ADVERTISEMENT

കൊച്ചി∙ പൊലീസ് ഉദ്യോഗസ്ഥർ ട്രാൻസ്ജെൻഡറുകളെ അധിക്ഷേപിച്ചു എന്നാരോപിച്ച് ലോക ട്രാൻസ്ജെൻഡർ ദിനത്തിൽ ആലുവ പൊലീസ് സ്റ്റേഷനിലേയ്ക്കു പ്രതിഷേധ മാർച്ച്. സമരക്കാരെ പൊലീസ് തടഞ്ഞതോടെ മാർച്ച് ഉന്തിലും തള്ളിലും കലാശിച്ചു. പരാതിയുമായി എത്തിയ ട്രാൻസ്‌ജെൻഡറിനെ ലിംഗപരിശോധനയ്ക്കു പൊലീസ് അയച്ചു എന്നാണ് ഇവരുടെ ആരോപണം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ മുപ്പതോളം ട്രാൻസ്‌ജെൻഡറുകൾ സ്റ്റേഷനിലേയ്ക്കു കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.

ഇവരുടെ സംഘം പൊലീസ് സ്റ്റേഷനിലേയ്ക്കു മുദ്രാവാക്യം വിളിയുമായി എത്തുകയായിരുന്നു. ഇവരെ സ്റ്റേഷനിൽ പ്രവേശിപ്പിക്കാതെ ബാരിക്കേഡ് വച്ചു പൊലീസ് തടഞ്ഞു. പുരുഷ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞത് എതിർത്തതോടെ ആശയക്കുഴപ്പമായി. ഇവർ പൊലീസ് വലയം ഭേദിച്ച് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും കൂടുതൽ വനിതാ പൊലീസ് എത്തി തടയുകയായിരുന്നു. സ്റ്റേഷനു മുന്നിലെ റോഡിൽ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

transgenders-march-aluva-1
ആലുവ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ജെൻഡറുകൾ നടത്തിയ മാർച്ചിനിടെ ബാരിക്കേഡിനു മുകളിൽ കയറാൻ ശ്രമിക്കുന്ന ട്രാൻസ്ജെൻഡർ

മൂന്നാഴ്ച മുൻപ് ദേശം കുളക്കടവിൽ കുളിക്കുമ്പോൾ ചിലർ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായാണ് ട്രാൻസ്ജെൻഡർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഈ സമയം ഇവരുടെ ലിംഗപരിശോധന നടത്താൻ ആലുവ പൊലീസ് ശ്രമിച്ചെന്നാണ് ഇവർ ആരോപിക്കുന്നത്. പൊലീസുമായി വാക്കു തർക്കമായതിനെ തുടർന്ന് ആലുവ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിലാണ് ചർച്ച നടത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും നടപടിയെടുക്കുമെന്നുമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

ട്രാൻസ്ജെൻഡേഴ്സ് എന്ന പേരിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് ഇവർക്കെതിരെയും പരാതി ലഭിച്ചതായി പൊലീസ് പറയുന്നു.

transgenders-march-aluva-2
ആലുവ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ജെൻഡറുകൾ നടത്തിയ മാർച്ച്

English Summary: Transgenders March at Aluva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com