ADVERTISEMENT

ന്യൂഡൽഹി ∙ കോവിഷീൽഡ്, കോവാക്സിൻ എന്നീ കോവിഡ് വാക്സീനുകളുടെ വില പകുതിയിലേറെ കുറച്ചു. കോവിഡ് പൂർണമായി ഒഴിയാത്ത സാഹചര്യത്തിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കരുതൽ ഡോസ് (മൂന്നാം ഡോസ്) നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണു രണ്ടു വാക്സീനുകളുടെയും വില കമ്പനികൾ വെട്ടിക്കുറച്ചത്. രണ്ടു വാക്സീനും ഇനി 225 രൂപ വീതമാണു നൽകേണ്ടത്.

600 രൂപയായിരുന്നു ഒരു ഡോസ് കോവിഷീൽഡിന്റെ വില. കോവാക്സിനു 1200 രൂപയാണ് ഈടാക്കിയിരുന്നത്. കോവിഷീൽഡ് നിർമിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനാവാലയും കോവാക്സിൻ നിർമിക്കുന്ന ഭാരത് ബയോടെക്കിന്റെ സഹസ്ഥാപക സുചിത്ര എല്ലയും ട്വിറ്ററിലൂടെയാണു പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സർക്കാരുമായുള്ള ചർച്ചകളെ തുടർന്നാണു വിലകുറയ്ക്കാൻ തീരുമാനിച്ചതെന്ന് ഇരുവരും വ്യക്തമാക്കി.

2 ഡോസ് എടുത്ത് 9 മാസം പിന്നിട്ട, 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും ഞായറാഴ്ച മുതൽ കരുതൽ ഡോസെടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. നേരത്തേയെടുത്ത അതേ വാക്സീൻ തന്നെയാണു മൂന്നാം ഡോസായും എടുക്കേണ്ടത്. സ്വകാര്യ വാക്സീൻ കേന്ദ്രങ്ങൾ വഴി മാത്രമാകും 18–59 പ്രായക്കാർക്കു കുത്തിവയ്പ്. അതിനാൽ കരുതൽ ഡോസിനു വില നൽകണം. നേരത്തേ, കരുതൽ ഡോസ് അനുവദിച്ച മുൻഗണനാ വിഭാഗങ്ങൾക്കു സർക്കാർ ആശുപത്രികളിൽനിന്നു സൗജന്യമായി ലഭിച്ചിരുന്നു. ഈ വിഭാഗക്കാർക്കു തുടർന്നും സൗജന്യ വാക്സീൻ ലഭിക്കുമെന്നു സർക്കാർ അറിയിച്ചു.

English Summary: Covishield, Covaxin Prices Cut To ₹ 225 Day Before Booster Drive Begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com