ADVERTISEMENT

മരുന്നുകളോടു ഭയമായിരുന്നു ശങ്കരനാരായണന്. കുത്തിവയ്പിനെ ഭയത്തോടെ കണ്ടതിനാൽ ആശുപത്രിയിൽ പോകുന്നതിനോടെന്നും വിമുഖത കാട്ടി. കോവിഡ് പടർന്നു പിടിച്ചു ലോകമാകെ വിറങ്ങലിച്ചു നിന്നകാലത്തു പുറത്തിറങ്ങാനാവാത്ത കടുത്ത മാനസികാവസ്ഥ ശങ്കരനാരായണനെ തെല്ലൊന്നുമല്ല കഷ്ടപ്പെടുത്തിയത്.

ആൾക്കൂട്ടങ്ങളായിരുന്നു അദ്ദേഹത്തിന് ആനന്ദം. കോവിഡ് വന്നതോടെ പാലക്കാട് ശേഖരീപുരത്തെ ‘അനുരാധ’യിൽ അദ്ദേഹം ചുരുക്കം ചിലരെ മാത്രം പ്രവേശിപ്പിച്ച് അൽപം അകലം പാലിച്ചു സംസാരം തുടർന്നു. ആ വീട്ടിൽ ആർക്കും കടന്നുചെല്ലാമായിരുന്നു. പലരും വ്യക്തിപരമായ സങ്കടങ്ങൾ പോലും അദ്ദേഹത്തോട് വന്നു പറയുന്നതു കണ്ടിട്ടുണ്ട്. പൊടുന്നനെയാണു മറുപടികളും തീരുമാനവും. എല്ലാം കേട്ടുകഴിഞ്ഞ് ഒടുവിൽ അദ്ദേഹം പറയുന്ന ഉത്തരത്തിൽ പ്രശ്നത്തിന്റെ പരിഹാരം ഉറപ്പായിരുന്നു.

k-sankaranarayanan
കെ. ശങ്കരനാരായണൻ. ഫയൽ ചിത്രം:മനോരമ

വയനാട്ടിലേക്കുള്ള ഒരു യാത്രയാണോർമ വരുന്നത്. പാലക്കാട്ടുനിന്നു പുലർച്ചെ നിലമ്പൂർ വഴിയായിരുന്നു യാത്ര. ഓരോ പ്രദേശത്തെത്തുമ്പോഴും അവിടത്തെ രാഷ്ട്രീയ കാലാവസ്ഥയും ശീലങ്ങളും കഥകളും പറഞ്ഞു കൊണ്ടിരുന്നു. ആഹാരം കിട്ടുന്നിടത്തൊക്കെ കാർ നിർത്തും. ഏതു ഹോട്ടലിലും കടന്നു ചെല്ലും. അടുത്തു വരുന്നവരോടൊക്കെ വിശേഷം തിരക്കി പരിചയക്കാരനെപ്പോലെ പെരുമാറും.

അങ്ങനെ അന്നു നിലമ്പൂരും കഴിഞ്ഞു തമിഴ്നാടിന്റെ പ്രദേശം കടന്നു വേണം വയനാട്ടിലെത്താൻ. പോകുംവഴി ഒരു ബൈക്ക് വന്നു കാറിൽ തട്ടിയതും ബൈക്കിലുണ്ടായിരുന്ന രണ്ടു ചെറുപ്പക്കാരെ ഉടൻ ആശുപത്രിയിലെത്തിക്കേണ്ടി വന്നതിനുമൊക്കെ ഇടയിൽ ശരീരത്തിലെ പഞ്ചസാരയുടെ അളവൽപം കുറഞ്ഞു. വർത്തമാനം തുടർന്നു കൊണ്ടിരുന്ന അദ്ദേഹം എന്റെ ശരീരത്തിലേക്കു ചായാൻ തുടങ്ങി. ബോധം മാഞ്ഞിരിക്കുന്നു. കൈകളിൽ വിറയൽ. ഞാനാകെ ഭയന്നുപോയി. കൂടെയുണ്ടായിരുന്ന ഗൺമാൻ പ്രശാന്ത് ഉടൻ വെള്ളം കൊടുക്കുകയും ചോക്ലേറ്റ് നൽകുകയും ചെയ്തതോടെ പഴയപടി ഉഷാറായി. ആശുപത്രിയിൽ പോകാമെന്ന് നിർബന്ധിച്ചപ്പോഴൊക്കെ വേണ്ടെന്നു വിലക്കി. അപ്പോഴാണു സൂചിവയ്പിനോടുള്ള പേടിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

k-sankaranarayanan
കെ. ശങ്കരനാരായണൻ. ഫയൽ ചിത്രം:മനോരമ

നാഗാലാൻഡിൽ നാഗാ കലാപകാരികളെ തനി പാലക്കാടൻ സൗമ്യഭാവത്തോടെ നേരിട്ടു വരുതിയിൽ നിർത്തിയ ശങ്കരനാരായണനു സൂചി വയ്ക്കുന്ന വേദന പോലും അസഹ്യമായിരുന്നു. സ്വയം വേദനിക്കാനും മറ്റാരെയും വേദനിപ്പിക്കാനും അദ്ദേഹത്തിന് ആവില്ലായിരുന്നു. പ്രസംഗങ്ങളും വ്യക്തിബന്ധങ്ങളുമായിരുന്നു അദ്ദേഹത്തെ ഏറ്റവും കൂടുതൽ സന്തോഷവാനാക്കിയത്. പിന്നെ അദ്ദേഹം സന്തോഷിച്ചുകണ്ടത് രുചികരമായ ഭക്ഷണത്തിനു മുന്നിലിരിക്കുമ്പോഴാണ്.

