ADVERTISEMENT

തിരുവനന്തപുരം∙ കൂടുതൽ ലാഭം നൽകുന്ന കമ്പനികളുടെ മദ്യം കൂടുതൽ വിൽക്കാമെന്ന കച്ചവടതന്ത്രം ബവ്റിജസ് കോർപറേഷൻ സ്വീകരിച്ചതോടെ, 5 മാസം കൊണ്ട് ലഭിച്ചത് 16 കോടിയുടെ അധികവരുമാനം. ഷോർട്ട് ട്രാൻസ്ഫർ നെറ്റ്‌വർക്ക് (എസ്‌ടിഎൻ) പദ്ധതിയിലൂടെ ക്യാഷ് ഡിസ്‌കൗണ്ടായാണ് കോർപറേഷനു തുക ലഭിച്ചത്. 

വൻകിട മദ്യക്കമ്പനികൾ ചില വെയർഹൗസ് മാനേജർക്കും ജീവനക്കാർക്കും കമ്മിഷൻ കൊടുത്ത് അവരുടെ ഉൽപന്നം വിൽക്കുന്നതായിരുന്നു പഴയരീതി. ഇക്കാരണത്താല്‍ പുതിയ കമ്പനികൾക്കൊന്നും വിപണിയിൽ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞിരുന്നില്ല. നവംബർ മാസത്തിലാണ് ഈ രീതി അവസാനിപ്പിച്ച് എസ്‌ടിഎൻ പദ്ധതി നടപ്പിലാക്കാൻ ബവ്കോ തീരുമാനിച്ചത്. ബിയറിന്റെ എംആർപിയുടെ 9.5 ശതമാനവും വിദേശമദ്യത്തിന്റെ എംആർപിയുടെ 21 ശതമാനവും ക്യാഷ് ഡിസ്കൗണ്ടായി ബവ്കോയ്ക്കു നൽകിയാൽ നിശ്ചിത മാസത്തിനുള്ളിൽ സ്റ്റോക്കു വിറ്റു നൽകാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് വിൽപനയ്ക്കു തയാറായ കമ്പനികളുമായി ബവ്കോ കരാറിലേർപ്പെട്ടു.

ഇടനിലക്കാർ ഒഴിവായതോടെ എസ്‌ടിഎൻ പദ്ധതി കോർപറേഷനു ലാഭമായി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആകെ വിൽപനയുടെ 25% ഈ പദ്ധതിയിലൂടെയായിരുന്നെന്ന് അധികൃതർ പറഞ്ഞു. എസ്‌ടിഎൻ പദ്ധതിയിൽ ഭാഗമായാൽ ഉൽപന്നങ്ങളുടെ വിൽപന കോർപറേഷൻ ഉറപ്പാക്കുന്നതിനാൽ കൂടുതൽ കമ്പനികള്‍ താൽപര്യം അറിയിച്ചു വരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

6.5 ലക്ഷം കേയ്സ് മദ്യമാണ് ഈ പദ്ധതിയിലൂടെ ഇതുവരെ വിറ്റത്. വിദേശമദ്യമാണ് പദ്ധതിയിലൂടെ കൂടുതൽ വിറ്റുപോകുന്നത്. 1,27,000 കേസ് ബിയർ ആണ് ഈ പദ്ധതിയിലൂടെ വിൽപനയ്ക്കായി കോർപറേഷൻ ഇപ്പോൾ എടുത്തിരിക്കുന്നത്. എന്നാൽ, ഈ നീക്കത്തിനെതിരെ തൊഴിലാളി സംഘടനകളിൽ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തി. ചട്ടവിരുദ്ധമായ കാര്യമാണിതെന്നാണ് അവരുടെ ആരോപണം.

English Summary: More income for Kerala State Beverages Corporation via short transfer network

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com