ADVERTISEMENT

കൽക്കട്ട  ∙ ബംഗാളിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കെ, കേസന്വേഷണം സിബിഐക്ക് വിടാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലായിരിക്കും.

കേസുമായി ബന്ധപ്പെട്ട രേഖകളും ഇതുവരെ അറസ്റ്റിലായ പ്രതികളെയും സിബിഐക്ക് ഉടൻ കൈമാറണമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഒമ്പതാം ക്ലാസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂൽ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് സമർ എന്ന സമരേന്ദ്ര ഗായലിയുടെ മകൻ സൊഹൈൽ എന്ന ബ്രജ ഗോപാൽ ഗായലി (21), സുഹൃത്ത് പ്രഭാകർ പൊദ്ദാർ (20) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. 

mamata-banerjee
മമത ബാനർജി.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജി നടത്തിയ പ്രസ്താവനയാണ് വിഷയം ദേശീയ ശ്രദ്ധയിലെത്തിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടിയെയും കുടുംബത്തെയും പ്രതിക്കൂട്ടിൽ നിർത്തിയും അറസ്റ്റിലായവരെ അനുകൂലിച്ചുമുള്ള പ്രസ്താവനയാണ് മമത നടത്തിയത് എന്നാരോപിച്ച് പ്രതിപക്ഷമായ ബിജെപി, സിപിഎം, കോൺഗ്രസ് എന്നിവർ രംഗത്തെത്തി. ‘എന്താണ് മരണത്തിന് കാരണമായതെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നിങ്ങളതിനെ ബലാത്സംഗം എന്നു വിളിക്കുമോ? ആ പെൺകുട്ടി ഗർഭിണിയായിരുന്നോ? അവർ തമ്മിൽ സ്നേഹത്തിലായിരുന്നോ? നിങ്ങളതിനെ കുറിച്ച് അന്വേഷിച്ചിരുന്നോ? അതൊരു നിർഭാഗ്യകരമായ സംഭവമാണ്’ എന്നു പറഞ്ഞ മമത ബാനർജി, എന്തുകൊണ്ടാണ് ആ പെൺകുട്ടി മരിച്ച് അഞ്ചു ദിവസം കഴിഞ്ഞിട്ടും വീട്ടുകാർ പൊലീസില്‍ പരാതിപ്പെടാതിരുന്നത് എന്നും ചോദിച്ചു.

‘മാതാപിതാക്കൾ ആ പെൺകുട്ടിയുടെ മരണാനന്തര ചടങ്ങുകളും നടത്തി. ഞാനൊരു സാധാരണക്കാരിയായി ചോദിക്കുകയാണ്. ആ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടോ, ഗർഭിണിയായിരുന്നോ, അതോ ആരെങ്കിലും അടിച്ചതിനെ തുടർന്ന് മരിച്ചതാണോ എന്നതിനൊക്കെ പൊലീസ് എവിടെനിന്ന് തെളിവു കണ്ടെത്തും?’

എങ്ങനെ കൊല്ലപ്പെട്ടു? 

ഈ മാസം നാലിനാണ് ബംഗാളിലെ നാദിയ ജില്ലയിലുള്ള ഹൻസ്ഖലിയിൽ‌ പെൺകുട്ടി കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിനെന്നു പറഞ്ഞ് പോയ കുട്ടിയെ വൈകിട്ട് അവശനിലയിൽ ഒരു സ്ത്രീ വീട്ടിലെത്തിക്കുകയായിരുന്നു. വെളുപ്പിനോടെ മരിക്കുകയും ചെയ്തു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ മരിച്ചപ്പോൾ വിവരം പൊലീസിൽ അറിയിക്കുകയോ ചെയ്യാതെ പുലർച്ചെ തന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. തുടർന്ന് അഞ്ചു ദിവസങ്ങൾക്കു ശേഷമാണ് വിവരങ്ങള്‍ പുറത്തു വരുന്നതും പൊലീസ് കേസന്വേഷിക്കുന്നതും തൃണമൂൽ നേതാവിന്റെ മകൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നതും. എന്നാൽ അതിനു പിന്നാലെ മമത നടത്തിയ പ്രസ്താവന വൻ വിവാദമാവുകയും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരികയുമായിരുന്നു. 

