പുതിയ നിര്‍ദേശങ്ങള്‍ മദ്യവില ഉയര്‍ത്തും?; പ്ലാസ്റ്റിക്ക് കുപ്പിക്ക് പകരം ചില്ല് കുപ്പിയാകും

1248-liquor
Photo credit: Shutterstock.com
SHARE

തിരുവനന്തപുരം∙ മദ്യനയത്തിലെ പുതിയ നിർദേശങ്ങളും ഫീസ് വർധനയും ഫലത്തിൽ മദ്യവില ഉയരാൻ കാരണമാകും. മദ്യവില ഉയർത്താൻ ഇപ്പോൾ തന്നെ ആവശ്യപ്പെടുന്ന മദ്യക്കമ്പനികൾ പുതിയ സാഹചര്യത്തിൽ സമ്മർദം വർധിപ്പിക്കും.2023–24 മുതൽ പ്ലാസ്റ്റിക് നിർമിത കുപ്പികളിൽ മദ്യം വിതരണം ചെയ്യാൻ അനുവദിക്കില്ലെന്നു പുതിയ മദ്യനയത്തിലുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ചീപ് ലിക്കർ അഥവാ വില കുറഞ്ഞ മദ്യം 80 ശതമാനവും എത്തുന്നതു പ്ലാസ്റ്റിക് കുപ്പികളിലാണ്. ചില്ലു കുപ്പികൾക്കു കൂടുതൽ ചെലവു വരുമെന്നതാണ് ഇതിനു മദ്യക്കമ്പനികൾ പറയുന്ന ന്യായം. മദ്യവിതരണം പൂർണമായി ചില്ലുകുപ്പിയിലാക്കാനുള്ള ആലോചന നേരത്തേയും നടന്നിരുന്നെങ്കിലും ചെലവു കൂടുമെന്നു ചൂണ്ടിക്കാട്ടി കമ്പനികൾ എതിർക്കുകയായിരുന്നു.

ചില്ലു കുപ്പികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രാൻഡ് രജിസ്ട്രേഷൻ ഫീസിൽ ഇളവു നൽകുമെന്നു മദ്യനയത്തിൽ പ്രഖ്യാപിച്ചത് ഈ എതിർപ്പു മറികടക്കുന്നതിനു വേണ്ടിയാണ്.കേരളത്തിൽ കൂടുതൽ വിൽപനയുള്ള ബ്രാൻഡുകൾ മിക്കവയും കേരളത്തിലെ ഡിസ്റ്റലറികളെയും ബ്ലെൻഡിങ് യൂണിറ്റുകളെയും ആശ്രയിച്ചാണു നിർമാണം നടത്തുന്നത്. ഇത്തരത്തിൽ പുറമേ നിന്നുള്ള കമ്പനികൾ കേരളത്തിലെ ഡിസ്റ്റലറികളിൽ ബ്ലെൻഡിങ് നടത്തുന്നതിനു സർക്കാരിലേക്കു നൽകേണ്ട ഫീസ് 2 ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമായി വർധിപ്പിക്കാൻ മദ്യനയത്തിൽ തീരുമാനിച്ചത് ഇവർക്കു തിരിച്ചടിയാകും. 

ഇങ്ങനെ ഉൽപാദിപ്പിക്കുന്ന മദ്യത്തിന്റെ ബ്രാൻഡ് രജിസ്ട്രേഷൻ ഫീസ് 3 ലക്ഷത്തിൽനിന്നു 4 ലക്ഷം രൂപയായും വർധിപ്പിച്ചു. ഓരോ ബ്രാൻഡിനും പ്രതിവർഷം ഈ ഫീസ് അടയ്ക്കണം. കേരളത്തിലെ ഡിസ്റ്റലറികൾ അവയുടെ സ്വന്തം ബ്രാൻഡ് രജിസ്റ്റർ ചെയ്യുന്നതിന് ഒരു ലക്ഷം രൂപ ഫീസ് നൽകിയാൽ മതി. നേരത്തേ ഇത് 75000 ആയിരുന്നു.

1248-liquor

അതേസമയം, ചില്ലുകുപ്പിയിലാണു മദ്യം ബോട്ടിൽ ചെയ്യുന്നതെങ്കിൽ രണ്ടു കൂട്ടരും നിലവിലുള്ള ബ്രാൻഡ് രജിസ്ട്രേഷൻ ഫീസ് തന്നെ നൽകിയാൽ മതി. മിലിട്ടറി കന്റീനിലും സെൻട്രൽ പൊലീസ് കന്റീനിലും മദ്യം നൽകുന്നതിന്റെ എക്സൈസ് ഡ്യൂട്ടി ലീറ്ററിന് നാലു രൂപ വർധിപ്പിച്ചതും മദ്യക്കമ്പനികൾ നൽകേണ്ടിവരും.

ഉൽപാദനച്ചെലവു വർധിക്കുമെങ്കിലും സംസ്ഥാനത്തിന്റെ മദ്യനയത്തിന്റെ ഭാഗമായതിനാൽ അടുത്ത സാമ്പത്തിക വർഷം ചില്ലുകുപ്പിയിലേക്കു മാറാതെ തരമില്ല. എന്നാൽ ആനുപാതികമായ വില വർധന അനുവദിക്കണമെന്ന മദ്യക്കമ്പനികളുടെ ആവശ്യം അംഗീകരിച്ചാൽ സംസ്ഥാനത്തു മദ്യവില ഉയരാൻ ഇതു കാരണമാകും. ചില്ലുകുപ്പികളിലേക്കു മാറാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ കുറഞ്ഞ വിലയ്ക്ക് ചില്ലുകുപ്പികളുടെ ലഭ്യത സർക്കാർ ഉറപ്പാക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബവ്റിജസ് പ്രതികരിച്ചു.

