ADVERTISEMENT

ലക്നൗ∙ ആദ്യം സ്വന്തം കുടുംബം നേരെയാക്കിയിട്ട് ബിഎസ്പിയുടെ കാര്യത്തിൽ ഇടപെടാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ബിഎസ്പി അധ്യക്ഷ മായാവതിയുടെ ‘ഉപദേശം’. ഉത്തർപ്രദേശിൽ അധികാരത്തിലിരിക്കുമ്പോഴും അധികാരത്തിനു പുറത്തായശേഷവും ഒന്നും ചെയ്യാൻ കോൺഗ്രസിനു സാധിച്ചിട്ടില്ലെന്ന് മായാവതി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യ നിർദ്ദേശം തള്ളി മായാവതിയും ബിഎസ്പിയും ബിജെപിക്ക് അനായാസ വിജയം സമ്മാനിച്ചെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് മായാവതിയുടെ പ്രസ്താവന.

‘‘ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് മുൻപ് കോൺഗ്രസ് 100 പ്രാവശ്യം ചിന്തിക്കുന്നത് നല്ലതാണ്. ബിജെപിക്കെതിരെ അവർക്ക് വിജയിക്കാനായില്ല. എന്നിട്ടും ബിഎസ്പിക്കെതിരെ തോന്നുന്നതെല്ലാം പറയുന്നു. ഇവിടെ അധികാരത്തിലുള്ളപ്പോലും അധികാരത്തിനു പുറത്തായപ്പോഴും ഒന്നും ചെയ്യാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല’ – മായാവതി ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശിൽ ബിജെപി മികച്ച വിജയത്തോടെ ഭരണം നിലനിർത്തിയ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ സഖ്യ നിർദ്ദേശം ബിഎസ്പി തള്ളിയത് ബിജെപിയെ സഹായിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചത്. മായാവതിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചിട്ടും സഖ്യ ചർച്ചയ്ക്ക് അവർ തയാറായില്ലെന്നും രാഹുൽ വെളിപ്പെടുത്തിയിരുന്നു. സിബിഐ, ഇഡി, പെഗാസസ് എന്നിവയെ ഭയന്നാണ് ഉത്തർപ്രദേശിൽ മായാവതിയും ബിഎസ്പിയും ബിജെപിക്ക് അനായാസ വിജയത്തിന് വഴിയൊരുക്കിയതെന്നും രാഹുൽ വിമർശിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വാർത്താ സമ്മേളനം വിളിച്ച് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ മായാവതി തള്ളിയത്. ‘‘കാൻഷി റാം സിഐഎ ഏജന്റാണെന്ന് പറഞ്ഞ് മുൻപ് രാജീവ് ഗാന്ധി ബിഎസ്പിയെ അപാനിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ മകനും മകളും പോലും പിതാവിന്റെ പാത പിന്തുടർന്ന് എനിക്ക് കേന്ദ്ര ഏജൻസികളെ ഭയമാണെന്ന് അടിസ്ഥാനരഹിതമായ വാദം ഉന്നയിക്കുന്നു. ഇതിലൊന്നും സത്യത്തിന്റെ കണിക പോലുമില്ല എന്നതാണ് വാസ്തവം. എല്ലാ കേസുകളും സുപ്രീംകോടതി വരെ പോയി ഞങ്ങൾ ജയിച്ചിട്ടുള്ളതാണ്’ – മായാവതി പറഞ്ഞു.

‘‘ഇത്തവണ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നുവെന്ന് ആർക്കാണ് അറിയാത്തത്. ബിജെപിക്കെതിരെ സ്വന്തം പ്രകടനം ശരിക്ക് വിലയിരുത്തിയിട്ട് മതി ബിഎസ്പിയെ കുറ്റപ്പെടുത്തുന്നത്’ – മായാവതി പറഞ്ഞു.

‘‘മറ്റൊരു പാർട്ടിയെ കുറ്റപ്പെടുത്തുന്നതിനു മുൻപ് സ്വന്തം പാർട്ടിയുടെ കാര്യം നോക്കൂ. സ്വന്തം കുടുംബം നന്നാക്കിയിട്ടു പോരേ മറ്റുള്ളവരെ നന്നാക്കുന്നത്? തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എല്ലാ പ്രതിപക്ഷ പാർട്ടികളും ആത്മപരിശോധന നടത്തണമെന്നാണ് എന്റെ അഭിപ്രായം’ – മായാവതി പറഞ്ഞു.

English Summary: 'Rajiv Gandhi had tried to defame BSP, his son doing the same': Mayawati calls Rahul's UP poll claims false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com