k-sankaranarayanan
കെ. ശങ്കരനാരായണൻ. ഫയൽ ചിത്രം:മനോരമ

നാടൻ രുചിയുള്ളതെന്തും സ്വാദോടെ കഴിക്കുന്നതിൽ ഒരു മടിയും അദ്ദേഹം കാട്ടിയില്ല. രാഷ്ട്രീയം തലയ്ക്കു പിടിച്ചതിനാൽ പെണ്ണുകാണലിനൊന്നും നേരമില്ലാതെ നടന്ന അദ്ദേഹം അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണു വൈകി വിവാഹത്തിനു തയാറായത്. രാധയെ പെണ്ണു കാണാൻ പോയപ്പോൾ ചായയ്ക്കൊപ്പം നൽകിയ കാരോലപ്പം കഴിക്കാൻ നേരമില്ലെന്നു പറഞ്ഞു കടലാസിൽ പൊതിഞ്ഞെടുത്ത കഥ അദ്ദേഹത്തിന്റെ ആത്മകഥയായ ‘അനുപമം ജീവിതം’ കുറിച്ചു വച്ചിട്ടുണ്ട്.

പാലക്കാട് കടലില്ലെങ്കിലും സൗഹൃദങ്ങളുടെ കടൽ സ്വന്തമാക്കിയ ശങ്കരനാരായണൻ പാലക്കാടിന്റെ വിശ്വപൗരനാണ്. എല്ലാവരെയും നയപരമായി ഒരു നൂലിൽ കോർത്തപോലെ കൊണ്ടു നടക്കാനാവുന്ന സ്വഭാവമാണ് വിജയകരമായി 18 വർഷത്തോളം യുഡിഎഫ് ഏകോപന സമിതി കൺവീനറായി അദ്ദേഹത്തിനു തലയുയർത്തി നിൽക്കാൻ സഹായകമായത്.

pinarayi-vijayan-k-sankaranarayanan
പിണറായി വിജയൻ, കെ. ശങ്കരനാരായണൻ. ഫയൽ ചിത്രം: മനോരമ

കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളെ രാഷ്ട്രീയ പ്രസംഗത്തിൽ കരുതലോടെ സരസമായി കൈകാര്യം ചെയ്തു ശീലിച്ച ശങ്കരനാരായണൻ നന്നായി വായിക്കുമായിരുന്നു. ഉച്ചയൂണു കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ തളർന്നുവീണ അന്നു വരെ നീണ്ടു ആ പുസ്തക വായന. സാഹിത്യകാരന്മാരുമായും സിനിമാക്കാരുമായുമെല്ലാം അദ്ദേഹത്തിനു നല്ല ബന്ധമായിരുന്നു. രാഷ്ട്രീയത്തിന്റെ എതിർപക്ഷത്തുള്ളവരുമായി ആഴത്തിൽ ബന്ധം സൂക്ഷിക്കുന്ന രാഷ്ട്രീയ പാരമ്പര്യത്തിന്റെ വലിയൊരു കണ്ണിയാണ് ശങ്കരനാരായണന്റെ വിയോഗത്തോടെ നഷ്ടപ്പെടുന്നത്.

k-sankaranarayanan
കെ. ശങ്കരനാരായണൻ. ഫയൽ ചിത്രം:മനോരമ

മൻമോഹൻ സിങ്, സോണിയാഗാന്ധി എന്നിവരൊക്കെയായി ശങ്കരനാരായണൻ ദീപ്തമായ ബന്ധം കാത്തു. മഹാരാഷ്ട്രയിലെ അടക്കം ഗവർണർ ചുമതല വഹിച്ച ആറു സംസ്ഥാനങ്ങളിലെയും രാജ്ഭവൻ ഉദ്യോഗസ്ഥരിൽ പലരുമായും അദ്ദേഹം ബന്ധം നിലനിർത്തി. സാധാരണക്കാരന്റെ ചുറ്റുപാടുകൾ നന്നായറിയുന്ന രാഷ്ട്രീയ ബോധ്യം ഗവർണർ പദവി ഒഴിഞ്ഞു പാലക്കാട് വിശ്രമിക്കുമ്പോഴും അദ്ദേഹം കെടാതെ കാത്തു.

‘അനുപമം ജീവിതം’ എന്ന പുസ്തകം എഴുതുന്നതിലേക്ക് അദ്ദേഹവുമായി ആത്മബന്ധം വളർത്താൻ സാധിച്ചത് വലിയൊരു നിയോഗമായാണ് ഈ ലേഖകൻ കാണുന്നത്. അദ്ദേഹത്തിന്റെ കരുതലും സ്നേഹവും ആവോളം കിട്ടിയൊരാളെന്ന നിലയിൽ ആ വിയോഗം വരുത്തിയ വ്യഥയും ചെറുതല്ല. 

English Summary: Remembering Senior Congress leader and former governor K Sankaranarayanan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com