ADVERTISEMENT

നിതീഷ് കുമാർ വീണ്ടും എൻഡിഎ സഖ്യം വിടുമോ? പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവിന്റെ വീട്ടിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. നിതീഷ് കുമാറിന്റെ വീടുമാറ്റവും ഇഫ്താർ വിരുന്നിൽ പങ്കെടുത്തതും ചേർത്ത്, ലോക് ജനശക്തി പാർട്ടിയുടെ ഒരു വിഭാഗത്തെ നയിക്കുന്ന ചിരാഗ് പാസ്വാൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത് ചർച്ചകൾക്ക് ആക്കംകൂട്ടി. നിതീഷ് ബിജെപി സഖ്യം വിടുമെന്ന് സൂചിപ്പിച്ചായിരുന്നു ചിരാഗിന്റെ പോസ്റ്റ്.‌

‘‘നമ്മളെല്ലാവരും വീടിന് അറ്റകുറ്റപ്പണി നടത്താറുണ്ട്. അപ്പോൾ വീട്ടുസാധനങ്ങളും കന്നുകാലികളെയും കൊണ്ടുപോകാറുണ്ടോ?’’. എന്നാൽ, ഇഫ്താർ വിരുന്നിനു പോയതിൽ രാഷ്ട്രീയമില്ലെന്നാണ് നിതീഷ് കുമാർ വ്യക്തമാക്കിയത്.

∙ നടന്നെത്തിയതെന്തിന്?

മുൻ മുഖ്യമന്ത്രിയും തേജസ്വിയുടെ അമ്മയുമായ റാബറി ദേവിയാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്. റോഡിന്റെ എതിർഭാഗത്തു താമസിക്കുന്ന മുഖ്യമന്ത്രി നിതീഷ് അവിടേക്ക് നടന്നാണു പോയത്. ‘ഒരു വലിയ നേതാവ് മറ്റൊരു രാഷ്ട്രീയ നേതാവിന്റെ വീട്ടിലേക്ക് നടന്നു ചെല്ലുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് എനിക്ക് ഉറപ്പു നൽകാൻ കഴിയും. ഒരിക്കൽ സോണിയാ ഗാന്ധി എന്റെ പിതാവിന്റെ വീട്ടിലേക്ക് നടന്നു ചെന്നത് ഞാൻ ഓർക്കുന്നു. അതിനുശേഷം അദ്ദേഹം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയുടെ ഭാഗമായി’ – ചിരാഗ് പറഞ്ഞു (2002ലെ ഗുജറാത്ത് കലാപത്തെ തുടർന്ന് അടൽ ബിഹാരി വാജ്‌പേയി മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിനു പിന്നാലെ, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ രാം വിലാസ് പാസ്വാൻ യുപിഎ മുന്നണിയിലായിരുന്നു).

നിതീഷ് കുമാർ
നിതീഷ് കുമാർ (ഫയല്‍ ചിത്രം)

ചിരാഗ് പാസ്വാനും ഇഫ്താർ വിരുന്നിനെത്തിയിരുന്നു. നിതീഷിന്റെ കാൽതൊട്ടു വന്ദിച്ചാണ് ചിരാഗ് ആദരം പ്രകടിപ്പിച്ചത്. പിന്നാലെയായിരുന്നു നിതീഷിനെ ‘കുത്തി’യുള്ള പോസ്റ്റ്.

∙ എൻഡിഎ–ആർജെഡി–എൻഡിഎ

അപ്രതീക്ഷിത രാഷ്ട്രീയ തീരുമാനങ്ങളെടുത്ത് അമ്പരപ്പിച്ചിട്ടുള്ളയാളാണ് നിതീഷ് കുമാർ. എന്‍ഡിഎയിൽനിന്ന് ആർജെഡി സഖ്യത്തിലേക്കും അവിടെനിന്ന് വീണ്ടും എൻഡിഎയിലേക്കുമുള്ള അദ്ദേഹത്തിന്റെ ചാഞ്ചാട്ടം രാഷ്ട്രീയ ചർച്ചയായിരുന്നു. വീണ്ടും ആർജെഡിയിലേക്ക് മടങ്ങുന്നുവോയെന്ന ചിരാഗിന്റെ ചോദ്യത്തിന് അതിനാൽ പ്രസക്തിയേറെയാണ്.

