മലയാളി ബാസ്കറ്റ് ബോൾ താരം കെ.സി.ലിതാര ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ

Mail This Article
പട്ന∙ റെയിൽവേയിലെ മലയാളി ബാസ്കറ്റ് ബോൾ താരം കെ.സി.ലിതാരയെ (23) ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കത്തിയചാലി സ്വദേശിനിയാണ്. പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിലായിരുന്നു താമസം.
കോഴിക്കോട്ടു നിന്നു വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്നു ഫ്ലാറ്റ് ഉടമയെ വിവരം അറിയിച്ചു. ഫ്ലാറ്റ് ഉള്ളിൽ നിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ആറു മാസമായി പട്ന ദാനാപുരിലെ ഡിആർഎം ഓഫിസിൽ സേവനമനുഷ്ഠിക്കുകയായിരുന്നു ലിതാര. രാജ്യാന്തര വനിതാ ദിനത്തിൽ ഈസ്റ്റ് സെൻട്രൽ റെയിൽവേ ലിതാരയെ ആദരിച്ചിരുന്നു. മൃതദേഹം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പോസ്റ്റ്മോർട്ടം നടത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary: Basketball player KC Lithara commits suicide