ADVERTISEMENT

ന്യൂഡൽഹി∙ സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡിനെ ‘ഒറ്റയ്ക്ക്’ സ്വന്തമാക്കാൻ പഞ്ചാബിനു പിന്നാലെ ഹരിയാനയും രംഗത്തിറങ്ങിയതോടെ അയൽക്കാർ തമ്മിലുള്ള പോരിനു വഴിതുറക്കുന്നു. ചണ്ഡിഗഡിനെ പഞ്ചാബിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കിയതിനു പിന്നാലെ, ചണ്ഡിഗഡിനെ തിരികെ ആവശ്യപ്പെടുന്ന കാര്യം ഏപ്രിൽ അഞ്ചിന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചർച്ച ചെയ്യാൻ ഹരിയാനയും തീരുമാനിച്ചു. മാത്രമല്ല, ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളും ഹരിയാനയോടു ചേർക്കണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കാനാണ് ഹരിയാനയുടെ നീക്കം.

മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ വസതിയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഈ ആവശ്യങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നതിന് ഏപ്രിൽ അഞ്ചിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. ഏപ്രിൽ അഞ്ചിന് രാവിലെ 11ക്കാണ് പ്രത്യേക നിയസഭാ സമ്മേളനം ആരംഭിക്കുകയെന്ന് സംസ്ഥാന സർക്കാരിന്റെ വക്താവ് അറിയിച്ചു.

ചണ്ഡിഗഡിനു മേലുള്ള അവകാശവാദം ശക്തമാക്കി പൊടുന്നനെ പഞ്ചാബ് രംഗത്തെത്തിയതിൽ ഹരിയാന സർക്കാർ അദ്ഭുതം പ്രകടിപ്പിച്ചു. ഇത്തരമൊരു അവകാശ വാദം നിയമസഭാ സമ്മേളനം വിളിച്ച് ഉന്നയിക്കുന്നതിനു മുൻപ് ബന്ധപ്പെട്ട എല്ലാവരേയും പഞ്ചാബ് സർക്കാർ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നുവെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ചൂണ്ടിക്കാട്ടി.

അതിനിടെ ഹരിയാനയുമായും പഞ്ചാബുമായും ബന്ധപ്പെട്ട യഥാർഥ പ്രശ്നങ്ങളെന്തെന്ന് മനസ്സിലാക്കാനാകാത്ത ‘കുട്ടി പാർട്ടി’യാണ് ആംആദ്മി പാർട്ടിയെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പരിഹസിച്ചു. ചണ്ഡിഗഡിനായി അവകാശ വാദമുന്നയിച്ച പഞ്ചാബ് സർക്കാരിനെ അദ്ദേഹം വിമർശിച്ചു. പഞ്ചാബിലെ ജനത്തിനു നൽകിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ, ആളുകളുടെ ശ്രദ്ധ യഥാർഥ വിഷയങ്ങളിൽനിന്ന് തിരിക്കാനാണ് എഎപി സർക്കാർ ഇത്തരമൊരു ആവശ്യം ഉയർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

English Summary: Punjab, Haryana lock horns over who gets to keep Chandigarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com