2005ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിഹാറിൽ ഒന്നര പതിറ്റാണ്ടു നീണ്ട ലാലു–റാബറി കുടുംബഭരണം അവസാനിപ്പിച്ച് എൻഡിഎയുടെ ഉജ്വലവിജയത്തിനു നേതൃത്വം നൽകിയത് നിതീഷ് കുമാറായിരുന്നു. പിന്നാലെ, ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാർ, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ബിജെപി തീരുമാനിച്ചതിൽ പ്രതിഷേധിച്ച് 2013ൽ എൻഡിഎ വിട്ടു. പിന്നീട് 2014ൽ ബിഹാർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആർജെഡിക്കൊപ്പം ചേർന്നു.

PTI20-10-2020_000110B
നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, തേജസ്വി യാദവ് (ഫയല്‍ ചിത്രം)

2015ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി–കോൺഗ്രസ്–ജെഡിയു വിശാലസഖ്യം ബിജെപിയെ നിലംപരിശാക്കി, നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി. 2017ൽ ആർജെഡിയുമായി ഉടക്കി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ, എൻഡിഎയിൽ മടങ്ങിയെത്തി. ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. 2020ലെ തിരഞ്ഞെടുപ്പിലും ജയിച്ച് മുഖ്യമന്ത്രിയായി തുടരുന്നു.

∙ നിതീഷ് എൻഡിഎ വിടുമോ?

അടുത്തിടെയായുള്ള നിതീഷ് കുമാറിന്റെ നീക്കങ്ങള്‍, അദ്ദേഹം എന്‍ഡിഎ വിട്ടേക്കുമെന്ന സൂചന നൽകുന്നവയാണ്. പല വിഷയങ്ങളിലും കേന്ദ്രത്തിനെതിരെ വിമർശനമുയർത്തിയ നിതീഷ്, 2021 ലെ സെൻസസിൽ ജാതി ജനസംഖ്യാ കണക്കെടുപ്പുണ്ടാകില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ ജാതി സെൻസസ് വേണമെന്ന കാര്യത്തിൽ ഒന്നിച്ചു നിൽക്കാൻ നിതീഷ് കുമാറും തേജസ്വി യാദവും തീരുമാനിക്കുകയും ചെയ്തിരുന്നു.

ജനസംഖ്യാ നിയന്ത്രണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നയം അനുകരിക്കണോ എന്നതിനെച്ചൊല്ലിയും ഭിന്നതയുണ്ടായി. ജനസംഖ്യാ നിയന്ത്രണത്തിനു നിയമം ഫലപ്രദമാകില്ലെന്നായിരുന്നു നിതീഷിന്റെ അഭിപ്രായം. പെഗസസ് ചാര സോഫ്റ്റ്‌വെയർ വിവാദത്തിലും കേന്ദ്ര സർക്കാരിനെ നിതീഷ് കുമാർ വിമർശിച്ചു. ഇത്തരം ചാരപ്പണി വൃത്തികെട്ടതും ഉപയോഗരഹിതവുമാണെന്നായിരുന്നു നിതീഷിന്റെ പ്രസ്താവന.

IND1931B
രാംവിലാസ് പാസ്വാൻ, ചിരാഗ് പാസ്വാൻ (ഫയല്‍ ചിത്രം)

ഇതിനിടെ, ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷനൽ ലോക് ദൾ (ഐഎൻഎൽഡി) നേതാവുമായ ഓം പ്രകാശ് ചൗത്താല നിതീഷിനെ മുൻനിർത്തി മൂന്നാം മുന്നണിക്കായി ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

∙ മുൻവൈരാഗ്യം തീർക്കാൻ ചിരാഗ്

നിതീഷിനോടു വൈരാഗ്യം തോന്നാൻ ചിരാഗിനു കാരണമുണ്ട്. കഴിഞ്ഞ ജൂണിൽ ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) അധ്യക്ഷസ്ഥാനത്തുനിന്ന് ചിരാഗിനെ പുറത്താക്കിയതിനു പിന്നിൽ നിതീഷ് കുമാറിന്റെ ചാണക്യതന്ത്രമായിരുന്നു.

