ADVERTISEMENT

പുണെ ∙ ഒമിക്രോണിന്റെ പുതിയ വകഭേദത്തിനെതിരെ കോവിഷീൽഡ് വാക്സീന്റെ പ്രതിരോധം  ദുർബലമാണെന്ന് വെളിപ്പെടുത്തുന്ന പഠനം പുറത്ത്. ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലാത്തവർക്ക് ഒമിക്രോണിന്റെ ബിഎ 1 വകഭേദത്തിനെതിരെ കോവിഷീൽഡ് കാര്യമായ പ്രതിരോധം നൽകുന്നില്ലെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ബൂസ്റ്റർ ഡോസുകളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതാണ് ഐസിഎംആറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നു നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു.

ഒമിക്രോണിനെതിരെ കോവാക്സിനും താരതമ്യേന നേരിയ പ്രതിരോധമാണ് നൽകുന്നതെന്ന് ഇതേ പഠനത്തിൽ മുൻപ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഷീൽഡും ഒമിക്രോണിന്റെ പുതിയ വകഭേദത്തെ നേരിടുന്നതിൽ അത്ര പോരെന്ന കണ്ടെത്തൽ. കോവാക്സിനും കോവിഷീൽഡും സ്വീകരിച്ചവർക്ക് കഴിയുന്നത്ര നേരത്തേ ബൂസ്റ്റർ ഡോസുകൾ കൂടി ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പഠന റിപ്പോർട്ട്.

രാജ്യത്ത് കോവിഡ് നാലാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ബൂസ്റ്റർ ഡോസുകളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പഠനഫലങ്ങൾ പുറത്തുവരുന്നതെന്നതും ശ്രദ്ധേയം. ഒമിക്രോണിന്റെ 2 ഉപവകഭേദങ്ങൾ കൂടി ബെംഗളൂരുവിൽ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഒമിക്രോൺ ബിഎ.2.10, ബിഎ.2.12 എന്നിവയാണിത്.

ഇതിനിടെ, സർക്കാർ ഏറ്റെടുക്കാതെ വാക്സീൻ കെട്ടിക്കിടക്കുന്നതു മൂലം ഉൽപാദനം നിർത്തിവച്ചെന്ന് കോവിഷീൽഡ് ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 20 കോടി ഡോസ് വാക്സീനാണ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്. ഈ വർഷം പുതിയ ബാച്ച് വാക്സീൻ ഉൽപാദിപ്പിച്ചില്ല. ഒരു ഘട്ടത്തിൽ വാക്സീൻ സൗജന്യമായി നൽകാമെന്നു വരെ പറഞ്ഞു. എന്നാൽ, അധികൃതർ തീരുമാനമെടുക്കുന്നില്ല – സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല പറഞ്ഞു.

English Summary: Covishield Has Least Neutralizing Power against Omicron’s BA.1 Variant, Boosters Needed: NIV Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com