ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരാറിനുള്ള ചർച്ചയിൽ പുരോഗതിയുണ്ടെന്നും മോദി. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി. പ്രതിരോധം, വ്യാപാരം, ക്ലീൻ എനർജി എന്നിവയിൽ സഹകരണം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

യുദ്ധമുഖത്ത് ആവശ്യമായ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള സാങ്കേതിക സഹായം ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്കുമുൻപ് യുകെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഉയരുന്ന ഭീഷണിയിൽ ഇന്ത്യയ്ക്ക് എല്ലാ സഹായവും അവർ വാഗ്ദാനം ചെയ്തു.

പ്രതിരോധ ആവശ്യങ്ങൾക്കായി ഇടപാട് പെട്ടെന്നു നടക്കാൻ ഇന്ത്യയ്ക്കു വേണ്ടി ഓപ്പൺ ജനറൽ എക്സ്പോർട്ട് ലൈസൻസ് (ഒജിഇഎൽ) യുകെ പുറത്തിറക്കുമെന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷൻ അറിയിച്ചു. റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സന്ദർശനത്തിനായാണ് ഇന്നലെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യയിൽ എത്തിയത്.

രാവിലെ രാഷ്ട്രപതി ഭവനിൽ ഔപചാരിക വരവേൽപ്പിനുശേഷം രാജ് ഘട്ടിൽ മഹാത്മാ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ചയും നടത്തി.

ബുൾഡോസറിൽ ചാടിക്കയറി ബോറിസ്

വ്യാഴാഴ്ച ഗുജറാത്തിലെ പഞ്ച്മഹലിൽ ഹലോൽ ജിഐഡിസിയിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമൊത്ത് ബോറിസ് ജോൺസൺ ജെസിബി ഫാക്ടറി സന്ദർശിച്ചു. ജെസിബിയിൽ കയറി മാധ്യമങ്ങളെ കൈവീശിക്കാണിക്കുകയും ചെയ്തു.

ഗുജറാത്തിലെത്തിയപ്പോൾ അദാനി ഹെഡ്‌ക്വാർട്ടേഴ്സിലെത്തി വ്യവസായ ഭീമൻ ഗൗതം അദാനിയെയും ബോറിസ് ജോൺസൺ കണ്ടിരുന്നു.

English Summary: India - UK Free Trade Agreement will be fulfilled by this year end, says PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com