നും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആയി ഉയർത്തുമെന്നുമായിരുന്നു ഞായാറാഴ്ച അമിത് ഷാ പ്രഖ്യാപിച്ചത്. ചണ്ഡിഗഡ് പൊലീസിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുമ്പോഴായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ചണ്ഡിഗഡിലെ സർക്കാർ ജീവനക്കാരുടെ ദീർഘനാളത്തെ ആവശ്യമാണിതെന്നും അമിത് ഷാ പറഞ്ഞു. 

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും മന്ത്രിസഭയിലെ മറ്റുമന്ത്രിമാരും അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ മൗനം പാലിച്ചപ്പോൾ ശക്തമായ വിമർശനവുമായി മുതിർന്ന ആംആദ്‍മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രംഗത്തു വന്നു. 2017 മുതൽ 2022 വരെ കോൺഗ്രസ് പഞ്ചാബ് ഭരിച്ചപ്പോൾ ചണ്ഡിഗഡിനുമേൽ പഞ്ചാബിനുള്ള  നിയന്ത്രണാധികാരത്തെ തൊടാതിരുന്ന അമിത് ഷാ, ആം ആ‌ദ‌്മി പഞ്ചാബിൽ സർക്കാർ രൂപീകരിച്ചതിനു തൊട്ടുപിന്നാലെ പുതിയ ഇടപെടലുകളുമായി രംഗത്തെത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ആംആ‌ദ്‌മി പാർട്ടിയുടെ വമ്പൻ ജയത്തിൽ ബിജെപിയുടെ പരിഭ്രാന്തിയാണ് ഈ നീക്കത്തിനു പിന്നിലെന്നും സിസോദിയ തുറന്നടിച്ചു. 

കേന്ദ്രത്തിന്റെ തീരുമാനം ഏകാധിപത്യപരമാണെന്നും പഞ്ചാബിന്റെ അധികാരങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും ശിരോമണി അകാലിദളിന്‍റെ മുതിർന്ന നേതാവും മുൻ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയുമായ ദൽജിത് സിങ് ചീമ പ്രതികരിച്ചു. ഈ തീരുമാനത്തിൽ നിന്ന് കേന്ദ്രം പിൻമാറുകയാണ് വേണ്ടതെന്നും ചീമ പ്രതികരിച്ചു. 

പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡിലെ  യുടി അഡ്മിനിസ്ട്രേഷനിൽ 60 ശതമാനം ജീവനക്കാർ പഞ്ചാബിൽനിന്നും ബാക്കി ഹരിയാനയിൽ നിന്നുമാണ്. പഞ്ചാബിലെ നിയമങ്ങളാണ് യുടി അഡ്മിനിസ്ട്രേഷനിൽ ബാധകമായതും. സംസ്ഥാനത്തിന്റെ അധികാരം കവരാനുള്ള കേന്ദ്രനീക്കം അപലപനീയമാണ്. പഞ്ചാബിനോടു കൂടിയാലോചനയില്ലാതെ എടുത്ത തീരുമാനം ഒരു തരത്തിലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും ദൽജിത് സിങ് ചീമ പറഞ്ഞു. അമിത് ഷായുടെ പ്രഖ്യാപനത്തെ ശക്തമായി എതിർക്കുന്നുവെന്നു കോൺഗ്രസ് നേതാവ് സുഖ്പാൽ സിങ് ഖൈറ പറഞ്ഞു.  

English Summary: Amit Shah's Plan For Chandigarh Government Employees Riles Punjab Parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA