ADVERTISEMENT

കൊച്ചി ∙ ശ്വാസതടസം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോൺ പോളിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതർ. രണ്ടു മാസമായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോൺ പോളിനെ കഴിഞ്ഞയാഴ്ച എറണാകുളം ലിസി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇപ്പോൾ നേരിയ തോതിൽ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് നൽകിയിരുന്ന ബൈ- പാപ്പ് സപ്പോർട്ട് രാത്രി മാത്രമായി പരിമിതപ്പെടുത്തുവാൻ സാധിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

ശ്വാസതടസവും ഒരു മാസത്തിലേറെ നീണ്ട വയറിളക്കവും ജോൺപോളിനെ അവശനിലയിലാക്കിയിരുന്നു. ഇടയ്ക്ക്, സ്വാന്തന പരിചരണം വേണമെന്നു ഡോക്ടർമാർ നിർദേശിച്ചതിനാൽ, ആദ്യം ചികിത്സിച്ച ആശുപത്രിയിൽനിന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ട സാഹചര്യം വന്നപ്പോഴാണ് അവിടെനിന്ന് ലിസി ആശുപത്രിയിലേക്കു മാറ്റിയത്. നില ഗുരുതരമാണെന്നു മനസ്സിലായതോടെ അധികൃതർ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കുകയായിരുന്നു. മാസങ്ങളായി കിടപ്പിലായതിനാൽ വ്രണങ്ങൾ രൂപപ്പെട്ടെങ്കിലും ചെരിച്ചു കിടത്തിയും മറ്റും ചികിത്സ നൽകുന്നുണ്ട്.

അതേസമയം, മാസങ്ങളായി നീളുന്ന ചികിത്സയെ തുടർന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. മാക്ട ഉൾപ്പടെയുള്ള സിനിമാ സംഘടനകൾ സാമ്പത്തിക സാഹയം നൽകിയെങ്കിലും ഇതുവരെ ചികിത്സയ്ക്കായി 20 ലക്ഷം രൂപയിലേറെ ചെലവാക്കേണ്ടി വന്നതാണ് കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജോൺ പോളിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്നു മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

മലയാള സിനിമയ്ക്കു നിർണായ സംഭാവന നൽകിയിട്ടുള്ള ജോൺ പോളിന് കാര്യമായ സാമ്പത്തിക നീക്കിയിരിപ്പുകൾ ഇല്ലെന്നത് കുടുംബത്തെ വലയ്ക്കുന്നുണ്ട്. ഇതോടെയാണ് ജോൺ പോളിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച കൊച്ചിയിൽ യോഗം ചേർന്ന് അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സഹായനിധി രൂപീകരിക്കാൻ തീരുമാനിച്ചത്.

ജോൺ പോളിന്റെ സുഹൃത്തുക്കളും കൊച്ചിയിലെ സാംസ്കാരിക, സാമൂഹിക പ്രവർത്തകരുമായ പ്രഫ. എം.കെ.സാനു, ചാവറ കൾചറൽ സെന്റർ ഡയറക്ടർ തോമസ് പുതുശേരി, സംവിധായകൻ എം. മോഹൻ, ജയചന്ദ്രൻ സിഐസിസി, പി. രാമചന്ദ്രൻ, മനു റോയ്, സിജി രാജഗോപാൽ, ജോൺസൺ സി. ഏബ്രഹാം, തനൂജ ഭട്ടതിരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സഹായസമാഹരണം. ജോൺ പോളിന്റെ മകളുടെ ഭർത്താവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു സാമ്പത്തിക സഹായം നൽകണമെന്നാണ് അഭ്യർഥന.

അക്കൗണ്ട് നമ്പർ –67258022274
എസ്ബിഐ കാക്കൂർ ബ്രാഞ്ച്,
ഐഎഫ്എസ്‍സി കോഡ് SBIN0070543.
ഗൂഗിൾ പേ – 94466 10002.

English Summary : Screenwriter John Paul needs financial help for treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com