1248-liquor-kerala
Photo credit: Shutterstock.com

തൊഴിലാളികളുടെ വേതനം ഉയർന്നതും സ്പിരിറ്റ് വില വർധിച്ചതും കണക്കിലെടുത്തു മദ്യവില പരിഷ്കരിക്കണമെന്ന ആവശ്യം വർഷങ്ങളായി സർക്കാരിനോട് ഉന്നയിക്കുന്നുണ്ട്. വില സർക്കാർ നിയന്ത്രിക്കുന്നതിനു പകരം ‘ഫ്രീ പ്രൈസിങ്’ സ്വാതന്ത്ര്യം കമ്പനികൾക്കു നൽകണമെന്ന ആവശ്യവും സംഘടന സർക്കാരിനു മുൻപിൽ വച്ചിരുന്നു. 

∙ അന്നു നിർമാർജനം പൊളിച്ചു, ഇന്നു നിരോധനം

ബെവ്കോ വഴിയുള്ള പ്ലാസ്റ്റിക് കുപ്പികൾ പരിസ്ഥിതിക്കു ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യമായി മാറാൻ തുടങ്ങിയപ്പോൾ മൂന്നു വർഷം മുൻപു മലിനീകരണ നിയന്ത്രണ ബോർഡ് ഇടപെട്ടിരുന്നു.  ബോട്ടിൽ ഡെപ്പോസിറ്റ് സ്കീം നടപ്പാക്കണമെന്നും ഉപയോക്താക്കൾ തിരികെ ഏൽപിക്കുന്ന കുപ്പി ഒന്നിന് അഞ്ചു രൂപ വീതം നൽകണമെന്നുമുള്ള നിർദേശമായിരുന്നു ബോർഡിന്റേത്.

ഉപയോഗശേഷം കുപ്പി തിരിച്ചെടുക്കുന്നതിനു 2019 ഡിസംബറിൽ ക്ലീൻ കേരള കമ്പനിയുമായി ബെവ്കോ സർക്കാർ നിർദേശപ്രകാരം കരാറിലേർപ്പെട്ടു. മൂന്നു മാസത്തെ കരാർ വച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരസഭകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ശേഖരിക്കാൻ തീരുമാനിച്ചു.ബെവ്കോ വിൽപനശാലകൾക്കു മുൻപിൽ സ്ഥാപിക്കുന്ന മാലിന്യ വീപ്പകളിൽ കുപ്പികളിടാൻ ഉപയോക്താക്കൾക്കു സൗകര്യമൊരുക്കുകയും, ഇതിനൊപ്പം ക്ലീൻ കേരള കമ്പനി പൊതുവിടങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യാം എന്നതായിരുന്നു ധാരണ.

പ്ലാസ്റ്റിക് കുപ്പി കിലോയ്ക്ക് ഏഴര രൂപയും ചില്ലു കുപ്പിക്ക് ഒന്നര രൂപ മുതൽ 4.10 രൂപ വരെയുമാണു നിശ്ചയിച്ചത്. ബീയർ കുപ്പിക്കു നാലര രൂപയും ബീയർ കാനിന് ഏഴര രൂപയും വിലയിട്ടു. കുപ്പിയെടുക്കാൻ ഈ നിരക്കിലുള്ള തുക ക്ലീൻ കേരള കമ്പനിക്കു നൽകണം. എന്നാൽ ഒരു കുപ്പി പോലും ഈ പദ്ധതി വഴി പെറുക്കാനായില്ല.

1248-kerala-liquor
Photo credit: Shutterstock.com

കരാർ വീണ്ടും നാലുമാസത്തേക്കു കൂടി നീട്ടിയിട്ടും കാര്യമുണ്ടായില്ല. 2020 ജൂലൈ 31ന് അവസാനിച്ച കരാർ പിന്നെ പുതുക്കിയതുമില്ല. പ്ലാസ്റ്റിക് മദ്യക്കുപ്പികളുടെ നിർമാർജനം പാളിയതിനു പിന്നിൽ കളിച്ചതു മദ്യക്കമ്പനികളാണ്. കേന്ദ്രസർക്കാരിന്റെ 2016ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലനച്ചട്ടമാണു സംസ്ഥാനം നടപ്പാക്കാൻ ശ്രമിച്ചത്.

ചട്ടപ്രകാരം, പ്ലാസ്റ്റിക് കുപ്പികൾ നിർമാർജനം ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം ആ കുപ്പിയിൽ ഉൽപന്നമെത്തിക്കുന്ന കമ്പനികൾക്കാണ്. ഇതനുസരിച്ചു കുപ്പി നിർമാർജനത്തിന്റെ ചെലവു വഹിക്കേണ്ടതു മദ്യക്കമ്പനികളാണ്. എന്നാൽ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കമ്പനികൾ തയാറായില്ല.പ്ലാസ്റ്റിക് നിർമാർജനത്തിനു മദ്യക്കമ്പനികൾ സഹകരിക്കാതെ വന്നതോടെയാണു പ്ലാസ്റ്റിക് മദ്യക്കുപ്പികൾക്കു നിരോധനമേർപ്പെടുത്താനുള്ള നിർദേശം സർക്കാർ പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തിയത്.

English Summary: How a new liquor policy in Kerala leads liquor price hike 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS