ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ യാദവ്. സമാജ്‍വാദി പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്ന ശിവ്പാലിന്റെ യോഗിയുമായുള്ള കൂടിക്കാഴ്ച പാർട്ടി മാറ്റത്തിന്റെ സൂചനയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ യോഗിയുമായി സൗഹൃദസന്ദർശനം മാത്രമാണ് നടത്തിയത് എന്ന് ശിവ്പാൽ യാദവ് പ്രതികരിച്ചു. ഇരുവരും മുപ്പതു മിനിറ്റോളം സംസാരിച്ചു.

കൂടിക്കാഴ്ചയെ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല. എന്നാൽ അഖിലേഷും ശിവ്പാലുമായി അടുത്തിടെ നടന്ന വാക്കുതർക്കങ്ങൾ ചൂണ്ടിക്കാട്ടി സമാജ്വാദി പാര്‍ട്ടി അണികള്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. മാർച്ച് 24ന് ഇരുവരും അവസാനമായി കണ്ടപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ മുഴച്ചു നിന്നു. 'സമാജ്‌വാദി പാർട്ടിക്കുള്ളിൽ കൂടുതൽ പരിഗണന വേണമെന്ന് ശിവ്പാൽ ആവശ്യപ്പെട്ടുവെങ്കിലും പ്രഗതിശീൽ സമാജ്‌വാദി പാർട്ടി എന്ന ശിവ്പാലിന്റെ പാർട്ടി സമാജ്‌വാദിയുടെ ഒപ്പം നിർത്തി വളർത്തണമെന്ന് അഖിലേഷ് നിർദേശിച്ചു.

akhilesh-yadav
അഖിലേഷ് യാദവ്.

2017ൽ പുതിയ പാർട്ടി രൂപീകരിച്ച ശിവ്പാൽ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ ആറു വട്ടം എംഎൽഎആയി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമാജ്‌വാദി എംഎൽഎമാരുടെ കൂടിക്കാഴ്ചയിൽ ശിവ്പാലിന് ക്ഷണം  ലഭിച്ചില്ല. ഇതിൽ അസ്വസ്‌ഥനായ ശിവ്പാൽ, പാർട്ടി തന്നെ എന്തിനാണ് അവഗണിച്ചത് എന്ന് മനസ്സിലായില്ലെന്നു പ്രതികരിച്ചു.    

സമാജ്‌വാദി പാർട്ടിയുടെ കുടുംബത്തിൽ വിള്ളൽ വീഴ്ത്തിയുള്ള നീക്കങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി നടപ്പിൽ വരുത്തിയിരുന്നു. മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ്, അഖിലേഷിന്റെ ഭാര്യാസഹോദരൻ പ്രതീക് യാദവ് എന്നിവർ സമാജ്‌വാദി പാർട്ടി വിട്ടതിനു ശേഷം ബിജെപിയിൽ ചേർന്നിരുന്നു.  

അതേസമയം 2017 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു 2022ൽ മികച്ച പ്രകടനമാണ് സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശിൽ കാഴ്ചവച്ചത്. മുൻ തിരഞ്ഞെടുപ്പിലെ 47 സീറ്റിൽ നിന്ന് 2022 ൽ 125 സീറ്റുകളോടെ ബിജെപിക്ക് പിന്നിലായി പാർട്ടി  രണ്ടാമതെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എംപി സ്ഥാനമൊഴിഞ്ഞ അഖിലേഷിന് തിരിച്ചടിയാണ് കുടുംബാംഗങ്ങളുടെ ബിജെപി ചേക്കേറൽ.  

English Summary: Trouble in UP Alliance? Akhilesh Yadav's Uncle Meets Yogi Adityanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com