PTI2_7_2017_000154A
രാംവിലാസ് പാസ്വാൻ, ചിരാഗ് പാസ്വാൻ (ഫയല്‍ ചിത്രം)

പിതാവ് രാംവിലാസ് പാസ്വാന്റെ മരണശേഷമാണ് ചിരാഗ് എല്‍ജെപി നേതൃസ്ഥാനം ഏറ്റെടുത്തത്. പാസ്വാന്റെ മരണശേഷം ചിരാഗും രാംവിലാസ് പാസ്വാന്റെ ഇളയ സഹോദരനായ പശുപതി കുമാര്‍ പരസും തമ്മില്‍ നിലനിന്നിരുന്ന കലഹം മൂര്‍ച്ഛിച്ച് പിളര്‍പ്പിലെത്തി. ചിരാഗിനൊപ്പമുണ്ടായിരുന്ന അഞ്ച് എംപിമാർ പ്രത്യേക ഗ്രൂപ്പായി തങ്ങളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്കു കത്തെഴുതി. പിന്നാലെ, പശുപതി പരസിന്റെ നേതൃത്വത്തിലുള്ള വിഭാഗം പാർട്ടി ദേശീയ നിർവാഹക സമിതി യോഗം വിളിച്ച് ചിരാഗിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കി.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എന്‍ഡിഎ വിട്ട ചിരാഗ്, സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് നിതീഷിന്റെ ജെഡിയുവിന് കനത്ത തിരിച്ചടിയായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കുമെന്നായിരുന്നു ചിരാഗിന്റെ വാദം. പക്ഷേ, തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ അതു പൊളി‍ഞ്ഞു. എൽജെപി ടിക്കറ്റിൽ വിജയിച്ച ഏക എംഎൽഎ രാജ്കുമാർ ജെഡിയുവിൽ ചേർന്നതോടെ പാർട്ടിക്കു നിയമസഭയിലുണ്ടായിരുന്ന പ്രാതിനിധ്യവും നഷ്ടമായി. എന്നാൽ തിരഞ്ഞെടുപ്പിൽ പരമാവധി ജെഡിയു സ്ഥാനാർഥികളുടെ പരാജയം ഉറപ്പാക്കുകയെന്ന ചിരാഗിന്റെ ആഗ്രഹം നടന്നു. ബിജെപിക്കും പ്രതിപക്ഷമായ ആര്‍ജെഡിക്കും പിന്നില്‍ മൂന്നാമതായിരുന്നു ജെഡിയുവിന്റെ സ്ഥാനം. ഇതിന്റെ പ്രതികാരമായാണ് എംപിമാരെ അടര്‍ത്തിയെടുത്ത് നിതീഷ് ചിരാഗിനെ ഒറ്റപ്പെടുത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു ശക്തി തെളിയിക്കുന്നതിൽ പരാജയപ്പെട്ട ചിരാഗ് പാസ്വാൻ പിന്നീട് എൻഡിഎയിൽ തിരിച്ചെത്തി കേന്ദ്രമന്ത്രി സ്ഥാനം നേടാൻ ശ്രമിച്ചപ്പോഴും നിതീഷ് കുമാർ ഇടങ്കോലിട്ടു. പിതാവിന്റെ ഒഴിവിൽ കേന്ദ്രമന്ത്രിയാകാനായിരുന്നു ചിരാഗിന്റെ പദ്ധതി. എന്നാൽ, നിതീഷ് കുമാറിനെ പ്രകോപിപ്പിച്ച് ചിരാഗ് പാസ്വാനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തണ്ടെന്നായിരുന്നു ബിജെപിയുടെ തീരുമാനം.

നിലവിൽ ആർജെഡിയുമായി സഖ്യമുണ്ടാക്കാൻ ചിരാഗ് പാസ്വൻ ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ നിതീഷ് കുമാർ ആർജെഡിയുമായി അടുക്കുന്നത് സഖ്യനീക്കത്തിനു തടസ്സമാകും. പിതാവ് റാം വിലാസ് പാസ്വാന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടിയിലേക്ക് ആർജെഡി നേതാവ് തേജസ്വി യാദവിനെ നേരിട്ടുകണ്ടാണ് ചിരാഗ് ക്ഷണിച്ചത്. കഴിഞ്ഞ വർഷം നടന്ന ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ആർജെഡിയുമായി സഖ്യമുണ്ടാക്കാനും ശ്രമിച്ചിരുന്നു.

English Summary: Chirag Paswan predicts another volte face by Bihar CM Nitish Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com