ADVERTISEMENT

ലക്നൗ∙ ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ക്ഷേത്രത്തിനു പുറത്ത് ഐഐടി ബിരുദധാരിയായ എൻജിനീയർ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാതെ പൊലീസ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യ പുരോഹിതനായ ഗോരഖ്പുരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിനു പുറത്താണ് അഹമ്മദ് മുർത്താസ അബ്ബാസി എന്നയാൾ മുദ്രാവാക്യം വിളിച്ച് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. ആയുധവുമായി ക്ഷേത്രത്തിനു പുറത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് കീഴടക്കിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഇയാൾ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച സംഭവത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി. ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ കീഴ്പ്പെടുത്താൻ ശ്രമിച്ച പൊലീസുകാരേയും സമീപത്തെ കടയുടമകളെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ക്ഷേത്രത്തിനു പുറത്ത് ആയുധവുമായി നിൽക്കുന്ന ഇയാൾക്കുനേരെ ജനം കല്ലും മറ്റും എറിയുന്നത് വിഡിയോയിൽ വ്യക്തമാണ്. ഒടുവിൽ നാട്ടുകാർ ചേർന്നാണ് ഇയാളെ കീഴ്പ്പെടുത്തി പൊലീസിനു കൈമാറിയത്. 

അഹമ്മദ് മുർത്താസ ഗോരഖ്പുർ സ്വദേശിയാണെന്നാണ് വിവരം. ഐഐടി ബോംബെയിൽനിന്ന് 2015ൽ ബിരുദം നേടിയ ഇയാൾ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഇയാളിൽനിന്ന് മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെയുള്ള വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു.

‘‘ഇയാളിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കൾ പരിശോധിക്കുമ്പോൾ ആസൂത്രിത ആക്രമണത്തിനുള്ള സാധ്യതയാണ് വ്യക്തമാകുന്നത്. ഇതിനു പിന്നിൽ ഭീകരസംഘടനകളുടെ സ്വാധീനം തള്ളിക്കളയാനാകില്ല’ – ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി: പ്രശാന്ത് കുമാർ വ്യക്തമാക്കി.

‘‘പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ അൽപം ആശങ്കപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങൾ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തും. നിലവിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. നിലവിൽ രണ്ടു കേസുകളാണ് ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തണമോയെന്ന് പിന്നീട് തീരുമാനിക്കും.’’ – പ്രശാന്ത് കുമാർ വ്യക്തമാക്കി.

ക്ഷേത്രത്തിനു പുറത്തെ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചതുകൊണ്ടാണ് ഇയാൾക്ക് അകത്തു കടക്കാൻ സാധിക്കാതെ പോയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്ക് അകത്തു കടക്കാൻ സാധിച്ചിരുന്നെങ്കിൽ വിശ്വാസികൾക്ക് അപകടം സംഭവിക്കുമായിരുന്നു. അവിടെ നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലാണ് കൂടുതൽ അപകടമുണ്ടാകാതെ കാത്തതെന്നും പ്രശാന്ത് കുമാർ അറിയിച്ചു.

English Summary: IIT Grad Attacks Cops Outside UP Temple, Police Say Terror Not Ruled Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com