സ്കൂളിൽ പെൺകുട്ടിയുടെ സീനിയറാണ് പ്രതിയും അയൽക്കാരനുമായ സൊഹൈൽ ഗായലി. ഇയാളുടെ പിതാവാകട്ടെ, പ്രദേശം അടക്കി ഭരിക്കുന്ന ശക്തനായ നേതാവുമാണ്. പെൺകുട്ടിയുടെ കുടുംബം അതിദരിദ്രമാണ്. മാതാപിതാക്കൾ ദിവസക്കൂലിക്കാരാണ്. ഇവരുടെ മൂന്നു പെൺമക്കളിൽ ഏറ്റവും ഇളയയാളാണ് കൊല്ലപ്പെട്ട പെൺകുട്ടി. നാലിന് വൈകിട്ട് നാലരയോടെ ബ്രജ ഗോപാലിന്റെ പിറന്നാൾ ആഘോഷത്തിന് സൈക്കിളുമെടുത്ത് പെൺകുട്ടി വീട്ടിൽനിന്നു പോയെന്ന് മാതാവ് പറയുന്നു.

പിതാവ് ഈ സമയത്ത് വീട്ടിലില്ലായിരുന്നു. വൈകിട്ട് ഏഴരയോടെ മറ്റൊരു സ്ത്രീയാണ് സൈക്കിളിൽത്തന്നെ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. കുട്ടി വഴിയിൽവീണു കിടക്കുകയായിരുന്നെന്നും അവർ പറഞ്ഞു. ക്ഷീണിതയായ കുട്ടിയുടെ കാലുകളിലൂടെ ചോരയൊഴുകിയിരുന്നു. മാസമുറയുടെ പ്രശ്നമായിരിക്കും എന്നു കരുതി മാതാവ് കിടക്കാൻ പറഞ്ഞു. എന്നാൽ രാത്രി വൈകിയും രക്തസ്രാവം നിലയ്ക്കാതായതോടെ അടുത്തുള്ള നാട്ടുവൈദ്യൻ ച‌ില മരുന്നുകൾ നൽകിയെങ്കിലും വെളുപ്പിനെ രണ്ടു മണിയോടെ മരിക്കുകയായിരുന്നു എന്ന് വിവിധ മാധ്യമങ്ങൾ മാതാപിതാക്കളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു. 

എന്നാൽ സമർ ഗായലിയുടെ സമ്മർദ്ദത്തെ തുടർന്നാണ് പെൺകുട്ടിയുടെ മൃതദേഹം യാതൊരു നിയമനടപടികളും സ്വീകരിക്കാതെ വെളുപ്പിനു തന്നെ സംസ്കരിച്ചതെന്ന വിവരവും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഈ തൃണമൂൽ നേതാവ് പറയുന്നത് കേൾക്കാതിരിക്കാൻ പറ്റില്ലെന്നും തങ്ങൾ അത്രത്തോളം പാവപ്പെട്ടവരാണ് എന്നുമാണ് പെൺ‌കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

എങ്ങനെയാണ് മകൾ മരിച്ചതെന്നോ എന്താണ് കാരണമെന്നോ മാതാപിതാക്കൾക്ക് കാര്യമായ ധാരണയുണ്ടായിരുന്നില്ല. മരണ സർട്ടിഫിക്കറ്റില്ലാതെ മൃതദേഹം പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കാൻ പറ്റില്ല. എന്നാൽ പെൺകുട്ടിയുടെ കാര്യത്തിൽ അതും ഉണ്ടായിരുന്നില്ല. ഗ്രാമങ്ങളിൽ അങ്ങനെയാണെന്നും ശ്മശാനത്തിൽ കൊണ്ടുവരുന്ന മൃതദേഹങ്ങളിൽ മിക്കതിനും അത്തരം രേഖകൾ ഒന്നും ഉണ്ടാകാറില്ലെന്നുമാണ് കെയർടേക്കർ കരുണ ബാവലി പറഞ്ഞത്. താൻ എത്തുമ്പോഴേക്കും മൃതദേഹം പകുതി കത്തിയ അവസ്ഥയിലായിരുന്നു എന്നും അവർ പറയുന്നു. 

mahva-moitra
മഹ്‍വ മൊയ്ത്ര.

