ADVERTISEMENT

കൊച്ചി∙ സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന്  മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. മറ്റൊരു പാർട്ടിലിലേക്കുമില്ല. പാർട്ടിയെ വച്ച് പത്തുപൈസ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംസ്കാരമുള്ളയാളാണ് താനെന്നും സെമിനാറിൽ പങ്കെടുത്ത് പറയാനുള്ളത് പറയുമെന്നും കെ.വി.തോമസ് പറഞ്ഞു. 

അര മണിക്കൂറാണ് തനിക്ക് അനുവദിച്ചിരിക്കുന്ന സമയം. സെമിനാറിൽ പറയാനുള്ളതിനായി നോട്ട് തയാറാക്കിയിട്ടുണ്ട്. 2018 ഡിസംബറിനു ശേഷം രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞിട്ടില്ല. ഞാൻ പുറത്തു പോകുകയല്ല, ഞാൻ അകത്താണ്. എഐസിസി അംഗമാണ്. തന്നെ പുറത്താക്കാൻ കേന്ദ്ര നേതൃത്വത്തിനെ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ രാഷ്ട്രീയത്തിൽ താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന കെപിസിസി നിലപാടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസുമായി ഏറെ അടുപ്പമുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന സെമിനാറാണത്. നാളെ സഖ്യത്തിൽ സ്റ്റാലിനെ വേണ്ടെന്നു പറയുമോ എന്നും അദ്ദേഹം ചോദിച്ചു. മോദിയുമായി 2001 മുതൽ ബന്ധമുണ്ട്. പ്രധാനമന്ത്രിയെ കാണുമ്പോൾ ബിജെപിയാക്കും. യച്ചൂരിയെ കാണുമ്പോൾ സിപിഎമ്മാക്കും. ചെറിയാൻ ഫിലിപ്പിന്റെ ഉപദേശം സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. തനിക്ക് ഇതുവരെ കിട്ടിയിട്ടുണ്ട് എന്നു പറയുന്ന സ്ഥാനങ്ങൾ വെറുതെ കിട്ടിയതല്ല. ജനമാണ് പാർലമെന്റിലേയ്ക്കു വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാർത്താസമ്മേളനം വിളിച്ചതെന്ന് കെ.വി.തോമസ് ആമുഖമായി പറഞ്ഞിരുന്നു. മാര്‍ച്ചിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് നടക്കാൻ പോകുന്നത്. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവെന്നും കെ.വി.തോമസ് പറഞ്ഞു. 

‘ജന്മം കൊണ്ട് കോൺഗ്രസുകാരനാണ് ഞാൻ. പൊട്ടിമുളച്ചുവന്നതല്ല. മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം സിപിഎം സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സിറ്റിങ് എംപിമാരിൽ സീറ്റു നിഷേധിച്ചത് തനിക്കുമാത്രമാണ്. അതിൽ വലിയ വിഷമമുണ്ടായി’– അദ്ദേഹം പറഞ്ഞു.

പ്രായമായവർ മാറിനിൽക്കണമെന്ന മാനദണ്ഡം എനിക്കു മാത്രം മതിയോ.  കോൺഗ്രസിന് അങ്ങനെയൊരു നയമുണ്ടോ?. ഇത്രവട്ടമേ ജയിക്കാവൂ എന്നുണ്ടോ. ഭീഷണിയുടെ പുറത്ത് തന്നെ വീഴ്ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിൽനിന്നു പുറത്തുപോകാൻ മനസ്സുണ്ടെങ്കിലേ തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂ എന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് ‘അങ്ങനെയൊക്കെ പറയാമോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ.വി.തോമസ് കോൺഗ്രസ് വിരുദ്ധ നിലപാട് എടുക്കില്ലെന്നും പാർട്ടി അച്ചടക്കത്തിന്റെ ഫ്രെയിമിൽ നിൽക്കുന്ന നേതാവാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗുരുവായൂരിൽ പറഞ്ഞു.

English Summary: K.V. Thomas decision regarding attending CPM party congress seminar today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com