ADVERTISEMENT

കൊച്ചി ∙ നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചനാക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെയും പ്രതി ചേര്‍ത്തു. ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചതിനുമാണ് കേസ്. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തും പ്രതിയാണ്.

അതിനിടെ, ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. നേരത്തേ നല്‍കിയ പരാതിയിലെ പിഴവുകള്‍ പരിഹരിച്ചാണ് പുതിയ പരാതി. 

സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഭാര്യയുടെ ഐ മാക് സിസ്റ്റം ഉപയോഗിച്ചായിരുന്നു തെളിവ് നശിപ്പിക്കല്‍. ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കര്‍ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രതിയാക്കി ക്രൈംബ്രാഞ്ച് ആലുവ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  ഇലക്ട്രോണിക് ഉപകരണങ്ങളിലെ തെളിവ് നശിപ്പിച്ചെന്നും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.

കേസിലെ വിഐപി എന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ചയാൾ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണെന്ന്  ക്രൈംബ്രാഞ്ച് എസ്പി സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണു ശരത്തിനെയും പ്രതി ചേര്‍ത്തത്. ഇതോടെ വധഗൂഢാലോചനക്കേസില്‍ ദിലീപടക്കം ഏഴ് പേര്‍ പ്രതികളാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ ശരത്തിനെ അറസ്റ്റ് ചെയ്യില്ല. ദിലീപിന്റെ അഭിഭാഷകര്‍ക്ക് മുംബൈയിലെ ഫൊറന്‍സിക് ലാബ് പരിചയപ്പെടുത്തിക്കൊടുത്ത വിന്‍സന്റ് ചൊവ്വല്ലൂരിനെ ചോദ്യം ചെയ്ത് വിട്ടയച്ചു.

English Summary: Crime Branch Case against Sai Sankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com