'മമത ബാനർജിയുടെ പ്രസ്താവന അങ്ങേയറ്റം ദൗർഭാഗ്യകരം'

ബ്രജ ഗോപാലിന്റെ വീട്ടിലേക്ക് പെൺകുട്ടി പോകുന്നതു കണ്ടെന്നും അയാൾ കുഴപ്പക്കാരനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ബ്രജ ഗോപാലിന്റെ ബന്ധുവായ ഒരു സ്ത്രീ പൊലീസിനു മൊഴി നൽകിയിരുന്നു. അയാളുടെ മാതാപിതാക്കൾ ഇടയ്ക്കു മാത്രമേ ഇവിടേക്കു വരാറുള്ളൂ. ബ്രജ ഗോപാൽ സുഹൃത്തുക്കൾക്കൊപ്പം ഇവിടെ വന്ന് താമസിക്കാറുണ്ടെന്നും ബന്ധു പറഞ്ഞു. ഇക്കാര്യം അവർ പിന്നീടു മാധ്യമങ്ങളോടും പറഞ്ഞിരുന്നു.

മമത ബാനർജിയുടെ പ്രസ്താവന അങ്ങേയറ്റം ദൗർഭാഗ്യകരമായിപ്പോയി എന്നാണ് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ പ്രതികരിച്ചത്. ‘ഒരു സ്ത്രീ എന്ന നിലയിൽ മറ്റൊരു സ്ത്രീയുടെ വേദന അവർ മനസ്സിലാക്കേണ്ടതായിരുന്നു. മമത ഇരയ്ക്കു നേരേയാണ് വിരൽ ചൂണ്ടിയത്. അത് തെറ്റാണ്’ – രേഖ ശർമ പറഞ്ഞു. മമതയുടെ പ്രസ്താവന വിവാദമായതോടെ ജനരോഷം തണുപ്പിക്കാനായി പാർട്ടി എംപി മഹ്‍വ മൊയ്ത്ര പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. കുറ്റവാളികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് താൻ മാതാപിതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.

‘പ്രധാന കുറ്റവാളി ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അയാളുടെ രണ്ടു സുഹൃത്തുക്കൾ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അവർ ക്രിമിനലുകളാണ്. ഏതു രാഷ്ട്രീയ പാർട്ടിയാണ് എന്നത് ഇവിടെ പ്രസക്തമല്ല. ഇത്തരത്തിലുള്ള കുറ്റകൃത്യം സംസ്ഥാന സർക്കാർ വച്ചു പൊറുപ്പിക്കില്ല’ –  മൊയ്ത്ര പറഞ്ഞു. ഒപ്പം, മമതയുടെ പ്രസ്താവനയ്ക്ക് അനുബന്ധമായി, ‘പ്രതി പ്രായപൂർത്തിയായ ആളും പെൺകുട്ടി പ്രായപൂർത്തിയാകാത്തയാളുമാണ്. അവർ തമ്മിൽ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെങ്കിലും അത് ബലാത്സംഗമാണ്. അതുകൊണ്ട് നിയമം അനുശാസിക്കുന്ന വിധത്തിൽ പ്രതിക്ക് ശിക്ഷ ലഭിച്ചിരിക്കും’ എന്നും അവർ പറഞ്ഞു. സംഭവം പൊലീസിൽ അറിയിക്കാതെ മൃതദേഹം സംസ്കരിക്കാൻ മാതാപിതാക്കൾക്കു മേൽ സമ്മർദ്ദം ചെലുത്തിയവർക്കെതിരെയും നടപടിയുണ്ടാകുമെന്നും മൊയ്ത്ര പറ​ഞ്ഞു.

ബംഗാളിനും ബംഗാളികൾക്കും നാണക്കേടായ സംഭവമെന്നാണ് പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ സുവേന്ദു അധികാരി പ്രതികരിച്ചത്. അതിലും മോശമായതാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ പ്രസ്താവനയെന്നും പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം അധികാരി പറഞ്ഞു. കോൺഗ്രസ് ബംഗാൾ അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയും ഗ്രാമത്തിലെത്തിയിരുന്നു. ‘ഒരു സ്ത്രീ ആയിട്ടു പോലും ഇത്തരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പൊതുജന ശ്രദ്ധ തിരി‌ച്ചു വിടാനും കുറ്റവാളികളെ രക്ഷപ്പെടുത്താനുമാണ് അവർ ശ്രമിച്ചത്’ – അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഒത്തുതീർപ്പുകൾ നടക്കുന്നുണ്ടെന്നും ബംഗാൾ ഗവർണർ ജഗദീപ് ധാങ്കറും ട്വീറ്റ് ചെയ്തിരുന്നു. 

English Summary: Bengal Gangrape Snowballs into a political crisis; What is happening?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com