ADVERTISEMENT

മോസ്‌കോ∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ കടുത്ത വിമര്‍ശകനും നൊബേൽ സമ്മാന ജേതാവും മാധ്യമ പ്രവർത്തകനുമായ ദിമിത്രി മുറാട്ടോവിനെതിരെ പെയിന്റ് ആക്രമണം. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മുറാട്ടോവിന്റെ മേൽ അക്രമികൾ രാസവസ്തുക്കൾ കലർത്തിയ ചുവന്ന പെയിന്റ് ഒഴിക്കുകയായിരുന്നു. റഷ്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന പോരാട്ടത്തിനാണ് 2021 ല്‍ ഫിലിപ്പിനോ–അമേരിക്കൻ മാധ്യമ പ്രവർത്തകയായ മരിയ റീസയ്ക്കൊപ്പം മുറോട്ടോവ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനായത്. 

‘കണ്ണുകൾ ചുട്ടുനീറുന്നു’ എന്നാണ് ആക്രമണത്തിനു ശേഷമുള്ള തന്റെ ചിത്രം ടെലഗ്രാം അക്കൗണ്ടിൽ പങ്കുവച്ചുകൊണ്ട് മുറാട്ടോവ് പറഞ്ഞത്. റഷ്യൻ സർക്കാരിനെതിരെ കടുത്ത വിമർശനം നടത്തുന്ന മാധ്യമ സ്ഥാപനമായ നൊവായ ഗ‌സെറ്റയുടെ എഡിറ്ററാണ് മുറോട്ടോവ്. ഒരുകൂട്ടം മാധ്യമ പ്രവർത്തകർ ചേർന്ന് ആരംഭിച്ച നൊവായ ഗ‌സെറ്റയ്ക്ക്, റഷ്യ യുക്രെയ്നെ ആക്രമിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് സർക്കാരിന്റെ താക്കീത് ലഭിച്ചിരുന്നു. തുടർന്ന് യുക്രെയ്നിലെ ‘സൈനിക നടപടി’ അവസാനിക്കുന്നതു വരെ പത്രത്തിന്റെ അച്ചടി, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ നിർത്തി വയ്ക്കുകയാണെന്ന് നൊവായ ഗസെറ്റ അറിയിച്ചിരുന്നു. റഷ്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങളാണെന്നും അതിനാൽ റഷ്യക്ക് പുറത്തുനിന്ന് വിവിധ ഭാഷകളിൽ പ്രസിദ്ധീകരണം തുടങ്ങുമെന്നും നൊവായ ഗസെറ്റ നേരത്തേ പറഞ്ഞിരുന്നു. 

യുക്രെയ്നെതിരായ ആക്രമണം തുടങ്ങിയതു മുതൽ റഷ്യയിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങളാണ്. റഷ്യയുടേത് സൈനിക നടപടി മാത്രമാണെന്നും ‘യുദ്ധം’ എന്നുപയോഗിക്കാൻ പാടില്ല എന്നുമാണ് മാധ്യമങ്ങൾക്കു സർക്കാർ നൽകിയ നിർദേശം. ഇത് പാലിക്കാത്തവർക്കു ശിക്ഷയും ഉണ്ടാവും. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയ്ക്കും നിരോധനമുണ്ട്.

1248-dmitry-muratov
ദിമിത്രി മുറാട്ടോവ് (Photo by Odd ANDERSEN / AFP)

English Summary: Russia's Nobel winning editor Muratov doused with paint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com