ADVERTISEMENT

കണ്ണൂർ∙ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടിൽ ഒളിവിൽ കഴിഞ്ഞത് സിപിഎം സ്ഥിരീകരിച്ചു. ഇതിനു ധൈര്യം വരേണ്ടതല്ലെന്നും സംഭവത്തിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടായിട്ടില്ലെന്നും സിപിഎം പിണറായി ബ്രാഞ്ച് സെക്രട്ടറി കക്കോത്ത് രാജൻ പറഞ്ഞു.

കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിജിൽ ദാസ് (38) ആണ് ഒളിവിൽ കഴിഞ്ഞത്. നിജിലിനെയും വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പി.എം.രേഷ്മയെയും (42) അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം ഈ വീടിനു നേരെ ബോംബേറുണ്ടായതിൽ സിപിഎമ്മിന് ബന്ധമില്ലെന്നും കക്കോത്ത് രാജൻ പറഞ്ഞു. പാർട്ടി നിർദേശം നൽകിയിട്ടില്ല. സ്വാഭാവികമായ വൈകാരിക പ്രകടനം ഉണ്ടായോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ രാത്രി 8.30നാണ് ബോംബേറുണ്ടായത്.

2 മാസമായി ഒളിവിലായിരുന്ന നിജിൽ ദാസിനെ പിണറായി പാണ്ട്യാലമുക്കിൽ പൂട്ടിയിട്ട രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട്ടിൽനിന്നാണു വെള്ളിയാഴ്ച പുലർച്ചെ 3.30നു പിടികൂടിയത്. മുഖ്യമന്ത്രിയുടെ വീട്ടിൽനിന്ന് ഏതാനും മീറ്റർ മാത്രം അകലത്തിലാണ് ഒളിവിൽ കഴിഞ്ഞ വീട്.

രേഷ്മ അധ്യാപികയാണ്. രേഷ്മ വഴിയാണു വീട്ടിൽ താമസിക്കാൻ നിജിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 14–ാം പ്രതിയാണു നിജിൽ. 2 പേർ കൂടി പിടിയിലാവാനുണ്ട്.

English Summary: Murder accused sheltered in Pinarayi; CPM's Clarifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com